• HOME
  • »
  • NEWS
  • »
  • india
  • »
  • എന്തുകൊണ്ട് ജെ.പി. നഡ്ഡ? നഡ്ഡയ്ക്ക് മുന്നിലെ വെല്ലുവിളി

എന്തുകൊണ്ട് ജെ.പി. നഡ്ഡ? നഡ്ഡയ്ക്ക് മുന്നിലെ വെല്ലുവിളി

മോദിയുടേയും അമിത്ഷായുടേയും വിശ്വസ്തൻ എന്ന ഗുണമായിരുന്നു മറ്റെല്ലാ ഗുണങ്ങളെക്കാളും ഈ പ്രമോഷന് നഡ്ഡയ്ക്ക് തുണയായത്.

JP-nadda

JP-nadda

  • Last Updated :
  • Share this:
ബിജെപിയിൽ ഇനി ജെ.പി.നഡ്ഡ യുഗം. ജഗത് പ്രകാശ് നഡ്ഡയെന്ന ബിജെപിയുടെ പുതിയ പ്രസിഡണ്ടിന്‍റെ അനുയായികൾ ഏറെ നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു മുദ്രാവാക്യമാണിത്. ജെ.പി.നഡ്ഡയുടെ  അനുയായികൾക്ക് കേൾക്കാൻ സുഖമുള്ള ഒരു  മുദ്രാവാക്യം എന്നതിനപ്പുറം ഇത് എത്രത്തോളം സത്യമാണ്? ഇങ്ങനെയൊരു ചോദ്യത്തിന് തന്നെ പ്രസക്തിയുണ്ടോ എന്ന് സംശയിക്കുന്നവർ കുറവാകില്ല.


ജെ.പി.നഡ്ഡയെന്ന നേതാവിന്റെ കഴിവുകളേയും അദ്ദേഹത്തിന്  രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പരമോന്നത പദവി ലഭിച്ചതിനേയും  കുറച്ച് കണ്ടല്ല ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. മോദിയും  അമിത്ഷായുമാണ് ബിജെപിയുടെ ഇപ്പോഴത്തെ ഒന്നാംനിര.  അവരിൽ നിന്ന്  പലകാര്യങ്ങളിലും വ്യത്യസ്തമാണ് അടുത്തനിര. അത് രാജ്‌നാഥ് സിങ് ആയാലും നിതിൻ ഗഡ്കരിയും  രവിശങ്കർ പ്രസാദ് അടക്കമുള്ള മറ്റ് നേതാക്കളായാലും. ഈ രണ്ടാം നിരയിൽ നിന്ന് പോലും വ്യത്യസ്തനാണ് ജെ.പി.നഡ്ഡ.
ബിജെപിയിൽ ഇപ്പോഴുള്ള ആരെക്കാളും സൗമ്യൻ. പഹാടി എന്ന് വടക്കേയിന്ത്യയിൽ പൊതുവിൽ വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ള നേതാവ്. പഹാടി എന്നാൽ മലനിരകളിൽ നിന്നെത്തിയവനെന്നാണ് അർത്ഥം. ഹിമാചൽ, ഉത്തരാഖണ്ഡ‍് തുടങ്ങി വലിയ മലനിരകളുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പഹാടികൾ എന്ന് വിളിക്കുന്നത്. അവർ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരെക്കാൾ നല്ലവരും വളഞ്ഞവഴി ചിന്തിക്കാത്തവരുമാണെന്നാണ് പൊതുവിലുള്ള വിശ്വാസം. ആ വിശ്വാസത്തിന് ഒപ്പമാണ്  ജെ.പി.നഡ്ഡയും.


എന്തുകൊണ്ട് നഡ്ഡ?


ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ സർക്കാരിന്റെ ഭാഗമായതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ട് എന്ന ആലോചന ബിജെപിയിൽ സജീവമായത്. എന്നാൽ പെട്ടെന്ന് അമിത്ഷാ ആ പദവി ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി എത്തിയതോടെ  പകരക്കാരന് പകരം സഹായി എന്നായി  ആലോചന. അങ്ങനെയാണ്  ജെ.പി.നഡ്ഡ വർക്കിങ് പ്രസിഡണ്ടായത്. മോദിയുടേയും അമിത്ഷായുടേയും വിശ്വസ്തൻ എന്ന ഗുണമായിരുന്നു മറ്റെല്ലാ ഗുണങ്ങളെക്കാളും ഈ പ്രമോഷന് നഡ്ഡയ്ക്ക് തുണയായത്. ആ ഗുണം തന്നെയാണ് ഇപ്പോൾ ദേശീയ പ്രസിഡണ്ട് സ്ഥാനത്തെത്തിച്ചതും. ഈ സാഹചര്യത്തിലാണ് ഇനി നഡ്ഡ യുഗമെന്ന മുദ്രാവാക്യത്തിൽ സംശയം പ്രകടിപ്പിച്ചത്.


പ്രവർത്തകരുടെ ആവേശം


രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലാണ് 2014ൽ ബിജെപി പൊതുതിരഞ്ഞെടുപ്പിനിറങ്ങിയത്. അമിത് ഷായ്ക്ക് ഉത്തർപ്രദേശിന്റെ ചുമതല. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനും. കോൺഗ്രസിന്റെ നട്ടെല്ലൊടിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. അതിന്റെ മുഴുവൻ ക്രഡിറ്റും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമായിരുന്നു. ഉത്തർപ്രദേശിൽ എൺപതിൽ എഴുപത്തിമൂന്നിലും എൻഡിഎ വിജയിച്ചു. ഈ വിജയമാണ് അമിത്ഷായെ ദേശീയ പ്രസിഡണ്ട് പദവിയിലെത്തിച്ചത്.


പ്രവർത്തകരുടെ ആവേശം വാനോളമായിരുന്നു അന്ന്. ബിജെപിയുടെ അംഗത്വം പതിനൊന്ന് കോടി കടത്തിയ ശേഷമായിരുന്നു അമിത്ഷാ രണ്ടാം തവണ ബിജെപി പ്രസിഡണ്ടായി ചുമതലയേറ്റത്. അന്നും പ്രവർത്തകരുടെ ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ ജെ.പി.നഡ്ഡ ചുമതലയേൽക്കുമ്പോൾ സാഹചര്യം അതല്ല. നഡ്ഡ വർക്കിങ് പ്രസിഡണ്ടായിരുന്ന് നേരിട്ട തിരഞ്ഞെടുപ്പിലൊന്നും ബിജെപിയെ തിളക്കമാർന്ന വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സർക്കാർ തന്നെ പോയി. ഹരിയാനയിൽ കഷ്ടിച്ച് സർക്കാരിനെ നിലനിറുത്തി. രാജ്യത്താകമാനം സിഎഎ പ്രതിഷേധം അലയടിക്കുന്നു. ഈ സഹാചര്യത്തിലാണ് ജെ.പി.നഡ്ഡ പ്രസിഡണ്ട് സ്ഥാനമേൽക്കുന്നത്.
നഡ്ഡയ്ക്ക് മുന്നിലെ വെല്ലുവിളി


പാർട്ടിയിലും പ്രവർത്തകർക്കിടയിലും അമിത്ഷായ്ക്കുള്ള സ്വാധീനവും പ്രഭാവവും മറികടക്കുക എന്നത് തന്നെയാണ് നഡ്ഡയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അമിത് ഷാ പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞാലും കടിഞ്ഞാൺ അദ്ദേഹത്തിന്റെ കൈയ്യിൽ തന്നെയാകും. അത് സാധാരണ പ്രവർത്തകന് വരെ അറിയുകയും ചെയ്യാം. ജെ.പി.നഡ്ഡയെ  പുതിയ പ്രസിഡണ്ടായി പ്രഖ്യാപിച്ചപ്പോൾ പാർട്ടി ആസ്ഥാനത്ത് പോലും കഴിഞ്ഞകാലങ്ങളിലുണ്ടായ ആവേശം കാണാതെ പോയതും അതുകൊണ്ട് തന്നെ.  പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചപ്പോൾ പ്രകടമായതിനെക്കാൾ വലിയ ആവേശമായിരുന്നു അമിത് ഷായേയും പ്രധാനമന്ത്രിയേയും സ്വീകരിക്കുമ്പോഴുണ്ടായിരുന്നത്.


ഡൽഹി നിയമസഭ തിരഞ്ഞെടുപ്പാണ് നഡ്ഡയ്ക്ക് നേരിടേണ്ടി വരുന്ന ആദ്യ രാഷ്ട്രീയ വെല്ലുവിളി. അരവിന്ദ് കെജ്രിവാളിനെ അട്ടിമറിക്കാനുള്ള സ്വാധീനം തൽക്കാലം ഡൽഹിയിൽ ബിജെപിക്കില്ല. അതുണ്ടാക്കിയെടുക്കണം. വിജയിക്കണം. ഇതെല്ലാം ഇനി ബാക്കിയുള്ള രണ്ടോ മൂന്നോ ആഴ്ച കൊണ്ട് നടത്തിയെടുക്കണം. അതിന് പിന്നാലെ ബീഹാർ തിരഞ്ഞെടുപ്പ്. ബീഹാറിൽ ബിജെപിയുമായുള്ള സഖ്യം തുടരണമോയെന്ന സംശയത്തിലാണ് സഖ്യകക്ഷിയായ ജെഡിയു. നിതീഷ് കുമാർ ഇതുവരെ ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.


നിതീഷ് കുമാറിനെ അനുനയിപ്പിക്കണം. അതിന് സാധിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കണം. അതുകഴിഞ്ഞ് നടക്കാനിരിക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പ് പക്ഷെ നഡ്ഡയ്ക്ക് വെല്ലുവിളിയല്ല. പ്രസിഡണ്ടായിരുന്നാലും അല്ലെങ്കിലും ബംഗാൾ തിരഞ്ഞെടുപ്പ് അമിത്ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും. ഇനിയങ്ങോട്ട് എല്ലാ ആഴ്ചയും അമിത്ഷാ ബംഗാളിലെത്തിയാലും അത്ഭുതപ്പെടരുത്.


അമരക്കാരനോ പകരക്കാരനോ


ബിജെപിയുടെ ഭരണഘടന പ്രകാരം തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഒരു നേതാവിന് പാർട്ടി പ്രസിഡണ്ടായിരിക്കാൻ കഴിയില്ല. അമിത്ഷായുടെ രണ്ടാം ഊഴമാണ് പൂർത്തിയായത്. അതുകൊണ്ട് അദ്ദേഹം പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞേ മതിയാകൂ. പാർട്ടി ഭരണഘടനയിലെ ഈ നിർദ്ദേശം കാരണമാണ് വിശ്വസ്തന് നറുക്കുവീണത്. ഡൽഹി, ബീഹാർ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചാലും പരാജയപ്പെട്ടാലും 2023 വരെ  നഡ്ഡ പാർട്ടി പ്രസിഡണ്ടായിരിക്കും. പിന്നീട് ഒരു വർഷമുണ്ട് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന്.


നഡ്ഡയെ പ്രസിഡണ്ടാക്കി ഇപ്പോൾ നടത്തിയിരിക്കുന്ന ഈ പരീക്ഷണം പരാജയപ്പെട്ടാൽ ലോക്സഭ തിരഞ്ഞെടുപ്പിനായി പാർട്ടിയെ പരുവപ്പെടുത്തിയെടുക്കാൻ പിന്നെയുമുണ്ട് ഒരു വർഷം. പാർട്ടിയെ മുന്നൂറ് എംപിമാരെന്ന മാന്ത്രിക സംഖ്യ കടത്തിയ അമിത്ഷായ്ക്ക് ചെങ്കോൽ തിരിച്ചെടുക്കാൻ അവസരമുണ്ടെന്ന് സാരം. ഇതാണ് ഇപ്പോഴത്തെ നേതൃമാറ്റത്തെ പുതിയ യുഗത്തിന്റെ പിറവിയല്ല പകരക്കാരന്റെ ചുമതലയേൽക്കലാണെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുന്നതിന്റെ കാരണവും.  ​Published by:Gowthamy GG
First published: