ന്യൂഡൽഹി: ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കുക കേന്ദ്രസർക്കാരിന് എളുപ്പമാകില്ല. രാജ്യസഭയിലെ കണക്കുകൾ കേന്ദ്ര സർക്കാരിന് ഒട്ടും അനുകൂലമല്ല. ആകെയുള്ള 245 സീറ്റിൽ എന്‍ഡിഎ 86, യുപിഎ 116, മറ്റുള്ളവര്‍ 30 എന്നിങ്ങനെയാണ് കക്ഷിനില. 13 അംഗങ്ങളുള്ള സമാജ് വാദി പാർട്ടിയും നാലംഗങ്ങളുള്ള ബിഎസ്പിയും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
ഭരണപക്ഷത്താട് അനുകൂല നിലപാട് സ്വീകരിക്കാറുള്ള അണ്ണാ ഡിഎംകെ മുത്തലാഖിൽ എൻഡിഎക്ക് ഒപ്പമില്ല. 13 അംഗങ്ങളാണ് എഐഡിഎംകെക്കുള്ളത്. വോട്ടെടുപ്പുണ്ടായാൽ ബി.ജെ.ഡി., ടി.ആർ.എസ്., വൈ.എസ്.ആർ. കോൺഗ്രസ് എന്നീ കക്ഷികൾ വിട്ടുനിൽക്കും. മുത്തലാഖ് ബിൽ പരിഗണിക്കുമ്പോൾ സഭയിലുണ്ടാവണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം രാജ്യസഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ പിൻവലിക്കാതെയാണ് നിലവിലുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിക്കുന്നത്. പഴയ ബിൽ പിൻവലിക്കാതെ പുതിയത് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർക്കും. ലോക്‌സഭ പാസാക്കിയ പുതിയ ബില്ലും നിലവിലുള്ള ഓർഡിനൻസും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണപ്രമേയം അവതരിപ്പിക്കും. ബിൽ കൂടുതൽ പരിശോധനയ്ക്കായി രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
ബില്ലിനെ എതിർത്ത് തോൽപിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പ്രതിപക്ഷം. എന്നാൽ, പ്രതിപക്ഷ നിരയിൽ നിന്ന് ചിലരെ ഒപ്പം നിർത്തി ബിൽ പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലുണ്ടായ പ്രതിപക്ഷ നിലയിലെ ചേരിതിരിവ് മുത്തലാഖിലും ഉണ്ടാവുകയാണെങ്കിൽ ബില്ല് പാസാക്കിയെടുക്കാൻ പറ്റുമെന്നാണ് കേന്ദ്രസർക്കാരിനെ പ്രതീക്ഷ.
രാജ്യസഭയിലെ കക്ഷിനില ഇങ്ങനെആകെ അംഗങ്ങൾ-245പ്രതിപക്ഷം- 116 (കോൺഗ്രസ് - 50, ടി.എം.സി.-13, എസ്.പി.- 13, ടി.ഡി.പി.-6, സി.പി.എം.-5, ആർ.ജെ.ഡി.- 5, ബി.എസ്.പി. -4, എൻ.സി.പി.-4, ഡി.എം.കെ. -4, എ.എ.പി.- 3, സി.പി.ഐ.-2, ജെ.ഡി.എസ്.- 1, കേരളാ കോൺഗ്രസ്. (എം) -1, മുസ്‌ലിം ലീഗ്-1). മറ്റുള്ളവർ-4
എൻ.ഡി.എ.- 86 (ബി.ജെ.പി.-73, ജെ.ഡി.യു.-6, ശിരോമണി അകാലിദൾ-3, ശിവസേന-3 ആർ.പി.ഐ.-1
മറ്റുള്ളവർഎ.ഐ.എ.ഡി.എം.കെ.-13, ബി.ജെ.ഡി.- 9, ടി.ആർ.എസ്.-6, വൈ.എസ്.ആർ. കോൺഗ്രസ്-2
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.