• HOME
 • »
 • NEWS
 • »
 • india
 • »
 • ഖാർഗെ നയിച്ചാൽ കോൺഗ്രസ് മാറുമോ? അതോ നില കൂടുതൽ വഷളാകുമോ?

ഖാർഗെ നയിച്ചാൽ കോൺഗ്രസ് മാറുമോ? അതോ നില കൂടുതൽ വഷളാകുമോ?

"ഗാന്ധി കുടുംബത്തിൻെറ പിന്തുണയില്ലാത്ത ഒരാളെ പരിഗണിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം നാണക്കേട് തന്നെയാണ്."

 • Share this:
  സായന്ദൻ ഘോഷ്

  കോൺഗ്രസിൻെറ (Congress) പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മല്ലികാർജുൻ ഖാർഗെയുടെ (Mallikarjun Kharge) പുതിയ അഭിമുഖങ്ങൾ കണ്ടിട്ടുള്ളവർക്ക് ഒരു കാര്യം ഉറപ്പായും മനസ്സിലാകും. ഗാന്ധി കുടുംബം പറയുന്നതിന് അപ്പുറത്ത് അദ്ദേഹത്തിന് വ്യക്തിപരമായി യാതൊരു അഭിപ്രായവും ഇല്ല. കോൺഗ്രസ് പാർട്ടിക്ക് പ്രതീക്ഷയുടെ അവസാന കണികയും നഷ്ടമാവുകയാണ്. ഗാർഗെ പാർട്ടിക്ക് കൂടുതൽ നഷ്ടമേ ഉണ്ടാക്കൂ എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പാർട്ടി സംവിധാനം എങ്ങനെയാണോ പോകുന്നത് അതിൽ ഒരു മാറ്റവും ഇല്ലാതെ അദ്ദേഹം കൊണ്ട് പോവും. രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കുകയും ചെയ്യും.

  22 വർഷത്തിന് ശേഷമാണ് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെറ്ററൻ നേതാവായ മല്ലികാർജുൻ ഖർഗെയും ശശി തരൂരും തമ്മിലായിരുന്നു മത്സരം. എന്നാൽ ഈ തെരഞ്ഞെടുപ്പ് നീതിയുക്തമായിട്ടല്ല നടന്നത് എന്ന കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ പക്ഷപാതിത്വം ഒന്നും തന്നെയില്ലെന്ന് ഗാന്ധി കുടുംബം വീണ്ടും വീണ്ടും വ്യക്തമാക്കിയിരുന്നുവെങ്കിലും പിസിസികൾ ശശി തരൂരിന് നൽകിയ സ്വീകരണം കണ്ടാൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ.

  ഗാന്ധി കുടുംബത്തിൻെറ പിന്തുണയില്ലാത്ത ഒരാളെ പരിഗണിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം നാണക്കേട് തന്നെയാണ്.

  അവസരം നഷ്ടപ്പെട്ടു

  ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇഷ്ടപ്പെടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. അവസാനം നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്ത് വെറും 20 ശതമാനം വോട്ട് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിക്ക് ലഭിച്ചത്. ഇടക്കാല പ്രസിഡൻറായ സോണിയ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ആരോഗ്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ രാജ്യവ്യാപകമായി നടന്ന ഒരു റാലിയിലും സോണിയയുടെ സാന്നിധ്യം കാണാൻ സാധിച്ചിട്ടില്ല.

  കുറച്ച് മണിക്കൂറുകൾ മാത്രമാണ് സോണിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധിക്കായിരുന്നു ഈ അടുത്ത കാലം വരെ പാർട്ടിയുടെ ചുമതല. എന്നാൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

  കോൺഗ്രസ് പാർട്ടിക്ക് ഇത് വലിയൊരു അവസരമായിരുന്നു. സ്വന്തം നേതാക്കളോട് ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറയാൻ പറ്റിയ സമയമായിരുന്നു. പൂർണമായ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും സ്ഥാനാർഥിക്ക് നീതിപരമായ രീതിയിൽ പ്രവർത്തിക്കാനുള്ള അവസ്ഥയെങ്കിലും ഉറപ്പാക്കേണ്ടത് സ്ഥാനമൊഴിയുന്ന പ്രസിഡൻറിൻെറയും കുടുംബത്തിൻെറയും കടമയായിരുന്നു. ഒരു എതിരാളിയെ പ്രഖ്യാപിക്കാൻ ഗാന്ധികുടുംബം ഒരിക്കലും തയ്യാറായില്ല.

  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രസിഡൻറ് പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണച്ചുവെങ്കിലും രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അവസാന നിമിഷം അദ്ദേഹം പിൻമാറി. അതോടെയാണ് ഖർഗെക്ക് നറുക്ക് വീഴുന്നത്. കോൺഗ്രസ് പാർട്ടി ഒരു മികച്ച നേതാവിനെയോ അല്ലെങ്കിൽ ശക്തനായ പാർട്ടി പ്രസിഡൻറിനെയോ അല്ല ലക്ഷ്യമിടുന്നതെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമായിരുന്നു. ഗാന്ധി കുടുംബത്തിൻെറ പാർട്ടിയിലെ അധികാരത്തിന് ഭീഷണിയാവാത്ത ഒരാളെയാണ് അവർ തേടിക്കൊണ്ടിരുന്നത്.

  കോൺഗ്രസ് ഒരു കുടുംബ പാർട്ടിയാണ് എന്ന ആരോപണം ഒട്ടും പുതുമയില്ലാത്തതാണ്. എന്നാലിത് കോൺഗ്രസ് പാർട്ടിക്ക് മാത്രമുള്ള സവിശേഷതയല്ല. ഇന്ത്യയിലെ നിരവധി പ്രാദേശിക പാർട്ടികൾ കുടുംബ പാർട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ 70 വർഷം നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള കോൺഗ്രസ് മാത്രമാണ് കുടുംബ പാർട്ടിയെന്ന നിലയിൽ തകർന്നടിഞ്ഞത്. ഈ മാസം മരിക്കുന്നത് വരെ മുലായം സിങ് യാദവ് തന്നെയാണ് സമാജ്വാദി പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. തൻെറ കുടുംബത്തിന് പാർട്ടിയിലെ പ്രധാന പദവികളെല്ലാം കൈമാറുന്നതിൽ അദ്ദേഹം വിജയിച്ചു.

  ലാലു പ്രസാദ് യാദവ്, ശരത് പവാർ, കെസിആർ, സ്റ്റാലിൻ എന്നിവരുടെയെല്ലാം സ്ഥിതി ഇത് തന്നെയാണ്. അവരെല്ലാം കുടുംബ പാർട്ടികളായാണ് നിലനിൽക്കുന്നത്. അതിൽ വിട്ടുവീഴ്ചയില്ലാതെ അഭിമാനത്തോടെ പ്രവർത്തിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.

  ഖർഗെയുടെ രാഷ്ട്രീയ വിധേയത്വം

  കോൺഗ്രസിലെ നേതാക്കളിൽ ഭൂരിപക്ഷവും രാഷ്ട്രീയ വിധേയത്വം കാണിക്കുന്നവരാണ്. അത് തന്നെയാണ് പാർട്ടിയുടെ പ്രധാന പ്രശ്നവും. മല്ലികാർജുൻ ഖർഗെ, ശശി തരൂരുമായി താരതമ്യം ചെയ്യുമ്പോൾ എക്കാലത്തും ഗാന്ധി കുടുംബത്തോട് കൂറ് പുലർത്തുന്ന നേതാവാണ്. തരൂരിന് പുറത്ത് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് നേരത്തെ പല ചർച്ചകളും നടന്നിരുന്നു.

  ബിജെപിയെ എതിർക്കാൻ പോന്ന ഒരു രാഷ്ട്രീയധാര ഇന്ത്യയിൽ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് കരുത്തുള്ള ഒരു പ്രതിപക്ഷം വേണമെന്നും അവർ കരുതുന്നു. കോൺഗ്രസിനുള്ളിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗമാണ് ശശി തരൂരിന് പിന്തുണ നൽകിയിരുന്നത്. പാർട്ടിയെ നയിക്കാൻ വേണ്ടിയല്ല, പകരം പിന്തുണയ്ക്കുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഖാർഗെ പാർട്ടിയുടെ തലത്ത് എത്തുന്നത്.

  Also read : ശശി തരൂർ നന്ദി അറിയിച്ച ഇരുപത് ഭാഷകളിൽ രണ്ടെണ്ണം എന്തുകൊണ്ട് ഇംഗ്ലീഷ് ലിപിയിൽ?

  കാലഹരണപ്പെട്ട തന്ത്രങ്ങൾ

  ഗാന്ധികുടുംബത്തിൻെറ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി മുന്നോട്ട് വെക്കുന്ന തന്ത്രങ്ങളിൽ പലതും ജനങ്ങൾക്ക് മനസ്സിലാവാറേയില്ല. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ രാഹുൽ ഗാന്ധി എന്തിനാണ് ദക്ഷിണേന്ത്യയിൽ പര്യടനം നടത്തുന്നതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. റാലി നടത്തിക്കൊണ്ടല്ല കോൺഗ്രസ് പാർട്ടി തിരിച്ചുവരവ് നടത്തേണ്ടത്. സംസ്ഥാനങ്ങളിലെ ഭരണം നേടിയെടുത്ത് കൊണ്ടാണ്. യാത്രയ്ക്ക് മുന്നിട്ടിറങ്ങുന്നതിന് മുമ്പ് ഗുജറാത്തിലും ഹിമാചൽപ്രദേശിലും വേണ്ട പോലെ പ്രചാരണം നടത്തുകയാണ് കോൺഗ്രസ് പാർട്ടി ചെയ്യേണ്ടിയിരുന്നത്. അല്ലെങ്കിൽ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കണം യാത്ര നടത്തേണ്ടത്.

  Also read : മല്ലികാർജുൻ ഖാർഗെ 7897 കോൺഗ്രസ് പ്രസിഡന്റ്; ശശി തരൂർ 1072; 416 അസാധുവും

  മല്ലികാർജുൻ ഖർഗെക്ക് കോൺഗ്രസ് പ്രസിഡൻറ് എന്ന നിലയിൽ വ്യക്തമായ പദ്ധതികളൊന്നും തന്നെയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. “ഗാന്ധി കുടുംബം ഇല്ലാതെ നിങ്ങൾക്ക് പാർട്ടിയെ നന്നായി മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കില്ല. അവരുടെ ഉപദേശങ്ങൾ എപ്പോഴും സ്വീകരിക്കണം,” ഖാർഗെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡൻറായ മല്ലികാർജുൻ ഖർഗെ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. ഗാന്ധി കുടുംബത്തിൻെറ അനുഗ്രഹം കൊണ്ട് മാത്രം കോൺഗ്രസിനെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നതാണ് അത്. പാർട്ടിയുടെ ആദർശവും ആശയങ്ങളും ഉയർത്തിപ്പിടിക്കേണ്ട ആളാണ് പ്രസിഡൻറ്. ജനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് പ്രസിഡൻറ് പ്രവർത്തിക്കേണ്ടത്. കാരണം എന്തെന്നാൽ ഇന്ത്യ കരുത്തുറ്റ ഒരു പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുണ്ട്. ഇത് ചെയ്യാൻ ഖർഗെയ്ക്ക് സാധിക്കില്ലെങ്കിൽ അദ്ദേഹത്തിന് ഒരു മാറ്റവും കൊണ്ട് വരാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിന് കൂടുതൽ നഷ്ടം മാത്രമേ ഖർഗെയെക്കൊണ്ട് ലഭിക്കുകയുള്ളൂ.

  (ലേഖകൻ കോളമിസ്റ്റും മീഡിയ ആൻഡ് പൊളിറ്റിക്‌സിൽ ഗവേഷണം നടത്തുന്ന വ്യക്തിയുമാണ്. ലേഖനത്തിലെ അഭിപ്രായങ്ങൾ രചയിതാവിന്റേത് മാത്രമാണ്. പ്രസിദ്ധീകരണത്തിന്റെ നിലപാടല്ല)
  Published by:Amal Surendran
  First published: