• HOME
  • »
  • NEWS
  • »
  • india
  • »
  • Congress | രാജസ്ഥാൻ പ്രതിസന്ധി ഗെഹ്‍ലോട്ടിന്റെ അധ്യക്ഷമോഹത്തിന് വിലങ്ങാകുമോ? ​ഗാന്ധി കുടുംബത്തിന്റെ പ്രതീക്ഷകൾ?

Congress | രാജസ്ഥാൻ പ്രതിസന്ധി ഗെഹ്‍ലോട്ടിന്റെ അധ്യക്ഷമോഹത്തിന് വിലങ്ങാകുമോ? ​ഗാന്ധി കുടുംബത്തിന്റെ പ്രതീക്ഷകൾ?

കോൺ​ഗ്രസിലെ മുതിർന്ന നിരീക്ഷകർ ഇക്കാര്യത്തിൽ രോഷാകുലരാണെന്നും സോണിയാ ഗാന്ധിയോട് ഇതേക്കുറിച്ച് സംസാരിച്ചതായും പാർട്ടി വൃത്തങ്ങൾ പറയുന്നു.

  • Share this:
പല്ലവി ഘോഷ്

അശോക് ഗെഹ്‍ലോട്ടിനെ പാർട്ടി അധ്യക്ഷനാക്കുന്നതോടെ രണ്ട് രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. സച്ചിൻ പൈലറ്റിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം അവസാനിപ്പിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും നേതൃത്വ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ഇപ്പോൾ അശോക് ഗെഹ്‍ലോട്ടിന്റെ അനുയായികളായ എംഎൽഎമാരുടെ രാജി നീക്കം കോൺ​ഗ്രസ് നേതൃത്വത്തിലെ പലരെയും, പ്രത്യേകിച്ച് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ''മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിഎൽപി യോഗം വിളിച്ചത്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ പെട്ടെന്ന് പരിഹാരം കണ്ടെത്താനാകുമെന്നും അധികാരം സുഗമമായി കൈമാറ്റം ചെയ്യാനാകുമെന്നും കരുതി'', ഒരു കോൺ​ഗ്രസ് നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.

ഗെഹ്‌ലോട്ട് ക്യാമ്പിലെ എം‌എൽ‌എമാരുടെ പെട്ടെന്നുള്ള രാജി കോൺ​ഗ്രസ് നേതൃത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷം മുമ്പ് ഒരു കലാപം സൃഷ്ടിച്ച ആരെയെങ്കിലും ബഹുമാനിക്കണോ എന്നു പോലും പൈലറ്റിന്റെ പേരു പറയാതെ പലരും ചോദിച്ചിരുന്നു.

ഈ പ്രതിസന്ധിയെക്കുറിച്ച് മുതിർന്ന നേതാക്കളിൽ പലരും പ്രതികരണവുമായി രംഗത്തെത്തി. അധികാരം ഉപേക്ഷിക്കാൻ മുതിർന്നവർ തയ്യാറാകണമെന്നാണ് മുതിർന്ന നേതാവും സോണിയ ഗാന്ധിയുമായി അടുപ്പമുള്ള നേതാവുമായ മാർഗരറ്റ് ആൽവ ട്വീറ്റ് ചെയ്തത്.

also read : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ കൂട്ടരാജിയെന്ന് ഗെഹ്ലോത് പക്ഷം

കോൺ​ഗ്രസിലെ മുതിർന്ന നിരീക്ഷകർ ഇക്കാര്യത്തിൽ രോഷാകുലരാണെന്നും സോണിയാ ഗാന്ധിയോട് ഇതേക്കുറിച്ച് സംസാരിച്ചതായും പാർട്ടി വൃത്തങ്ങൾ പറയുന്നു. പ്രസിഡന്റ് എന്ന നിലയിൽ, ഗെഹ്‌ലോട്ടിന്റെ പ്രധാന ദൗത്യം പാർട്ടിയെ ഒന്നിപ്പിക്കുകയും വ്യക്തിപരമായ ആ​ഗ്രഹങ്ങൾ മാറ്റിവെയ്ക്കുകയും ചെയ്യുക എന്നതാണെന്ന് പലരും കരുതുന്നു. പാർട്ടി അധ്യക്ഷന് സുപ്രധാനമായ ഉത്തരവാദിത്തം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഗെഹ്‌ലോട്ട് ആണോ കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശരിയായ തിരഞ്ഞെടുപ്പ് എന്ന കാര്യത്തിലും ചോദ്യം ഉയരുന്നുണ്ട്. “ഞങ്ങൾക്ക് ആരെയും മത്സരിക്കുന്നതിൽ നിന്ന് തടയാൻ കഴിയില്ല. എന്നാൽ ഗാന്ധി കുടുംബമാണ് ​ഗെഹ്‍ലോട്ടിനെ തിരഞ്ഞെടുത്തതെന്നാണ് പലരും കരുതിയിരിക്കുന്നത്. ആ ധാരണ മാറ്റേണ്ടതുണ്ട്'', ഒരു മുതിർന്ന നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കമൽനാഥ്, സച്ചിൻ പൈലറ്റ്, ഭൂപീന്ദർ ഹൂഡ, ദിഗ്‌വിജയ സിംഗ് എന്നിവരുടെ പേരുകളും കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ട്. ഗാന്ധി കുടുംബം ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിക്കുമെന്നാണ് പാർട്ടി പറയുന്നത്. അതേസമയം, ഗെലോട്ടിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ആ​ഗ്രഹിക്കുന്നവരുമുണ്ട്.

ഈ സാഹചര്യം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തർ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. സീതാറാം കേസരി പാർട്ടിയെ ദുർബലപ്പെടുത്തുകയും പിളർത്തുകയും ചെയ്യുന്നുവെന്ന് ധാരണയുണ്ടായപ്പോൾ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ഇവിടെ ഓർക്കണം. നെഹ്‌റുവും ഗാന്ധികുടുംബവും കെട്ടിപ്പടുത്ത ഒരു പാർട്ടി തകരുന്നത് നോക്കി നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് സോണിയ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

രാഹുൽ ​ഗാന്ധി വീണ്ടും കോൺ​ഗ്രസ് അദ്ധ്യക്ഷനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ മറ്റു ക്യാമ്പുകൾ അധികം കരുത്തു കാട്ടാനിടയില്ല.

കോൺഗ്രസ് പാർട്ടിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്ത ഈ തിരഞ്ഞെടുപ്പ് വരും നാളുകളിൽ പാർട്ടിയിൽ വഴിത്തിരിവാകുന്ന ഒരു കാര്യം കൂടിയായിരിക്കും.
Published by:Amal Surendran
First published: