ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതിനു പിന്നാലെ സോണിയ ഗാന്ധി തിങ്കളാഴ്ച പാർട്ടിയുടെ താൽക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിച്ചെന്നു സൂചന. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുൻ മന്ത്രിമാർ, എംപിമാർ എന്നിവരുടെ നേതൃത്വത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയത്. കത്ത് ലഭിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇതു സംബന്ധിച്ച ചർച്ചകൾക്ക് വേദിയാകും.
താൻ പാർട്ടിയുടെ താൽക്കാലിക അധ്യക്ഷ സ്ഥാനത്തെത്തിയിട്ട് ഒരു വർഷം പൂർത്തിയായെന്നും സ്ഥാനം ഒഴിയാൻ തയാറാണെന്നും നേതാക്കൾക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടിക്ക് പുതിയ ഒരാളെ കണ്ടെത്താമെന്നും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇക്കാര്യം സ്ഥിരീകരിക്കാൻ ന്യൂസ് 18 മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ ബന്ധപ്പെട്ടെങ്കിലും സോണിയ രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ സോണിയ എന്തിന് രാജിവയ്ക്കണമെന്ന് മറ്റൊരു നേതാവായ സഞ്ജയ് നിരുപം ചോദിച്ചു. ഏതെങ്കിലും പ്രവർത്തക സമിതി അംഗം രാജി വച്ചോ? അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടക്കാനിരിക്കെ സിറ്റിംഗ് എംപിമാരും മുൻ മന്ത്രിമാരും അടങ്ങുന്ന ഒരു വിഭാഗം കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്,. അതേസമയം മറ്റൊരു വിഭാഗം രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്ത് വീണ്ടും അവരോധിക്കണമെന്ന അഭിപ്രായമുള്ളവരാണ്.
നേതാക്കൾ കത്തയച്ചത് അവിശ്വനീയമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് പ്രതികരിച്ചു. പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് സോണിയയുടെ തീരുമാനമെങ്കില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി രാഹുല്‍ ഗാന്ധി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aicc, Congress, Rahul gandhi, Sonia gandhi