• HOME
 • »
 • NEWS
 • »
 • india
 • »
 • Yashwant Sinha| IAS ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ, 84ാം വയസില്‍ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി: യശ്വന്ത് സിൻഹ

Yashwant Sinha| IAS ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ, 84ാം വയസില്‍ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി: യശ്വന്ത് സിൻഹ

രണ്ട് പതിറ്റാണ്ടുകാലത്തോളം സിവിൽ സർവീസില്‍. പിന്നീട് ഐഎഎസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങി. ഇപ്പോൾ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയുമായി

യശ്വന്ത് സിൻഹ

യശ്വന്ത് സിൻഹ

 • Share this:
  ന്യൂഡൽഹി: ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തി. പിന്നീട് കേന്ദ്ര ധന, വിദേശകാര്യ മന്ത്രിയായി. ഇപ്പോൾ 84ാം വയസിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയായിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള യശ്വന്ത് സിൻഹ (Yashwant Sinha). കോണ്‍ഗ്രസും സിപിഎമ്മും അടക്കം 17 പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാർഥിയാണ് അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.

  ബിഹാറിൽ നിന്നുള്ള ഐഎഎസുകാരൻ

  1937ൽ ബിഹാറിലെ പടനയിൽ ജനനം. 1958ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. 1962 വരെ പട്ന സർവകലാശാലയിൽ അധ്യാപകൻ. 1964ൽ സിവിൽ സർവീസ് നേടി. രണ്ട് പതിറ്റാണ്ടുകാലത്തെ സർവീസ് കാലയളവിനിടെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചു. ബിഹാർ ധനകാര്യ വകുപ്പിൽ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയുമായി 2 വർഷം സേവനമനുഷ്ഠിച്ചു, അതിനുശേഷം അദ്ദേഹം വാണിജ്യ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചു.

  1971 മുതൽ 1973 വരെ ജർമ്മനിയിലെ ബോണിലുള്ള ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറി (കൊമേഴ്സ്യൽ) ആയിരുന്നു. തുടർന്ന്, അദ്ദേഹം 1973 മുതൽ 1974 വരെ ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസൽ ജനറലായി പ്രവർത്തിച്ചു. അതിനുശേഷം, ബിഹാർ സംസ്ഥാന ഗവൺമെന്റിലെ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ വകുപ്പിലും വിദേശ വ്യാവസായിക സഹകരണം, സാങ്കേതിക ഇറക്കുമതി, ബൗദ്ധിക സ്വത്തവകാശം, വ്യാവസായിക അനുമതികൾ എന്നിവ കൈകാര്യം ചെയ്യുന്ന ഇന്ത്യാ ഗവൺമെന്റിന്റെ വ്യവസായ മന്ത്രാലയത്തിലും അദ്ദേഹം പ്രവർത്തിച്ചു.

  Also Read- Draupadi Murmu| ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ വനിത; ദ്രൗപദി മുർമു

  പിന്നീട് 1980 മുതൽ 1984 വരെ ഉപരിതല ഗതാഗത മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം, റോഡ് ഗതാഗതം, തുറമുഖങ്ങൾ, ഷിപ്പിംഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതലകൾ. 1984ൽ അദ്ദേഹം സർവീസിൽ നിന്ന് രാജിവച്ചു.

  രാഷ്ട്രീയ അരങ്ങേറ്റം ജനതാ പാർട്ടിയിൽ

  1984 ൽ സിവിൽ സർവീസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1986 ൽ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും 1988 ൽ രാജ്യസഭാ എം പിയുമായി. 1989 ൽ ജനതാദൾ രൂപവത്കരിച്ചപ്പോൾ സ്ഥാപകനേതാക്കളിൽ ഒരാളായ സിൻഹയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കി.

  ജനതാദളിനെ വിഭജിച്ച് ചന്ദ്രശേഖർ സമാജ്‍വാദി ജനതാപാർട്ടി രൂപവത്കരിച്ചപ്പോൾ സിൻഹ അദ്ദേഹത്തൊടൊപ്പം ചേർന്നു. 1990 നവംബർ മുതൽ 1991 ജൂൺവരെ നീണ്ട ചന്ദ്രശേഖർ സർക്കാരിൽ ധനമന്ത്രിയുമായി. ബിജെപിയായിരുന്നു അടുത്ത ഊഴം. 1998 ൽ വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായി. അഴിമതിക്കേസിൽ യുടിഐ ചെയർമാനെ അറസ്റ്റുചെയ്തതിന് തൊട്ടുപിന്നാലെ, 2002 ൽ സിൻഹയെ ധനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് വിദേശകാര്യമന്ത്രിയായി നിയമിതനായി.

  തൃണമൂലിൽ

  2014‌ നുശേഷം ദേശീയതലത്തിൽ ബിജെപി രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെ കുത്തൊഴുക്കിൽ മറ്റുപലർക്കുമെന്നപോലെ യശ്വന്ത് സിൻഹയ്ക്കും കാലിടറി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ ഹസാരിബാഗ് മണ്ഡലത്തിൽ സിൻഹയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. പകരം മകൻ ജയന്ത് സിൻഹയ്ക്ക് സീറ്റുനൽകിയെങ്കിലും യശ്വന്ത് സിൻഹ പിണക്കം തുടർന്നു. 2018 ൽ ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. 2021 ൽ തൃണമൂൽ കോൺഗ്രസിൽ അംഗമായി.

  സജീവരാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും പാർട്ടിയിൽ സ്ഥാനമാനങ്ങളേറ്റെടുക്കാനോ ഇനിയില്ല എന്നായിരുന്നു ബിജെപിയിൽനിന്ന് പടിയിറങ്ങുമ്പോൾ പട്‌നയിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനം. എന്നാൽ, മൂന്നുവർഷം തികയുംമുമ്പ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേക്കേറി, ആ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. തൃണമൂൽ അംഗത്വം ചൊവ്വാഴ്ച രാജിവെച്ച സിൻഹ 84ാം വയസ്സിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളുടെ പൊതുസ്ഥാനാർഥിയായി.
  Published by:Rajesh V
  First published: