• HOME
 • »
 • NEWS
 • »
 • india
 • »
 • Accidents | മരണകെണിയായി മുംബൈ-അഹമ്മദാബാദ് ദേശീയപാത; രണ്ടുവർഷത്തിനിടെ പൊലിഞ്ഞത് 100ഓളം ജീവനുകൾ; അപാകതകൾ എന്തെല്ലാം?

Accidents | മരണകെണിയായി മുംബൈ-അഹമ്മദാബാദ് ദേശീയപാത; രണ്ടുവർഷത്തിനിടെ പൊലിഞ്ഞത് 100ഓളം ജീവനുകൾ; അപാകതകൾ എന്തെല്ലാം?

ദേശീയപാതയിലെ കുണ്ടും കുഴിയും ആണ് തുടർച്ചയായി നടക്കുന്ന അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

 • Last Updated :
 • Share this:
  പൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ ഇന്നലെ പൊലിഞ്ഞത് അഞ്ചുപേരുടെ ജീവനാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ കാർ ഡ്രൈവർമാർ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുണ്ടും കുഴിയും ആണ് തുടർച്ചയായി നടക്കുന്ന അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

  മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയോട് ചേർന്ന് തലസാരി താലൂക്കിലെ ആംഗാവ് ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് രണ്ട് അപകടങ്ങളും നടന്നത്. മേഴ്സിഡെസ് ബെന്‍സിന്റെ ആഡംബര എസ്‌യുവിയില്‍ സഞ്ചരിക്കുകയായിരുന്ന മുൻ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രി സെപ്റ്റംബര്‍ നാലിന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലായിരുന്നു മരിച്ചത്. ഇതിനെ തുടർന്നാണ് ദേശീയപാതയും അതിന്റെ അപാകതകളും വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

  കഴിഞ്ഞ ദിവസത്തെ അപകടത്തിൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർക്ക് ആംഗാവ് ഗ്രാമത്തിന് സമീപം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടെമ്പോയിൽ ചെന്നടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ കുൽദീപ് മൗര്യ (32), സുഹൃത്തായ വീരേൻ മിശ്ര (34), ടെമ്പോ ഡ്രൈവറായ ശ്രീകൃഷ്ണ മിശ്ര എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനത്തിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന രാജേഷ് ദേശായി, അജയ് ദേശായി എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  മിസ്ത്രിയുടെ മരണം

  ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സഹോദരങ്ങളായ ഡാരിയസ്, ജഹാംഗീർ പണ്ടോൾ, ഡാരിയസിന്റെ ഭാര്യ അനഹിത പണ്ടോൾ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം മുംബൈയിലേക്ക് പോയത്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ ചരോട്ടി പാലത്തിൽ വച്ച് മിസ്ത്രിയുടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മിസ്‌ത്രിയ്‌ക്കൊപ്പം പിൻസീറ്റിലിരുന്ന ജഹാംഗീറും (49) അപകടത്തിൽ മരിച്ചു.

  ഹൈവെയിൽ വാഹനമോടിക്കുന്നവരുടെ പരാതി

  ഹൈവേയുടെ അപാകതകൾ ചൂണ്ടിക്കാട്ടി വാഹനയാത്രക്കാർ പറയുന്നത് നിരവധി കാര്യങ്ങളാണ്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ പതിവായി യാത്ര ചെയ്യുന്ന ഡ്രൈവർമാർ പറയുന്നത് റോഡിന്റെ മോശമായ അവസ്ഥയും ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയും ആണ് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം എന്നാണ്.

  ട്രാഫിക് നിയമലംഘനവും റോഡിന്റെ അപാകതകളും

  " വാപിയിൽ നിന്ന് ദാമൻ വരെയും വാപിയിലേക്കുള്ള പ്രവേശന കവാടത്തിലും ഹൈവേയുടെ മധ്യത്തിൽ നിരവധി വലിയ കുഴികളുണ്ട്. പലപ്പോഴും അശ്രദ്ധമായാണ് ആളുകൾ ഇതുവഴി വാഹനം ഓടിക്കുന്നത്," ഹൈവേയിൽ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന നാരായൺ കണ്ണൻ പറയുന്നു. ട്രക്ക്, ബസ് ഡ്രൈവർമാർ തുടങ്ങിയവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ചില സ്ഥലങ്ങളിൽ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ട്രാൻസ്പോർട്ട് ആക്ടിവിസ്റ്റ് ജഗ്ദീപ് ദേശായി പറയുന്നു.

  റോഡ് നിർമ്മാണത്തിലെ അപാകതകൾ

  സൈറസ് മിസ്ത്രിയുടേത് ഉൾപ്പെടെ നിരവധി അപകടങ്ങൾക്ക് കാരണം ഹൈവേയുടെ രൂപകൽപ്പനയിൽ ഉള്ള അപാകതകൾ ആണെന്ന് ഓൾ ഇന്ത്യ വാഹൻ ചാലക് മലക് മഹാസംഘ് ആരോപിച്ചു. ചരോട്ടി മേൽപ്പാലത്തിൽ തെക്കോട്ട് പോകുന്ന പാതയുടെ വീതി 10.50 മീറ്ററാണ്. എന്നാൽ സൂര്യ നദിക്ക് കുറുകെ നിർമ്മിച്ച പാലം ഏഴ് മീറ്ററായി ചുരുക്കിയതായി ബോഡിയുടെ വക്താവ് ഹർബൻസ് സിംഗ് നാനാഡെ പറഞ്ഞു. ഹൈവേയിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളില്ലെന്നും അദ്ദേഹം ആരോപിച്ചു.

  രണ്ടുവർഷത്തിനിടെ പൊലിഞ്ഞ ജീവനുകൾ

  ഫ്രീ പ്രസ് ജേണലിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 100 ​​പേരുടെ ജീവനാണ് ഈ സ്ഥലത്ത് പൊലിഞ്ഞത്. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  അപകട മരണങ്ങൾ തടയാൻ ചെയ്യേണ്ടത് എന്ത്?

  കൂടുതൽ ട്രോമ കെയർ സെന്ററുകൾ സ്ഥാപിക്കുക

  വളരെയധികം വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ഹൈവേയിൽ കൂടുതൽ ട്രോമ കെയർ സെന്ററുകളുടെ ആവശ്യകതയാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. “ഹോട്ട്‌സ്‌പോട്ടുകൾക്ക് സമീപം കുറച്ച് ആശുപത്രികളുണ്ട് (ഏകദേശം 500 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകളിൽ മൂന്ന് വർഷങ്ങളിലായി 10 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്). അപകടത്തിൽപ്പെട്ടവരെ യഥാസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് സർക്കാർ നിരവധി ട്രോമ കെയർ സെന്ററുകൾ സ്ഥാപിക്കണം. അപകടത്തെ തുടർന്നുള്ള ആദ്യ മണിക്കൂറിൽ അപകടത്തിൽപ്പെട്ടയാളെ ചികിത്സിക്കുന്നത് നിർണായകമാണ്,"എന്നാണ് വെസ്റ്റേൺ ഇന്ത്യ ഓട്ടോമൊബൈൽ അസോസിയേഷന്റെ നിതിൻ ദോസയുടെ പ്രതികരണം.

  റോഡ് അടയാളങ്ങൾ, തെരുവ് വിളക്കുകൾ എന്നിവയുടെ ആവശ്യകത

  മുംബൈ-അഹമ്മദാബാദ് ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അപകടകരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ളവ മനസ്സിലാക്കുന്നതിന് നിർണായകമായ റോഡ് അടയാളങ്ങൾ സ്ഥാപിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. മേൽപ്പാലങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ മുംബൈയ്ക്കും ചരോട്ടിക്കും ഇടയിലുള്ള റോഡുകളിലെ 21 പാലങ്ങളിൽ 18 എണ്ണത്തിലും ആവശ്യത്തിന് വെളിച്ചമില്ല.

  ചെടികളും മറ്റും പടർന്നു പന്തലിച്ചതിനെ തുടർന്ന് സൈൻ ബോർഡുകളും റിഫ്ലക്ടറുകളും മറയുന്ന സ്ഥിതിയുമുണ്ട്. ഇത് രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്ന ഡ്രൈവർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അതേസമയം വ്യക്തവും ശരിയായ കാണാൻ സാധിക്കുന്ന വിധത്തിലുമുള്ള ഹൈവേ സൈൻ ബോർഡുകൾ അത്യാവശ്യമാണെന്ന് ഹൈവേയിലെ ട്രാഫിക് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.

  അധികൃതരുടെ വിശദീകരണം

  110 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയിൽ ജില്ലയിലെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഉദ്യോഗസ്ഥർ അടുത്തിടെ പരിശോധന നടത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡിന്റെ രൂപകല്പനയല്ലെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഈ സൈറ്റ് അപകടങ്ങൾക്ക് സാധ്യതയുള്ളതല്ലെന്നും മുൻകാലങ്ങളിൽ വലിയ അപകടങ്ങൾ നടന്നിട്ടുള്ള ബ്ലാക്ക് സ്പോട്ടുകളുടെ പട്ടികയിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

  "ബ്ലാക്ക് സ്‌പോട്ടുകൾ, ഹൈവേകളുടെ ഗുണനിലവാരം, അവയുടെ കേടുപാടുകൾ എന്നിവയെക്കുറിച്ച് ഞങ്ങൾ റോഡ് മെയിന്റനൻസ് ഏജൻസികൾക്ക് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്,"എന്നാണ് അഡീഷണൽ ഡിജി (സംസ്ഥാന ട്രാഫിക്) കെകെ സാരംഗൽ വ്യക്തമാക്കിയത്. അതേസമയം, ഈ വർഷം ഗണേശോത്സവത്തിനിടെ റോഡിൽ 183 കുഴികൾ സൃഷ്ടിച്ചതിന് ലാൽബൗഗ്ച രാജ സർവജനിക് ഗണേശോത്സവ് മണ്ഡലിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 3.66 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഒരു കുഴിക്ക് 2,000 രൂപ വീതം ആയിരുന്നു അന്ന് പിഴ ചുമത്തിയത്.

  കൂടാതെ മിസ്ത്രിയുടെ മരണത്തിന് പിന്നാലെ വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിരുന്നു. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താനുള്ള നിയമം ഇതോടെ അധികൃതർ കര്‍ശനമായി നടപ്പാക്കാനും തുടങ്ങി.
  Published by:Amal Surendran
  First published: