• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി ആർക്കൊപ്പം? വോട്ടെടുപ്പ് ശനിയാഴ്ച

ഡൽഹി ആർക്കൊപ്പം? വോട്ടെടുപ്പ് ശനിയാഴ്ച

കെജരിവാൾ തന്നെ നയിക്കുമോ? അതോ രാജ്യ തലസ്ഥാനവും ബിജെപി പിടിക്കുമോ? ഇതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്ന ചോദ്യം.

News 18

News 18

  • Share this:
ന്യൂഡൽഹി: രാജ്യതലസ്ഥാനം നിർണായക വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ആംആദ്‌മി പാർട്ടിയും അരവിന്ദ് കെജരിവാളും തുടർന്നും ഡൽഹിയെ നയിക്കുമോ? അതോ രാജ്യ തലസ്ഥാനവും ബിജെപി പിടിക്കുമോ? ഇതാണ് ഇപ്പോൾ ഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്ന ചോദ്യം. ഡൽഹി രാഷ്ട്രീയം മാത്രമല്ല ഈ ചോദ്യത്തിന് ഉത്തരം നൽകുക. അയൽപക്കക്കാരായ ഉത്തർപ്രദേശ്, ഹരിയാന, കുറച്ചകലെയുള്ള ബിഹാറും തെക്കേയറ്റത്തെ കേരളവും ഉൾപ്പെടെ അഞ്ചോ ആറോ സംസ്ഥാനങ്ങളിലെ രാഷ്ട്രീയവും ഈ ചോദ്യത്തിനുള്ള മറുപടിയിൽ പ്രധാനമാണ്.

സർവെകൾ ആപിനൊപ്പം

വിവിധ ഏജൻസികളും ന്യൂസ് ചാനലുകളും വോട്ടർമാരുടെ മനസറിയാൻ ശ്രമം നടത്തി. ഇതിൽ ദേശീയ വാർത്താ ചാനലുകളും പ്രാദേശിക ചാനലുകളും ഉൾപ്പെടും. ദേശീയ ചാനലുകൾ  ഏജൻസികളുടെ സഹായത്തോടെയും പ്രാദേശിക ചാനലുകള്‍ സ്വന്തം നിലയ്ക്കുമാണ് ജനഹിതം പരിശോധിച്ചത്. രണ്ട് കൂട്ടരും നടത്തിയ സർവെകളിലെ ഫലം പക്ഷെ ഏതാണ്ട് ഒന്നു തന്നെ. ആംആദ്‌മി പാർട്ടി വീണ്ടും ഡൽഹി ഭരിക്കും. വെറുതെയല്ല കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്തിത്തന്നെ തിരികെയെത്തും.

ഏഴുപതില്‍, അൻപത് മുതൽ അൻപത്തിയാറു സീറ്റുകൾ വരെയാണ് സർവെകള്‍ ആംആദ്‌മി പാർട്ടിക്ക് പ്രവചിക്കുന്നത്. ബിജെപിക്ക് പതിനഞ്ചിൽ താഴെയും. കോൺഗ്രസ് സംപൂജ്യരാകുമെന്ന് പ്രവചിക്കുന്ന സർവെകളുമുണ്ട്.

സീറ്റുകളുടെ എണ്ണത്തെക്കാൾ വോട്ട് ശതമാനമാണ് പ്രധാനം. അവസാന നിമിഷങ്ങളിൽ നാലോ അഞ്ചോ ശതമാനം വോട്ട് മറിഞ്ഞാൽ തെരഞ്ഞെടുപ്പ് ഫലം തലകീഴായ് മറിയും. പക്ഷെ ഡൽഹി പ്രവചനങ്ങളിൽ ആ സാധ്യതയ്ക്കും ഇടം നൽകുന്നില്ല. ആംആദ്‌മി പാർട്ടിക്ക് അൻപത്തി രണ്ട് ശതമാനത്തിന് മുകളിൽ വോട്ട് കിട്ടുമെന്നാണ് പ്രവചനം. ബിജെപിക്ക് പരമാവധി മുപ്പത്തിയഞ്ചു ശതമാനവും. അതായത് ആംആദ്‌മി പാർട്ടിയുടെ ഇപ്പോഴത്തെ ആത്മവിശ്വാസം അട്ടിമറിക്കണമെങ്കിൽ ബിജെപിക്ക് ചെറിയ പണിയെടുത്താൽ പോരെന്നു സാരം.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ ബിജെപി, വികസന അജണ്ടയുമായി കെജരിവാൾഉയർത്തികാട്ടാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്നതാണ് ഡൽഹിയിൽ ബിജെപിയുടെ പ്രധാന പ്രതിസന്ധി. കെജരിവാളിന് പകരം ആരെന്ന് ചോദിച്ചാൽ ബിജെപി നേതൃത്വം ഉരുണ്ടുകളിക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് രീതിയെന്നതാണ് മറുപടി. രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും ഏറ്റവും അവസാനം മഹാരാഷ്ട്രയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങി തിരിച്ചടി നേരിട്ടകാര്യം ഓർമ്മിക്കാതെയല്ല നേതാക്കൾ ഇങ്ങനെ വിഷയം മാറ്റുന്നത്. പേരിന് പോലും പറയാൻ ഒരു നേതാവില്ലെന്നത് തന്നെ കാര്യം. സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിക്ക് സ്വന്തം നാട്ടുകാരായ പൂർവ്വാഞ്ചലികളുടെ പൂർണ പിന്തുണ പോലും ഉറപ്പാക്കാനായിട്ടില്ല. മറുവശത്ത് കെജരിവാളാകട്ടെ തന്റെ സർക്കാരിന്റെ അഞ്ചു വർഷത്തെ പ്രവർത്തനത്തിലൂന്നിയുള്ള കൃത്യതയാർന്ന പ്രചാരണമാണ് നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പോലും കെജരിവാളിനുള്ള പിന്തുണ വർധിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാൻ, മതസൗഹാർദ്ദം നിലനിറുത്താൻ, നല്ല ഭരണം കാഴ്ചവയ്ക്കാൻ ആംആദ്‌മി പാർട്ടിയെയാണ് അഭിപ്രായ സർവ്വേകളിലെല്ലാം വോട്ടർമാർ തെരഞ്ഞെടുത്തത്. ഈ വിഷയങ്ങളിലെല്ലാം അൻപത് ശതമാനത്തിനടുത്താണ് ആംആദ്‌മി പാർട്ടിക്ക് ലഭിച്ച പിന്തുണ.

ഏകമന്ത്രം ഷഹീൻ ബാഗ്

ദക്ഷിണ ഡൽഹിയിലെ ജാമിയ നഗറിലുള്ള ഷഹീൻ ബാഗാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ വജ്രായുധം. ഡിസംബർ പതിനഞ്ചു മുതൽ ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുകയാണ്. പന്തലിട്ട് സ്ത്രീകൾ മുന്നിൽ നിന്ന് നടത്തുന്ന പ്രതിഷേധ ധർണ. ഈ ധർണയ്ക്കായി വിദേശത്ത് നിന്നടക്കം പണം മുസ്ലീം സംഘടനകളെ എത്തിക്കുന്നെന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് ഈ പ്രതിഷേധക്കാർ തീവ്രവാദികളായി. പ്രതിഷേധക്കാർക്ക് നേരെ പരസ്യമായി വെടിയുതിർത്ത വ്യക്തി ബിജെപിയുടെ പ്രചാരണ വേദികളിൽ ആംആദ്‌മി പാർട്ടിക്കാരനായി.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. കെജരിവാൾ നിരത്തിയ ഭരണനേട്ടങ്ങളെ പരിഹസിക്കാനും അമിത്ഷാ മറന്നില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി പതിനഞ്ചു ലക്ഷം സിസിടിവി ക്യാമറകൾ വയ്ക്കുമെന്ന് കഴിഞ്ഞ തവണ നൽകിയ വാഗ്‌ദാനത്തിനെതിരെയാണ് പരിഹാസം ഏറെയും. രണ്ടു ലക്ഷം ക്യാമറകൾ സ്ഥാപിച്ചുവെന്ന് കെജരിവാള്‍ മറുപടി നൽകി. ഡൽഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് സുരക്ഷക്രമീകരണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ പരിഹസിക്കുന്നതെന്നതാണ് അതിവിചിത്രം.

ഭൂരിപക്ഷം ഡൽഹിനിവാസികൾക്കും സൗജന്യ പൈപ്പ് വെള്ളം നൽകി എന്ന കെജരിവാളിന്റെ പ്രചാരണത്തിന് ഇനി ഇക്കാര്യം മോദി നോക്കിക്കൊള്ളുമെന്നാണ് അമിത്ഷായുടെ മറുപടി. സർക്കാർ സ്കൂളുകളില്‍ തൊന്നൂറ്റി അഞ്ചു ശതമാനം വിജയം ഉറപ്പാക്കിയെന്ന് കെജരിവാൾ പറയുമ്പോൾ എഴുപത്തി അയ്യായിരത്തിലധികം കുട്ടികളെ തോൽപ്പിച്ചാണ് ഈ വിജയം നേടിയതെന്ന് ബിജെപിയുടെ പരിഹാസം. ഇങ്ങനെ ഭരണ നേട്ടമുയർത്തി കെജരിവാൾ പ്രചാരണം മുറുക്കിയപ്പോൾ പരിഹസിച്ച് മുട്ടുകുത്തിക്കാനായിരുന്നു അമിത് ഷായുടേയും ബിജെപിയുടേയും ശ്രമം.

കോൺഗ്രസിന്റെ കാര്യം മറന്നതല്ല

ആംആദ്‌മി പാർട്ടിയും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രം പറഞ്ഞ് കോൺഗ്രസിനെ ഒഴിവാക്കിയെന്ന് കരുതരുത്. മറന്നതുമല്ല. പറയാൻ ഒന്നുമില്ലാത്തത് കൊണ്ട് അവസാന ഭാഗത്തേക്ക് മാറ്റിവച്ചതാണ്. പാർട്ടിയെ നയിക്കാൻ ഒരു സംസ്ഥാന അധ്യക്ഷൻ പോലുമില്ലാതെയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. ഷീല ദീക്ഷിത് സർക്കാരിൽ മന്ത്രിമാരായിരുന്ന എ.കെ.വാലിയ, കൃഷ്ണ തിരത്, ഹാരൂൺ യൂസഫ്, അർവിന്ദ് സിങ് ലവ്ലി തുടങ്ങിയ പഴയ പടക്കുതിരകളെയെല്ലാം രംഗത്തിറക്കിയിട്ടുണ്ടെങ്കിലും പരമാവധി രണ്ട് സീറ്റാണ് പ്രവചനം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഇരുപത്തി രണ്ടര ശതമാനം വോട്ട് ലഭിച്ചതിന്റെ അവേശത്തിലാണ് കോൺഗ്രസ് ആർജെഡിയേയും കൂട്ടി മത്സരിക്കാനിറങ്ങിയത്.

2015ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 9.7 ശതമാനമായിരുന്നു കോൺഗ്രസിന് ലഭിച്ച വോട്ട്. ഒരു സീറ്റ് പോലും നേടാനായതുമില്ല. മോദിയും രാഹുലും ഏറ്റുമുട്ടിയ ലോകസഭ തെരഞ്ഞെടുപ്പിൽ അരിവന്ദ് കെജരിവാൾ പരാമർശ വിഷയം പോലുമായില്ല. അത് കോൺഗ്രസ് മറന്നു പോയോ എന്നറിയില്ല. കാരണം കെജരിവാളിനും ആംആദ്‌മി പാർട്ടിക്കും 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച 54.3 ശതമാനത്തിനടുത്തു തന്നെയാണ് ഇപ്പോൾ നടന്ന സർവെകളിലും ലഭിച്ച പിന്തുണ. 2015ൽ ബിജെപിക്ക് ലഭിച്ചത് 32.2 ശതമാനം വോട്ട്. പ്രവചനങ്ങളിലും അവിടെ തന്നെ നിൽക്കുകയാണ് ബിജെപിയുടെ ജനപിന്തുണ.

അഞ്ചു വർഷം ഭരിച്ചിട്ടും ജനപിന്തുണ കുറയാത്ത കെജരിവാൾ സർക്കാർ. നരേന്ദ്രമോദിയുടെ പേരിൽ പോലും ജനപിന്തുണ ഉയർത്താനാകാത്ത ബിജെപി. ഇവർക്കിടയിൽ നാഥനില്ലാത്ത കോൺഗ്രസ്. ഡൽഹിയിൽ വോട്ടെടുപ്പിന് മുമ്പ് പിന്തുണ ആംആദ്‌മി പാർട്ടിക്ക് തന്നെയാണ്. വോട്ടെടുപ്പ് കഴിയുമ്പോൾ എന്താകുമെന്ന് കാത്തിരുന്നു കാണണം.

Also Read 'പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകളിൽപ്പെട്ടവർ'; കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി
Published by:Aneesh Anirudhan
First published: