ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി സഖ്യം 25 സീറ്റുകളിൽ മുന്നിലാണ്. സിപിഎം-കോൺഗ്രസ് സഖ്യം 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ തിപ്ര മോത്ത മുന്നിലെത്തിയത്, ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്.
കഴിഞ്ഞ തവണ അധികാരം നഷ്ടമായ സിപിഎം ഇത്തവണ ഭരണം തിരിച്ചുപിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിപ്ര മോത്തയുമായി സിപിഎം സഖ്യം ചേരുമോയെന്നാണ് അറിയാനുള്ളത്. വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഫലങ്ങൾ മാറി മറിയുന്നതായിരുന്നു ത്രിപുരയിലെ ട്രെൻഡ്. ഒരു ഘട്ടത്തിൽ സിപിഎം സഖ്യം 24 സീറ്റ് വരെ നേടിയിരുന്നു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ബിജെപി സഖ്യം കേവലഭൂരിപക്ഷം മറികടന്ന് 32 സീറ്റുകളിൽ ലീഡ് നേടിയിരുന്നു. അതിനുശേഷം ബിജെപി സഖ്യം വീണ്ടും പിന്നോട്ടു പോകുകയായിരുന്നു.
259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി മാണിക് സാഹ പ്രതികരിച്ചിരുന്നു. ഭരണമാറ്റം പ്രതീക്ഷിരക്കുന്നതായി ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജിതേന്ദ്ര ചൗധരി ന്യൂസ്18നോട് പ്രതികരിച്ചു.
Also Read- Tripura Election 2023 | ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; 25 സീറ്റിൽ ബിജെപിയ്ക്ക് ലീഡ്
ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങളെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.