രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്കഴിഞ്ഞ ദിവസം 2023-24 വര്‍ഷത്തെ ബജറ്റിന് പകരം മുന്‍ വര്‍ഷത്തെ ബജറ്റ് വായിച്ച സംഭവം ചര്‍ച്ചയാകുന്നു. രാജസ്ഥാനില്‍ ഈ വര്‍ഷമാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പിഴവ് സംഭവിച്ചത്.
ഇത് പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്. കൂടാതെ രാജസ്ഥാന് കോണ്‍ഗ്രസിലെ സച്ചിന് പൈലറ്റ് വിഭാഗത്തിന് ഗെലോട്ടിന്റെ പാളിച്ച അനുകൂലമാകുമോ എന്ന ചര്‍ച്ചകളും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.
സംഭവത്തിന് മേല്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ രണ്ട് മീറ്റിംഗുകള്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഒരു തീരുമാനമെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.
ഗെഹ്ലോട്ടിന്റെ ഈ നാക്കുപ്പിഴ ഒരു പക്ഷെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് ഒരു മുന്നറിയിപ്പാകും. ഗെഹ്ലോട്ട് എന്ന മുതിര്‍ന്ന നേതാവിന് ഭരണത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ കുറയുന്നുവെന്ന് പാര്‍ട്ടി തിരിച്ചറിയേണ്ട കാലമാണെന്നാണ് ചില നേതാക്കളുടെ പക്ഷം.
”വിവരങ്ങള്‍ ചോരുന്നു, മറ്റ് പല വിവാദങ്ങളും ഉണ്ടാകുന്നു. ഇത് സുവര്‍ണ്ണാവസരമായി കണ്ട് ബിജെപി രംഗത്തെത്തുന്നതാണ്. ഗെഹ്ലോട്ടിന് പ്രായമേറെയായി. അദ്ദേഹം ക്ഷീണിതനാണ്. മുഖ്യമന്ത്രിയെ മാറ്റി പുതിയൊരു നേതൃത്വത്തെ കൊണ്ടുവരേണ്ട സമയമായി,’ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഗെഹ്ലോട്ടിനെ നന്നായി അറിയുന്നവര്‍ ഇതൊന്നും ഒരു പ്രതിസന്ധിയല്ലെന്ന നിലപാടിലാണ്. പ്രതിസന്ധികളെ വിജയഘടകമാക്കി മാറ്റാന്‍ കഴിവുള്ള നേതാവാണ് ഗെഹ്ലോട്ട് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് സച്ചിന് പൈലറ്റ് പക്ഷവുമായി ഉണ്ടായ തര്‍ക്കം തന്നെ അതിന് ഉദാഹരണമാണ്. എന്നാല്‍ അത് കേന്ദ്രനേതൃത്വത്തിന്റെ സഹായത്തോടെ രമ്യമായി പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എന്നാല്‍ ഈ സംഭവത്തെ ഏറ്റെടുത്ത് പരസ്യമായി വിമര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് അനുകൂലമാകില്ലെന്നാണ് സച്ചിന് പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം പ്രചരണം തങ്ങള്‍ക്കെതിരെ വരാനും കാരണമാകും. കോണ്‍ഗ്രസുകാര്‍ ബിജെപിയെ സഹായിക്കുന്ന രീതി സ്വീകരിക്കുവെന്ന നിലയില്‍ ഗെഹ്ലോട്ട് പക്ഷം തങ്ങള്‍ക്കെതിരെ പ്രചരണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് പൈലറ്റ് പക്ഷത്തിന്റെ ആശങ്ക. അതിനാല്‍ പൈലറ്റ് പക്ഷത്തില്‍ നിന്ന് ഉടനൊരു ആക്രമണം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
2023-24 വര്‍ഷത്തെ ബജറ്റിന് പകരം മുന്‍ വര്‍ഷത്തെ ബജറ്റിന്റെ ഭാഗങ്ങള്‍ വായിച്ചതാണ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രതിരോധത്തിലാക്കിയത്. ആദ്യ രണ്ട് പ്രഖ്യാപനങ്ങള്‍ വായിച്ചപ്പോള്‍ തന്നെ കാര്യം മനസിലാക്കിയ പ്രതിപക്ഷം സഭയില്‍ ബഹളം വെയ്ക്കാനാരംഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ മുന്‍ വശത്തേക്ക് എത്തുകയും ചെയ്തു. നഗര തൊഴില്‍, കൃഷി ബജറ്റ് എന്നിവയെക്കുറിച്ചുള്ള മുന്‍ ബജറ്റില്‍ നിന്നുള്ള കാര്യങ്ങളാണ് ഗെലോട്ട് വായിച്ചത്.
സഭയില്‍ ക്രമസമാധാനം നിലനിര്‍ത്തണമെന്ന് സ്പീക്കര്‍ സി പി ജോഷി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ അരമണിക്കൂറോളം നിര്‍ത്തിവച്ചു. പിന്നാലെ പുതിയ ബജറ്റ് ഉദ്യോഗസ്ഥര്‍ എത്തിച്ചു. സഭ പിരിഞ്ഞതിനു ശേഷം ബിജെപി എംഎല്‍എമാര്‍ നിയമസഭക്കകത്ത് കുത്തിയിരിപ്പു സമരം നടത്തി. ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും ഒരു മുഖ്യമന്ത്രി നിയമസഭയില്‍ വരുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.