• HOME
  • »
  • NEWS
  • »
  • india
  • »
  • President| ആരാകും അടുത്ത രാഷ്ട്രപതി? ആരിഫ് മുഹമ്മദ് ഖാനും ബിജെപി പരിഗണനയിലെന്ന് സൂചന

President| ആരാകും അടുത്ത രാഷ്ട്രപതി? ആരിഫ് മുഹമ്മദ് ഖാനും ബിജെപി പരിഗണനയിലെന്ന് സൂചന

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗിനെയും അർജുൻ മുണ്ടയെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പോലെ തവർ ചന്ദ് ഗെഹ്ലോട്ടിനെയും ആരിഫ് മുഹമ്മദ് ഖാനെയും പരിഗണിക്കുന്നുണ്ട്.

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ (President Ramnath Kovind) കാലാവധി ജൂലൈയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ തേടിയുളള ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും (Arif Mohammad Khan) ബിജെപി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് (M Venkaiah Naidu) പാർട്ടിയുടെ പരിഗണനയിലുള്ള പ്രധാന പേരെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

    വെങ്കയ്യ നായിഡു

    വെങ്കയ്യ നായിഡുവിന്‌റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും പാർട്ടിയോ ആർഎസ്എസോ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ പരമോന്നത ഭരണഘടനാ സ്ഥാനത്തേക്ക് അനുകൂലിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. മുൻ ബിജെപി അധ്യക്ഷനായ നായിഡു ഒരിക്കലും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ഉറച്ച പിന്തുണയുള്ള നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഉള്ള അദ്ദേഹത്തിന്റെ ബന്ധം കഴിഞ്ഞ ഒരു വർഷമായി മോശമായതായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും, സ്വാഭാവികമായും തന്റെ സീനിയോറിറ്റിക്കും വിശ്വസ്തതയ്ക്കും പ്രതിഫലം ലഭിക്കണമെന്ന് നായിഡു ആഗ്രഹിക്കുന്നുവെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നായിഡുവിന് പകരം പുതിയയാൾ വന്നേക്കും.

    ഗോത്രവർഗ വനിതാ നേതാക്കൾ

    ഗോത്രവർഗ വനിതാ നേതാക്കളായ അനുസൂയ ഉയികേ (ഛത്തീസ്ഗഢ് ഗവർണർ), ദ്രൗപതി മുർമു (മുൻ ജാർഖണ്ഡ് ഗവർണർ) എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നുള്ള വനിതയാണ് ഉയികേ. സംസ്ഥാനത്തും കേന്ദ്രത്തിലും അവർ പട്ടികവർഗ കമ്മീഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് ഒഡീഷ സർക്കാരിൽ മന്ത്രിയായിരുന്ന മുർമു, സംസ്ഥാനത്തെ ആദിവാസി ജില്ലയായ മയൂർഭഞ്ചിൽ നിന്നാണ് വരുന്നത്. രണ്ട് നേതാക്കളും രാജ്യത്തെ ജനസംഖ്യയുടെ 9 ശതമാനത്തോളം വരുന്ന ഗോത്രവർഗ സമുദായ അംഗങ്ങളാണ്.

    തവർ ചന്ദ് ഗെഹ്‌ലോട്ടും ആരിഫ് മുഹമ്മദ് ഖാനും

    ഉയികേക്കും മുർമുവിനും പുറമെ പ്രചാരത്തിലുള്ള മറ്റ് രണ്ട് പേരുകൾ കർണാടക ഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ടിന്റെയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും ആണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ഗെഹ്ലോട്ട് ബിജെപിയുടെ മുതിർന്ന ദളിത് മുഖവും രാജ്യസഭയിലെ പാർട്ടി നേതാവുമായിരുന്നു. ലിബറൽ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ കടുത്ത ഹിന്ദുത്വ നിലപാടിന് വിരുദ്ധമായേക്കാമെന്ന ആശങ്കയുമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗിനെയും അർജുൻ മുണ്ടയെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പോലെ ഗെഹ്ലോട്ടിനെയും ഖാനെയും പരിഗണിക്കുന്നുണ്ട്.

    ഉത്തർപ്രദേശിൽ നിന്നുള്ള താക്കൂർ വിഭാഗക്കാരനായ രാജ്‌നാഥ് സിംഗ് രണ്ട് തവണ ബിജെപി അധ്യക്ഷനായിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രിക്ക് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്ററി അനുഭവമുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കൃഷിമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. ഉപരാഷ്ട്രപതി എന്ന നിലയിൽ, രാജ്യസഭാ നടപടികൾ നടത്തുന്നതിന് സിംഗിന്റെ അനുഭവപരിചയം സഹായകമാകും.

    ബിജെപിയുടെ ആകെ വോട്ടുകൾ

    17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ബിജെപിയാണ് അധികാരത്തിലുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ ആകെ 10,98,903 വോട്ടുകളാണുള്ളത്. 6,264 വോട്ട് മൂല്യമുള്ള ജമ്മു കശ്മീർ നിയമസഭ സസ്പെൻഡ് ചെയ്തതോടെ ഭൂരിപക്ഷത്തിന് വേണ്ടത് 5,46,320 വോട്ടായി കുറഞ്ഞു. ബിജെപിക്ക് 4,65,797 വോട്ടുകളും സഖ്യകക്ഷികൾക്ക് 71,329 വോട്ടുകളുമാണുള്ളത്. ആകെ 537,126 വോട്ടുകൾ. 9,194 വോട്ടുകളുടെ കുറവ്.

    പതിവുപോലെ, സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതില്‍ ഈ സംഖ്യ നിർണായകമാകും. 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയും ആർഎസ്എസും ദളിത് നേതാവായ രാംനാഥ് കോവിന്ദിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ദളിത് സമുദായങ്ങൾക്കിടയിൽ കേഡർ കെട്ടിപ്പടുക്കാൻ ബിജെപി ശ്രമിക്കുന്ന സമയമാണിതെന്ന് വിശകലന വിദഗ്ധർ പറയുന്നു. കെ.ആർ നാരായണന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന രണ്ടാമത്തെ ദളിതനാണ് കോവിന്ദ്.

    പിന്നാക്ക സമുദായങ്ങളുടെ മഴവില്ല് കൂട്ടുകെട്ടുകൾ തുന്നിച്ചേർക്കുന്നതിലും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിലും ബി ജെ പി സമർത്ഥരാണെന്ന് 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളും നിയമസഭാ തെരഞ്ഞെടുപ്പുകളും കാണിക്കുന്നു. ബിജെപി അതിന്റെ തെരഞ്ഞെടുപ്പു അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം തുടരുമ്പോൾ, എസ്‌സി/എസ്ടി വിഭാഗങ്ങൾ, ഒബിസികൾ, സ്ത്രീകൾ, യുവാക്കൾ എന്നിവരോടുള്ള അവരുടെ സംവേദനക്ഷമത പ്രകടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് പാർട്ടിയുടെ രാഷ്ട്രീയ നിയമനങ്ങളെ വിശകലന വിദഗ്ധർ കാണുന്നത്.

    തെരഞ്ഞെടുപ്പ് ജൂലൈയിൽ

    ജൂൺ പകുതിയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെടുകയും ഒരു മാസത്തിന് ശേഷം വോട്ടെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് പതിവ്. ഇതിന് പിന്നാലെയാണ് രാജ്യസഭാ ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ഭൂമിശാസ്ത്രപരമായി പ്രാതിനിധ്യം കുറഞ്ഞവരിൽ നിന്നുള്ള ഒരാളെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ തവണത്തെപ്പോലെ ശക്തമായ സൂചന നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപിയിലെ ഉന്നത വൃത്തങ്ങൾ പറയുന്നു. ബിജെപി, സംഘ നേതാക്കൾ നോമിനികളുടെ അന്തിമ പട്ടികയ്ക്കായി പേരുകൾ പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. പ്രാദേശിക നേതാക്കളുടെ, പ്രത്യേകിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായവും പരിഗണിക്കപ്പെടാനാണ് സാധ്യത. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കും.

    അതേസമയം, പ്രതിപക്ഷ പാർട്ടികൾ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് യാഥാർത്ഥ്യമാകുമോ എന്നത് മമത ബാനർജി, എം.കെ. സ്റ്റാലിൻ, ഉദ്ധവ് താക്കറെ, കെ. ചന്ദ്രശേഖർ റാവു എന്നിവരുടെ നിലപാടുകളെ ആശ്രയിച്ചാകും.
    Published by:Rajesh V
    First published: