• HOME
  • »
  • NEWS
  • »
  • india
  • »
  • ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികൾ ജീവനൊടുക്കുന്നത് എന്തുകൊണ്ട്? വീഴ്ച്ച പറ്റുന്നത് ആർക്ക്?

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികൾ ജീവനൊടുക്കുന്നത് എന്തുകൊണ്ട്? വീഴ്ച്ച പറ്റുന്നത് ആർക്ക്?

എന്ത് സമ്മര്‍ദ്ദമാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നതെന്ന് പരിശോധിക്കാം.

  • Share this:

    ന്യൂഡല്‍ഹി: വിവിധ തലങ്ങളിലെ സമ്മര്‍ദ്ദം അതിജീവിച്ചാണ് ഓരോ വിദ്യാര്‍ത്ഥിയും വിവിധ പ്രവേശനപരീക്ഷകളെ നേരിടുന്നത്. എന്നാല്‍ കോഴ്സിന് പ്രവേശനം നേടിയതിന് ശേഷമുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് കുറയുന്നതായി ഈയടുത്ത് നടന്ന ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഐഐടി ബോംബെ, ഐഐടി മദ്രാസ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത് ഈ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കണമെന്നാണ് അധ്യാപകരുള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത്. എന്ത് സമ്മര്‍ദ്ദമാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നതെന്ന് പരിശോധിക്കാം.

    വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുമ്പോള്‍ – ചില വസ്തുതകൾ

    ഫെബ്രുവരി 12നാണ് ഐഐടി ബോംബെയിലെ കെമിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കി ജീവനൊടുക്കിയത്. കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ജീവിതം അവസാനിപ്പിച്ചത്.

    അഹമ്മദാബാദിലെ ഒരു ദളിത് കുടുംബാംഗമാണ് ദര്‍ശന്‍. ക്യാംപസിലെ ജാതിവിവേചനമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തത് എന്നാണ് മതാപിതാക്കളുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോളേജ് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

    Also read-ഗൂഗിളിൽ തിരഞ്ഞത് ‘എങ്ങനെ വേദനയില്ലാതെ മരിക്കാം?’ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി പൊലീസ്

    അതേസമയം ഫെബ്രുവരി 13ന് മദ്രാസ് ഐഐടിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജീനിയറിംഗില്‍ റിസര്‍ച്ച് ചെയ്യുന്ന സ്റ്റീഫന്‍ സണ്ണി എന്ന വിദ്യാര്‍ത്ഥിയാണ് ഇവിടെ ജീവനൊടുക്കിയത്. ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയിലാണ് സ്റ്റീഫന്റെ മൃതദേഹം കണ്ടെത്തിയത്.

    അന്നേ ദിവസം തന്നെ മദ്രാസ് ഐഐടിയിലെ മറ്റൊകു ബിടെക് വിദ്യാര്‍ത്ഥിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ഈ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

    എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥിരമാകുകയാണ് എന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറച്ചുനാള്‍ മുമ്പാണ് രാജസ്ഥാനിലെ കോട്ടയിലെ കോച്ചിംഗ് സെന്ററില്‍ എന്‍ജീനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി എത്തിയ 4 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു. അതില്‍ മൂന്ന് പേരും ജീവനൊടുക്കിയത് ഒരേ ദിവസമായിരുന്നു. 2022 ഡിസംബര്‍ 11നായിരുന്നു മൂന്ന് പേര്‍ മരിച്ചത്. നാലാമത്തെയാള്‍ മരിച്ചത് 2022 ഡിസംബര്‍ 23നാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 15 വിദ്യാര്‍ത്ഥികളാണ് കോച്ചിംഗ് സെന്ററിലെ പഠനത്തിനിടെ ആത്മഹത്യ ചെയ്തത്. ഇവരെല്ലാം 16-18 വയസ്സിന് ഇടയിലുള്ളവരാണ്.

    Also read-കാമുകി വിവാഹത്തിന് സമ്മതിച്ചില്ല; ഫേസ്ബുക്ക് ലൈവിൽ 27കാരന്‍ ജീവനൊടുക്കി

    സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന ഡേറ്റ പ്രകാരം 2014-21 വരെയുള്ള കാലയളവില്‍ കേന്ദ്രഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെച്ച് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 122 ആണ്. ഇതില്‍ 58 ശതമാനം വിദ്യാര്‍ത്ഥികളും പിന്നാക്കവിഭാഗത്തിലുള്ളവരാണ്. 2021ല്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയിലാണ് ഈ വിവരമുള്ളത്.

    സംവരണ വിഭാഗക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നത് എന്തുകൊണ്ട്?

    ദര്‍ശന്‍ സോളങ്കിയുടെ മരണത്തിന് പിന്നാലെ ജനരോക്ഷം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഐഐടികളില്‍ 70 ശതമാനം സീറ്റും സംവരണ വിഭാഗക്കാര്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത് എന്നാണ് അധ്യാപകര്‍ പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനും ഈ സംവരണം ഉണ്ട്.

    ”ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അക്കാദമിക സമ്മര്‍ദ്ദവും അവരെ ബാധിക്കാറുണ്ട്. അക്കാദമിക മികവിനായുള്ള പോരാട്ടം അവരെ കാര്യമായി ബാധിക്കും. വളരെ വലിയ ക്ലാസ്സുകളാണ് ഓരോ ക്യാംപസിലും. വിദ്യാര്‍ത്ഥികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ചിലപ്പോള്‍ അധ്യാപകര്‍ക്ക് കഴിഞ്ഞെന്നും വരില്ല,’ എന്ന് ഒരു അധ്യാപകന്‍ പറയുന്നു.

    Also read-വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കോഴിക്കോട് NIT യില്‍ നിന്ന് നേരിട്ട പ്രശ്നങ്ങളെ തുടര്‍ന്ന്; വിശദീകരണവുമായി സര്‍വകലാശാല

    സമൂഹത്തിന്റെ സമ്മര്‍ദ്ദവും മാതാപിതാക്കളുടെ അമിത പ്രതീക്ഷയുമായാണ് വിദ്യാര്‍ത്ഥികള്‍ ഐഐടിയിലേക്ക് പ്രവേശിക്കുന്നത്. ആ സമ്മര്‍ദ്ദം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയാറില്ല. ഐഐടികളിലെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കഴിവുള്ളവരാണ്. എന്നാല്‍ അക്കാദമിക ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിലും പുതിയ ജീവിതവുമായി ഒത്തുപോകുന്നതിലും ഇവര്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാറുമില്ല.

    യഥാര്‍ത്ഥ പ്രശ്‌നം

    എല്ലാ പ്രമുഖ ഐഐടികളിലും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും കൗണ്‍സിലിംഗ് നല്‍കാനും വേണ്ട സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ ജീവനക്കാരുടെ കുറവ് വിദ്യാര്‍ത്ഥികളിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ കൊണ്ടുവരും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരം കൗണ്‍സിലിംഗുകള്‍ ഏറ്റവും അത്യാവശ്യമായി വരിക എന്ന് ഐഐടിയിലെ ഒരു മുതിര്‍ന്ന അധ്യാപകന്‍ പറയുന്നു.

    ”കൗണ്‍സിംലിംഗ് സെന്ററിലെത്തുന്ന കേസുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ജീവനക്കാരില്ലാത്ത അവസ്ഥ എല്ലാ ഐഐടിയിലുമുണ്ട്. തനിക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തോന്നണമെന്നില്ല. സുഹൃത്തുക്കളോട് പോലും പറയാന്‍ കഴിയാത്ത വിഷാദത്തിന് അടിമയായി പോകും ചില വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സഹായം ലഭ്യമാക്കുക എന്നത് വളരെ ശ്രമകരമാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരം പരിശോധിക്കുന്ന സ്ഥിരമായ ചില പദ്ധതികളിലൂടെ ഈ വിടവ് നികത്താവുന്നതാണ്,’ കൗണ്‍സിലിംഗ് സെല്ലുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ പറഞ്ഞു.

    കൊവിഡ് മഹാമാരിയ്ക്ക് ശേഷം ക്യാംപസുകളിലെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളിലും ആത്മഹത്യ പ്രവണത കണ്ടുവരുന്നുണ്ടെന്നാണ് ചില അധ്യാപകര്‍ പറയുന്നത്. വളരെ പരിമിതമായ ഇടങ്ങളില്‍ ഇരുന്ന് പഠിച്ചശേഷം വലിയൊരു ലോകത്തേക്ക് എത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന് അധ്യാപകര്‍ പറയുന്നു

    ”ഐഐടി വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് എത്തുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോവിഡ് സമയത്തുള്ള ഓണ്‍ലൈന്‍ കോച്ചിംഗ് സെന്ററുകളില്‍ പഠിച്ച് നേരിട്ട് ക്യാംപസുകളിലേക്ക് എത്തിയവരാണ്. പെട്ടെന്നുള്ള ഈ മാറ്റം അവരെ ബാധിക്കുന്നുണ്ട്,’ ഒരു മുതിര്‍ന്ന അധ്യാപകന്‍ പറഞ്ഞു.

    അതിനാല്‍ വിദ്യാര്‍ത്ഥികളെ പുതിയ ചുറ്റുപാടുമായി ഇടപെഴകാന്‍ അനുവദിക്കുന്ന സംവിധാനം ക്യാംപസിലുണ്ടാക്കണമെന്നാണ് ചില അധ്യാപകര്‍ പറയുന്നത്.

    Also read-Suicide| ജോലിയും വരുമാനവുമില്ല; ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യയിൽ മുന്നിൽ ഡൽഹിയും മുംബൈയും

    അതേസമയം ചില ഐഐടികളിലെ കൗണ്‍സിലിംഗ് സെന്ററുകളില്‍ ചിലതുമായി ന്യൂസ് 18 പ്രതിനിധികള്‍ സംസാരിച്ചിരുന്നു. എല്ലാ കൗണ്‍സിലിംഗ് സെന്ററുകളും സജീവമാണെങ്കിലും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ”യുവര്‍ ദോസ്ത്” പോലുള്ള പരിപാടികള്‍ പലയിടത്തും കുറവാണ്. യുവര്‍ ദോസ്ത് പരിപാടി നിലവില്‍ ഐഐടി മണ്ഡിയിലാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പേര് വെളിപ്പെടുത്താതെ തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ കൗണ്‍സിലറുമായി സംസാരിക്കാന്‍ ഉള്ള സംവിധാനമാണിത്.

    അതേസമയം ഐഐടികളിലെ അറ്റന്‍ഡന്‍സ് പാലിക്കാനുള്ള ഓട്ടവും അസൈന്‍മെന്റുകളും പരീക്ഷകളും വിശ്രമമില്ലാത്ത അധ്വാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് എന്നാണ് ഐഐടി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നത്. അതിനിടെ മാനസികാരോഗ്യം നോക്കാനുള്ള സമയം ലഭിക്കാറില്ലെന്നും ചിലര്‍ പറയുന്നു.

    കൗണ്‍സിലിംഗ് സെന്ററുകള്‍ പലപ്പോഴും ഫലപ്രദമല്ലെന്നാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നത്. ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വളരെ വലിയ അസൈന്‍മെന്റുകളാണ് ഐഐടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പിന്തുടരാന്‍ കഴിഞ്ഞെന്ന് വരില്ല. പിറകിലാകുന്ന വിദ്യാര്‍ത്ഥികള്‍ ഇരട്ടി അധ്വാനിച്ചാല്‍ മാത്രമേ മുന്‍ നിരയിലേക്ക് എത്താന്‍ കഴിയുകയുള്ളു എന്നും ഐഐടി മദ്രാസിലെ റിസര്‍ച്ചര്‍ പറയുന്നു.

    വലിയ ക്ലാസ്സുകള്‍, അടിസ്ഥാന സൗകര്യമില്ലായ്മ

    ഈയടുത്ത് കാലത്തായി ഐഐടികളിലെ സീറ്റുകള്‍ കാര്യമായി വര്‍ധിക്കുന്നുണ്ട്. എന്നാല്‍ അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നില്ലെന്നാണ് പരാതി. മിക്ക ഐഐടികളിലും ഒന്നാം വര്‍ഷം ബിടെക് ക്ലാസ്സുകളുടെ പരിധി 300 വരെയാണ്. ഇത് വിദ്യാര്‍ത്ഥികളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കും. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെയും ഇത് ബാധിച്ചേക്കാം.

    ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ്സ് എടുക്കാമെന്ന് ഒരു അധ്യാപകന്‍ വിചാരിച്ചാലും രക്ഷയില്ല. കാരണം അതിനുള്ള അടിസ്ഥാന സൗകര്യം പല ക്യാംപസിലുമില്ല. ക്യാംപസുകളിലെ ഈ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എന്നാല്‍ മുന്‍ ഐഐടി അധ്യാപകന്‍ പറയുന്നു.

    Published by:Sarika KP
    First published: