• HOME
 • »
 • NEWS
 • »
 • india
 • »
 • Navratri Festival | നവരാത്രി ആഘോഷം; ഡല്‍ഹിയിലും യുപിയിലും ഇറച്ചിക്കടകള്‍ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നിലെന്ത്?

Navratri Festival | നവരാത്രി ആഘോഷം; ഡല്‍ഹിയിലും യുപിയിലും ഇറച്ചിക്കടകള്‍ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നിലെന്ത്?

ഈ വര്‍ഷം ചൈത്ര നവരാത്രി ഏപ്രില്‍ 2ന് ആരംഭിച്ച് ഏപ്രില്‍ 10ന് അവസാനിക്കും.

 • Last Updated :
 • Share this:
  ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ (Navaratri festival) ഭാഗമായി ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ഇറച്ചിക്കടകള്‍ (meat shops) അടച്ചിടാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കാരണം അത്തരം കടകള്‍ ഭക്തരുടെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും ബാധിക്കുമെന്നാണ് വാദം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് യുപി സര്‍ക്കാര്‍ (UP Government) വ്യക്തമാക്കി.

  എന്താണ് ചൈത്ര നവരാത്രി?

  ചൈത്ര നവരാത്രി വസന്ത നവരാത്രി എന്നും അറിയപ്പെടുന്നു. ഹിന്ദു കലണ്ടറിലെ ആദ്യ ദിവസത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ വര്‍ഷം ചൈത്ര നവരാത്രി ഏപ്രില്‍ 2ന് ആരംഭിച്ച് ഏപ്രില്‍ 10ന് അവസാനിക്കും. ഈ സമയത്ത് ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു.

  നവരാത്രിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് ഘടസ്ഥാപന എന്ന ചടങ്ങോടെയാണ്. തുടര്‍ന്ന് ദശമി തിഥിയില്‍ ശ്രീരാമന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന രാമനവമിയോടെ അത് അവസാനിക്കുന്നു. ഹിന്ദു മതത്തില്‍ നവരാത്രിക്ക് വളരെ പ്രാധാന്യമുണ്ട്. വിശ്വാസമനുസരിച്ച്, ശ്രീരാമന്‍ ആദ്യം ലങ്കയിൽ എത്തിയത് ദുര്‍ഗ്ഗാദേവിയെ ആരാധിച്ചുകൊണ്ടാണ്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങള്‍. ഒമ്പത് ദിവസവും ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം.

  ഹിന്ദു പുരാണം അനുസരിച്ച്, മഹിഷാസുരന്‍ എന്ന അസുര രാജാവ്, ത്രിലോകങ്ങളും അതായത്, ഭൂമി, സ്വര്‍ഗം, നരകം എന്നിവ ആക്രമിച്ചു. ഈ അസുരനെ തോല്‍പ്പിക്കാനായി ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തി കൂട്ടിയോജിപ്പിച്ച് ദുര്‍ഗാദേവിയെ സൃഷ്ടിച്ചു. ഒരു സ്ത്രീയ്ക്ക് മാത്രമേ തന്നെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വരം ബ്രഹ്മാവില്‍ നിന്ന് മഹിഷാസുരന്‍ നേടിയിരുന്നതിനാല്‍ മൂവുലകിലും ഈ അസുരനെ നിഗ്രഹിക്കാന്‍ ആരെകൊണ്ടും ആയില്ല. അങ്ങനെ ദുര്‍ഗാ ദേവി 15 ദിവസത്തെ ഘോരയുദ്ധത്തിന് ശേഷം മഹാല്യ ദിനത്തില്‍ തന്റെ ത്രിശൂലത്താല്‍ അസുരനെ നിഗ്രഹിച്ചു എന്നാണ് ഐതിഹ്യം.

  ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഭക്തര്‍ ഉപവാസം ആചരിക്കുകയും ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കി സസ്യാഹാരം കഴിക്കുകയും ചെയ്യും. അവര്‍ മാംസാഹാരം, മദ്യം, പുകയില എന്നിവയും ഈ ദിവസങ്ങളിലും ഒഴിവാക്കും. നവരാത്രി ആരംഭിക്കുന്നത് ശൈലപുത്രിയെ ആരാധിക്കുന്നതിലൂടെയാണ്. ദുര്‍ഗാദേവിയുടെ ആദ്യ അവതാരമാണിത്. നവരാത്രി ആഘോഷം അവസാനിക്കുന്നത് ദസറ ദിനത്തില്‍ രാവണന്റെ പ്രതിമകള്‍ കത്തിക്കുന്നതോടെയാണ്. ഒന്‍പത് രാത്രിയും 10 പകലും ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിച്ചും പ്രാര്‍ത്ഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതല്‍.

  ഉത്തര്‍പ്രദേശ് (Uttar Pradesh)

  നവരാത്രിയില്‍ തുറസ്സായ സ്ഥലത്ത് മാംസം വില്‍ക്കുന്നത് അനുവദിക്കില്ലെന്നും ലൈസന്‍സുള്ള ഇറച്ചിക്കടകള്‍ക്ക് ഉത്സവകാലത്ത് പായ്ക്ക് ചെയ്ത് വ്യാപാരം നടത്താമെന്നും ഗാസിയാബാദ് മേയര്‍ ശര്‍മ്മ ഏപ്രില്‍ 2 ന് പറഞ്ഞിരുന്നു.

  അതേസമയം, ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍.കെ സിംഗ് ''ലൈസന്‍സ് ഉള്ള ഇറച്ചിക്കടകള്‍ മാത്രമേ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുവദിക്കൂ എന്നും തുറസ്സായ സ്ഥലങ്ങളില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ വലിച്ചെറിയാന്‍ കടയുടമകളെ അനുവദിക്കില്ലെന്നും ഇറച്ചിക്കടകള്‍ക്ക് സമീപം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം ശുചിത്വം ഉറപ്പാക്കുമെന്നും'' പറഞ്ഞു.

  പിന്നീട് മേയര്‍ തന്റെ ഉത്തരവില്‍ ഭേദഗതി വരുത്തിയെന്നും ഗാസിയാബാദിലെ ഇറച്ചിക്കടകള്‍ സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തുറക്കാമെന്നും വ്യക്തമാക്കി.

  ''നവരാത്രി ഉത്സവകാലത്ത് സില പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ എല്ലാ ഇറച്ചി കടകളും അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് അലിഗഢില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ വിജയ് സിംഗ് ഏപ്രില്‍ 2ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അലിഗഢ് നഗരത്തിലെ കടകള്‍ക്ക് ഉത്തരവ് ബാധകമല്ല. ഉത്തരവ് പാലിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടി എടുക്കുമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സിംഗ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

  എന്നാല്‍, നവരാത്രി ദിനത്തില്‍ ഇറച്ചി കടകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. ''സര്‍ക്കാര്‍ അത്തരം ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് ജില്ലാ അധികൃതരോട് ചോദിക്കാനും'' ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.

  ഡല്‍ഹി (Delhi)

  ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ മുകേഷ് സൂര്യന്‍ ചൊവ്വാഴ്ച മുതല്‍ നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പല്‍ കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാദ്യമായാണ് നവരാത്രി കാലത്ത് തങ്ങളുടെ അധികാര പരിധിയിലുള്ള ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ അധികൃതർ ആവശ്യപ്പെടുന്നത്. നവരാത്രി കാലത്ത് ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കാന്‍ നിത്യേന പോകുന്ന വഴിയില്‍ ഇറച്ചിക്കടകള്‍ കാണുമ്പോഴോ മാംസത്തിന്റെ ദുര്‍ഗന്ധം ഉണ്ടാകുമ്പോഴോ അത് ഭക്തരുടെ വികാരത്തെ ബാധിക്കുമെന്ന് എസ്ഡിഎംസി കമ്മീഷണര്‍ ഗ്യാനേഷ് ഭാരതിക്ക് അയച്ച കത്തില്‍ സൂര്യന്‍ പറയുന്നു.

  നവരാത്രി കാലത്ത് ദുര്‍ഗ്ഗാദേവിയുടെ ഭക്തര്‍ ഒമ്പത് ദിവസം വ്രതം അനുഷ്ഠിക്കുകയും മാംസാഹാരം, മദ്യം, പുകവലി എന്നിവുടെ ഉപയോഗം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദിവസങ്ങളില്‍ ആളുകള്‍ ഭക്ഷണത്തില്‍ നിന്ന് ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുമെന്നും ക്ഷേത്രങ്ങള്‍ക്ക് സമീപം മാംസം വില്‍ക്കുന്നത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു.

  ചില ഇറച്ചിക്കടകള്‍ ഓടകളിലോ റോഡരികിലോ മാലിന്യം തള്ളുന്നത് തെരുവു നായ്ക്കള്‍ കഴിക്കുന്നതും വഴിയാത്രകര്‍ക്ക് മോശമായ കാഴ്ചയാണെന്നും അദ്ദേഹം പറയുന്നു. എസ്ഡിഎംസിയുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ ഇറച്ചിക്കടകള്‍ നവരാത്രി കാലത്ത് അടച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും ക്ഷേത്രങ്ങളിലും പരിസരങ്ങളിലും ശുചിത്വം നിലനിര്‍ത്താനാകുമെന്നും കത്തില്‍ പറയുന്നു.

  എസ്ഡിഎംസിയുടെ അധികാര പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 1500 ഇറച്ചിക്കടകളുണ്ട്. ദക്ഷിണ ഡല്‍ഹി മേയറുടെ ഉത്തരവിനു പിന്നാലെ ഈസ്റ്റ് ഡല്‍ഹി മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാളും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു.
  Published by:Naveen
  First published: