ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയായിരുന്നു പ്രധാന ചർച്ചാവിഷയം. കേരളത്തെയും കർണാടകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ ഇടനാഴിയോട് ബൊമ്മെ അനുകൂലമായ നിലപാടല്ല അറിയിച്ചത്. പദ്ധതി മംഗളൂരു വരെ നീട്ടാൻ അനുവദിക്കണമെന്ന് പിണറായി വിജയൻ അഭ്യർഥിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കർണാടക മുഖ്യമന്ത്രി ഈ ആവശ്യം നിരസിച്ചു.
കർണാടകയ്ക്ക് ഈ പാത കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും പാരിസ്ഥിതികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാണിച്ചാണ് ബൊമ്മെ പദ്ധതിയോട് വിയോജിപ്പ് അറിയിച്ചത്. കാസർഗോഡ് മുതൽ ദക്ഷിണ കന്നഡ വരെയും തലശ്ശേരി മുതൽ മൈസൂർ വരെയും ബന്ധിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന പാത കടന്നുപോവുക പരിസ്ഥിതി ദുർബല പ്രദേശത്ത് കൂടിയാണ്. ഈ മേഖലയിൽ ദേശീയ കടുവ സങ്കേതവും ആനകളുടെ ആവാസപ്രദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബൊമ്മെ പറഞ്ഞു.
“പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് കൂടിയാണ് പാത കടന്ന് പോവുകയെന്നതാണ് മറ്റൊരു പ്രശ്നം. ഈ പദ്ധതിയോട് ഒരുവിധത്തിലും സഹകരിക്കാൻ സാധിക്കില്ലെന്ന് കേരള മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്,” കർണാടക മുഖ്യമന്ത്രി പറഞ്ഞു.
ഭൂഗർഭ റെയിൽപ്പാത
530 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പിണറായി വിജയൻ സർക്കാരിൻെറ അഭിമാന പദ്ധതിയാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൻെറ മുഖഛായ തന്നെ മാറ്റാൻ പദ്ധതിക്ക് സാധിക്കുമെന്നാണ് ഇടത് സർക്കാർ അവകാശപ്പെടുന്നത്. 63941 കോടി രൂപ ചെലവ് കരുതുന്ന പദ്ധതി വടക്കൻ കേരളവും തെക്കൻ കേരളവും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുമെന്ന് സർക്കാർ പറയുന്നു. നിലവിൽ 10 മുതൽ 12 മണിക്കൂർ വരെ എടുക്കുന്നത് 4 മണിക്കൂറായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
നിർദിഷ്ട പാതയുടെ കർണാടകയിലൂടെ പോവുന്ന 30 കിലോമീറ്റർ ദൂരം ഭൂമിക്ക് അടിയിലൂടെയാണ് കടന്ന് പോകേണ്ടത്. “പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നതിനാൽ ഇതിനോട് യോജിക്കാൻ സാധിക്കില്ല,” പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മുമ്പ് തന്നെ പദ്ധതിയെ അനകൂലിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ വ്യക്തമായി അത് കേരള മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബൊമ്മെ പറഞ്ഞു.
പദ്ധതിയോടുള്ള എതിർപ്പ്
കേരളത്തിലെ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ഒറ്റക്കെട്ടായി പദ്ധതിയെ എതിർക്കുന്നുണ്ട്. ഗുരുതരമായ പാരിസ്ഥതിക, സാമൂഹിക പ്രത്യാഘാതങ്ങൾ പദ്ധതി മൂലം ഉണ്ടാകുമെന്ന് അവർ പറയുന്നു. കൃത്യമായി പഠനം നടത്തിയല്ല പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് ഇന്ത്യയുടെ മെട്രോമാൻ ഇ ശ്രീധരനും വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഡിപിആർ പുറത്ത് വിടുന്നത് വൈകിയതിനാൽ കേരളത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടും നഷ്ടപ്പരിഹാരതുകയുടെ കാര്യത്തിലും ആശങ്കകൾ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ പദ്ധതിക്ക് കേരള സർക്കാർ അനുമതി നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. 2100 കോടി രൂപ കിഫ്ബി വഴി പദ്ധതിക്കായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Basavaraj Bommai, Cm pinarayi vijayan, Karnataka, Kerala, Silver line