സ്വയം പ്രഖ്യാപിത ആൾദൈവമായ ശാസ്ത്രി, “കഥ” എന്ന പേരിൽ രാജ്യത്തുടനീളം മതപ്രഭാഷണങ്ങൾ നടത്തിയിരുന്നു. തന്റെ മുന്നിലെത്തുന്ന ഭക്തരുടെ പ്രശ്നങ്ങൾ ശാസ്ത്രി മനസ്സിലാക്കുമെന്നും അവർ പറയാതെ തന്നെ അവ പരിഹരിക്കാനുള്ള അത്ഭുത ശക്തി ധീരേന്ദ്ര ശാസ്ത്രിക്കുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
എന്നാൽ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ സംഘടന ശാസ്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തി. നാഗ്പൂരിൽ നടത്തിയ പരാമർശത്തിൽ തനിക്ക് അത്ഭുത ശക്തികളുണ്ടെന്ന് ശാസ്ത്രി അവകാശപ്പെട്ടിരുന്നു. ഇത് തെളിയിക്കണമെന്നാണ് അന്ധവിശ്വാസ വിരുദ്ധ സംഘടന വെല്ലുവിളിച്ചത്.
ബാഗേശ്വർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാഗേശ്വർ ബാലാജിയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ ശാസ്ത്രി, തന്റെ വാക്കും പ്രവർത്തിയും വെല്ലുവിളിക്കുന്നവർക്കെതിരെ എന്താണോ തനിക്ക് തോന്നുന്നത് അത് താൻ എഴുതിയാൽ അത് സംഭവിക്കുമെന്നും പറഞ്ഞു.
ശാസ്ത്രിയുടെ പ്രഭാഷണമായ കഥയിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കഥയുടെ ശ്രോതാക്കളിൽ നിന്ന് ഒരു മാധ്യമപ്രവർത്തകനെ അദ്ദേഹം വിളിക്കുകയും അയാളുടെ കുടുംബാംഗങ്ങളുടെ പേരുകളും വിശദാംശങ്ങളും പറയുകയും ചെയ്യുന്നതാണ് വീഡിയോ. ശാസ്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് മാധ്യമപ്രവർത്തകൻ അത്ഭുതത്തോടെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ വിവരങ്ങളെല്ലാം മാധ്യമപ്രവർത്തകന്റെ സോഷ്യൽമീഡിയയിൽ ഉണ്ടെന്നാണ് ശാസ്ത്രിയെ എതിർക്കുന്നവർ പറയുന്നത്. ശാസ്ത്രിയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ അടക്കമുള്ള ബിജെപി നേതാക്കളും ശാസ്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് കപിൽ മിശ്ര ശാസ്ത്രിയെ പിന്തുണച്ച് ഡൽഹിയിൽ ഒരു റാലി വരെ നടത്തി. മതപരിവർത്തനത്തിനെതിരേയും ‘ലൗ ജിഹാദ്’നെതിരേയും ശാസ്ത്രി നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ള എതിർപ്പിന് കാരണമെന്നാണ് കപിൽ മിശ്രയുടെ വാദം.
26 കാരനായ ധീരേന്ദ്ര ശാസ്ത്രിയുടെ കഥകൾ ലക്ഷക്കണക്കിന് ഭക്തരെ മതപരമായി ആകർഷിക്കുന്നുവെന്നും നിരവധി പൊതുക്ഷേമ സംരംഭങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ബാഗേശ്വർ ധാമിന്റെ വെബ്സൈറ്റിൽ പറയുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.