• HOME
  • »
  • NEWS
  • »
  • india
  • »
  • Ghulam Nabi Azad | ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയിലേക്ക് ആരൊക്കെ? ചേരാനൊരുങ്ങി പ്രമുഖ കശ്മീര്‍ നേതാക്കള്‍

Ghulam Nabi Azad | ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയിലേക്ക് ആരൊക്കെ? ചേരാനൊരുങ്ങി പ്രമുഖ കശ്മീര്‍ നേതാക്കള്‍

ആസാദിന്റെ പാര്‍ട്ടിയില്‍ ചേർന്നേക്കാവുന്ന പ്രധാന നേതാക്കളെ പരിചയപ്പെടാം.

  • Last Updated :
  • Share this:
    കോണ്‍ഗ്രസ് വിട്ട ശേഷം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് (ghulan nabi azad) സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പാര്‍ട്ടിയുമായുള്ള ശതാബ്ദങ്ങള്‍ പഴക്കമുള്ള ബന്ധം അവസാനിപ്പിച്ച ആസാദ് അടുത്തിടെ ജമ്മു മേഖലയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുലാം നബി ആസാദിന്റെ രാജിക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള രാജികള്‍ തുടര്‍ച്ചയാകുകയാണ്.

    വെള്ളിയാഴ്ച മുതല്‍ ആസാദിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ മുന്‍ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി ജമ്മു നേതാക്കളും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ സംഘടനയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുന്ന പ്രധാന നേതാക്കളെ പരിചയപ്പെടാം.

    താരാ ചന്ദ് (Tara chand)

    ജമ്മു ജില്ലയിലെ ഛംബ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് താരാ ചന്ദ് മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എയായിട്ടുണ്ട്. ജമ്മു കശ്മീര്‍ നിയമസഭയുടെ സ്പീക്കര്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ദളിത് നേതാവ് കൂടിയായ അദ്ദേഹം 2009 മുതല്‍ 2014 വരെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

    ജിഎം സറൂരി (GM Saroori)

    ഹാജി അബ്ദുള്‍ റഷീദ്, മൊഹമ്മദ് അമിന്‍ ഭട്ട്, ഗുല്‍സാര്‍ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവര്‍ക്കൊപ്പം ഗുലാം നബി ആസാദിനെ പിന്തുണച്ചുകൊണ്ട് ആഗസ്റ്റ് 26 നാണ് ജിഎം സറൂരി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ചത്. ഇപ്പോള്‍ ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ സറൂരി കിഷ്ത്വാര്‍ ജില്ലയിലെ ഇന്‍ഡെര്‍വാള്‍ (ഇപ്പോള്‍ മുഗള്‍ മൈതാനം എന്നറിയപ്പെടുന്നു) മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്. 2003 മുതല്‍ 2008 വരെ ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നു. 2009-10 ല്‍ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    ചൗധരി മുഹമ്മദ് അക്രം (Choudhary mohammed akram)

    ചൗധരി മുഹമ്മദ് അക്രം ജമ്മു കശ്മീരിലെ ഗുജ്ജറുകള്‍ക്കും ബക്കര്‍വാളുകള്‍ക്കും ഇടയില്‍ സ്വാധീനമുള്ള ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. 2014 ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ സുരന്‍കോട്ട് അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ചൗധരി അസ്ലം 17 വര്‍ഷം ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.

    ആര്‍എസ് ചിബ് (RS chib)

    ഗുലാം നബി ആസാദിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവാണ് ആര്‍എസ് ചിബ്. മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ചിബ് ബിജെപി വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2002 ലെ ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുചേത്ഗഡില്‍ നിന്ന് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.

    അബ്ദുള്‍ മജീദ് വാനി Abdul Majid Wani)

    അബ്ദുള്‍ മജീദ് വാനി ദോഡയില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. 2008-ലെ എന്‍സി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നു. 2014-ലെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ വാനി ദോഡയില്‍ ബിജെപിയുടെ ശക്തി പരിഹാറിനോട് അദ്ദേഹം പരാജയപ്പെട്ടു.

    മുന്‍ ജമ്മു കശ്മീര്‍ മന്ത്രിമാരായ മനോഹര്‍ ലാല്‍ ശര്‍മ്മ, ജുഗല്‍ ശര്‍മ്മ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി എന്നിവരും ആസാദിന്റെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്. അതേസമയം, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഗുലാം ഹൈദര്‍ മാലിക്, മുന്‍ എംഎല്‍സിമാരായ കത്വയില്‍ നിന്നുള്ള സുബാഷ് ഗുപ്ത, ഡോഡയില്‍ നിന്നുള്ള ഷാം ലാല്‍ ഭഗത് എന്നിവരുള്‍പ്പെടെ മൂന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി തിങ്കളാഴ്ച കോണ്‍ഗ്രസ് വിട്ടു.
    Published by:Amal Surendran
    First published: