• HOME
 • »
 • NEWS
 • »
 • india
 • »
 • Vijay Nair | ആരാണീ വിജയ് നായർ? എഎപിയുമായും വിവാദ മദ്യനയവുമായി ബന്ധമെന്ത്?

Vijay Nair | ആരാണീ വിജയ് നായർ? എഎപിയുമായും വിവാദ മദ്യനയവുമായി ബന്ധമെന്ത്?

ഡൽഹി സർക്കാർ മദ്യ നയം നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പ്രതി ചേർത്ത 15 പ്രതികളുടെ പട്ടികയിൽ മനീഷ് സിസോദിയയാണ് ഒന്നാമത്.

 • Last Updated :
 • Share this:
  ഡൽഹിയിലെ ആം ആദ്മി സർക്കാർ മദ്യനയം (excise policy) പിൻവലിച്ചതിനു പിന്നാലെ, എഎപിയും (AAP) ബിജെപിയും (BJP) തമ്മിലുള്ള രാഷ്ട്രീയ പോരും മുറുകുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ (​Manish Sisodia) ഗുരുതര ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച 2021-22ലെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ എഎപിയിൽ നിന്നും പുറത്തു വന്ന് ബിജെപിയിൽ ചേർന്നാൽ തനിക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാമെന്ന് ബിജെപി വാ​ഗ്ദാനം ചെയ്തതായി സിസോദിയ പറഞ്ഞതോടെ അതേക്കുറിച്ചുള്ള ചർച്ചകളും ചൂടു പിടിക്കുകയാണ്.

  ''എനിക്ക് ബിജെപിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു- എഎപിയിൽ നിന്നും പുറത്തു വന്ന് ബിജെപിയിൽ ചേരാൻ. അങ്ങനെ ചെയ്താൽ നിങ്ങൾക്കെതിരെയുള്ള സിബിഐയുടെയും ഇഡിയുടെയും എല്ലാ കേസുകളും അവസാനിപ്പിച്ചതായി ഞങ്ങൾ ഉറപ്പാക്കും എന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. ബിജെപിക്കുള്ള എന്റെ മറുപടി ഇതാണ് - ഞാൻ മഹാറാണാ പ്രതാപിന്റെയും രജപുത്രന്റെയും പിൻഗാമിയാണ്. തലപോയാലും പ്രശ്നമില്ല, പക്ഷേ ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കാനാവില്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുക'', മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

  ഡൽഹി സർക്കാർ മദ്യ നയം നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പ്രതി ചേർത്ത 15 പ്രതികളുടെ പട്ടികയിൽ മനീഷ് സിസോദിയയാണ് ഒന്നാമത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സിസോദിയ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെന്‍ഡറുകള്‍ നല്‍കിയതിന് ശേഷം മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് സിസോദിയക്കെതിരായ ആരോപണം.

  read also: പത്മ പുരസ്‌കാരം 2023: ഓണ്‍ലൈന്‍ നാമനിർദേശം 2022 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

  മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എട്ടു പേർക്കെതിരെ ലുക്ക്ഔട്ട് സർക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരിൽ, നിരവധി സ്റ്റാൻഡ്-അപ്പ് കോമഡിയൻമാരുമായും അവരുമായി ബന്ധപ്പെട്ട കമ്പനികളുമായും അടുത്ത ബന്ധമുള്ള വിജയ് നായർ (Vijay Nair) എന്ന പേരാണ് ഏറെ ശ്രദ്ധ നേടുന്നത്. ദേശീയ തലത്തിൽ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അഴിമകിക്കേസിൽ ഉൾപ്പെട്ട വിജയ് നായർ ആരാണ്?

  വ്യവസായിയും ഒൺലി മച്ച് ലൗഡർ (ഒഎംഎൽ) എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒയുമാണ് വിജയ് നായർ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാബിൾഫിഷ്, മദർസ്വെയർ തുടങ്ങിയ സ്ഥാപനങ്ങളുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സംഗീതോത്സവങ്ങളായ ഇൻവേഷൻ ഫെസ്റ്റിവൽ, ബകാർഡി എൻഎച്ച് 7 വീക്കെൻഡർ, എന്നിവയുടെയും ടെലിവിഷൻ ഷോ ആയ ദ ദേവറിസ്റ്റ്റ്റ്സിന്റെയും സംഘാടകൻ കൂടിയാണ് വിജയ് നായർ.

  see also: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ചാവേറാക്രമണത്തിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ട ISIS ചാവേറിനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്

  സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, 2021-22 വർഷത്തേക്കുള്ള ഡൽഹിയിലെ മദ്യ നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നായർക്കും പങ്കുണ്ട്. ആരോപണ വിധേയരായവരിൽ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളും, ഉദ്യോഗസ്ഥനോ മദ്യവ്യാപാരിയോ അല്ലാത്ത ഒരേയൊരു വ്യക്തിയും വിജയ് നായരാണ്. നിരവധി സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെയും സിബിഐ നിരീക്ഷിച്ചു വരികയാണെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് നായർക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെങ്കിലും, 2020 ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇയാൾ പ്രചാരണം നടത്തുകയും 2019 ൽ എഎപിയുടെ പാർട്ട് ടൈം വോളന്റിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അസോസിയേറ്റ് അർജുൻ പാണ്ഡെ ഒരിക്കൽ വിജയ് നായർക്ക് വേണ്ടി ഇൻഡോ സ്പിരിറ്റ്‌സിന്റെ ഉടമ സമീർ മഹേന്ദ്രുവിൽ നിന്ന് ഏകദേശം 2 മുതൽ 4 കോടി രൂപ വരെ പിരിച്ചെടുത്തു എന്നും വിജയ് നായർ ഈ പണം നൽകിയത് കേസിലെ പ്രതികളായ പൊതുപ്രവർത്തകർക്കാണ് എന്നും എഫ്ഐആറിൽ പറയുന്നു.

  നായരുമായുള്ള ബന്ധത്തെച്ചൊല്ലിയും ബി.ജെ.പി എഎപിയെ കടന്നാക്രമിക്കുന്നുണ്ട്. ''സിസോദിയ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു, എന്നാൽ അഞ്ചാം പ്രതിയായ വിജയ് നായരെ കുറിച്ച് ചോദിച്ചപ്പോൾ സിസോദിയ അസ്വസ്ഥനാകുകയും ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. എക്സൈസ് കുംഭകോണത്തിലെ 16 പേർ അടങ്ങിയ പട്ടികയിലെ ബിസിനസുകാരൻ കെജ്രിവാളുമായി അടുപ്പമുള്ളയാളാണെന്ന് പറയപ്പെടുന്നു. ആരാണ് ഈ നായർ?"

  വിജയ് നായർ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ മാത്രമാണെന്ന് 2019ൽ എഎപി എംഎൽഎ അതിഷി മർലേന കാരവൻ മാസികയോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം അങ്കിത് ലാൽ ഈ വാദം തള്ളുകയാണുണ്ടായത്. ആറു വർഷത്തിലേറെയായി എഎപിയുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിക്കുന്നുണ്ടെന്നും ഡിജിറ്റൽ കാമ്പെയ്‌നുകളുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ മെനയുന്നതിൽ സഹായിച്ചുവെന്നും അതിഷി കാരവനോട് പറഞ്ഞിരുന്നു.

  വിജയ് നായരുടെ പേര് പുറത്തു വന്നതോടെ, ഇയാളുമായി ബന്ധമുള്ളയാളും വീർദാസ് കോമഡിയുടെ സംവിധായകനുമായ ഹാസ്യനടൻ വീർ ദാസിന്റെ (Vir Das) പേരും ഈ സംഭവ പരമ്പരകളോടു ചേർന്ന് ഉയർന്നു വരുന്നുണ്ട്.

  വിജയ് നായരുടെ ഒൺലി മച്ച് ലൗഡർ, മദേഴ്‌സ് വെയർ, ബബ്ബൾഫിഷ് എന്നീ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തിന് പരോക്ഷമായി ബന്ധമുള്ള കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

  ആ​ഗസ്റ്റ് 19 ന് നടത്തിയ റെയ്ഡിൽ വിജയ് നായരെ കാണാനില്ലെന്നായിരുന്നു സിബിഐ പറഞ്ഞത്. നായർ ഉൾപ്പെടെ സിസോദിയയുടെ രണ്ട് കൂട്ടാളികൾ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ടതായി ഡൽഹി ബിജെപി എംപി പർവേഷ് വർമയും വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. എന്നാൽ താൻ രാജ്യം വിട്ടിട്ടില്ലെന്നും വ്യക്തിപരമായ ജോലികൾ കാരണം ആഴ്ചകളോളം വിദേശത്തായിരുന്നുവെന്നും വിജയ് നായർ പിന്നീട് വ്യക്തമാക്കിയിരുന്നു. സിബിഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

  എന്താണ് 2021-22ലെ മദ്യ നയം ?

  പുതിയ മദ്യ നയം കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കി. ഡല്‍ഹിയില്‍ പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍/ഏരിയകള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനും നയത്തില്‍ അനുവാദം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മദ്യം വില്‍ക്കുന്നതിനു പകരം കിഴിവുകള്‍ നല്‍കാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും അനുവദിച്ചു. തുടര്‍ന്ന് വില്‍പ്പനക്കാര്‍ ഡിസ്‌കൗണ്ടുകള്‍ നൽകാന്‍ തുടങ്ങി. ഇത് ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകള്‍ പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിന്‍വലിക്കുകയും ചെയ്തു.
  Published by:Amal Surendran
  First published: