പൂർണിമ മുരളി
തമിഴ്നാട്ടിലെ ഗ്രാമീണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തമിഴ് നടൻ വിജയ്(Actor Vijay) രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന ഗ്രാമീണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ(TN Panchayat Election) 115 സീറ്റുകളിൽ ജയിച്ചാണ് ഇളയ ദളപതിയുടെ ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം(Vijay Makkal Iyakkam) മുന്നേറ്റം നടത്തിയത്.
ആരാധകർക്കിടയിൽ 'ദളപതി' അല്ലെങ്കിൽ 'നേതാവ്' എന്ന പദവി ആസ്വദിക്കുന്ന നടൻ, തന്റെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ നേരത്തെ സിവിൽ കേസ് ഫയൽ ചെയ്തിട്ടും ഒൻപത് ജില്ലകളിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫാൻ ക്ലബിനെ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സംഘടന 115 സീറ്റുകൾ നേടി. 13 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതായി ജനറൽ സെക്രട്ടറിയും മുൻ കോൺഗ്രസ് പുതുച്ചേരി എംഎൽഎയുമായ ബസ്സി ആനന്ദ് പറഞ്ഞു. 115 വിജയികളിൽ 45 പേർ സ്ത്രീകളാണെന്നും മറ്റ് വിജയികളിൽ കർഷകർ, ലാബ് ടെക്നീഷ്യൻമാർ, വിദ്യാർത്ഥികൾ, സ്കൂൾ അധ്യാപകർ, വ്യാപാരികൾ എന്നിവരും ഉൾപ്പെടുന്നുവെന്നും ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
140 ജില്ലാ പഞ്ചായത്ത് യൂണിയൻ സീറ്റുകളിൽ 138 സീറ്റുകൾ നേടിയ ഡിഎംകെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ നേരിടുന്ന രണ്ടാമത്തെ വലിയ തോൽവിയാണിത്.
വിജയ് ഫാൻസിന്‍റെ രാഷ്ട്രീയം
അഖിലേന്ത്യാ ദളപതി മക്കൾ ഇയ്യക്കത്തിന് 10 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട്, കൂടാതെ 2011 ലെ തിരഞ്ഞെടുപ്പിൽ, എഐഎഡിഎംകെ, ജയലളിത എന്നിവർക്ക് വിജയ് പിന്തുണ നൽകിയത് ഒഴിച്ചു നിർത്തിയാൽ, വിജയ് ഫാൻസ് അസോസിയേഷന് പൊതുവെ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. മെഡിക്കൽ ക്യാമ്പുകൾ നടത്തുക, വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുക, രക്തദാന ക്യാംപുകൾ നടത്തുക തുടങ്ങി സന്നദ്ദസേവനങ്ങളാണ് സംഘടന നടത്തിയിരുന്നത്.
Also Read- തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ശ്രദ്ധേയ വിജയം കൈവരിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്‍
ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ സ്ഥാപിത രാഷ്ട്രീയ പാർട്ടികളെപ്പോലെ വിജയ് ഫാൻസ് സംഘടനയുടെ സാന്നിധ്യം എവിടെയും ആഴത്തിൽ വേരൂന്നിയതല്ല, പക്ഷേ നടന്റെ ആരാധകർ സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
വിജയ് സിനിമകളിലെ രാഷ്ട്രീയം
സമീപ വർഷങ്ങളിൽ വിജയ് അഭിനയിച്ച സിനിമകൾ ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ വിമർശിക്കുന്ന രംഗങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. മെർസൽ പോലെയുള്ള സിനിമയ്ക്കെതിരെ ബിജെപി പ്രവർത്തകർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. നടൻ വിജയുടെ വീട്ടിൽ ആദായനികുതി റെയ്ഡ് നടത്തിയതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ നടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം മൌനം പാലിച്ചു.
അടുത്തിടെ താരത്തിന്‍റെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് പിതാവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനകൾ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിനെ നടനും ആരാധക സംഘടനയും എതിർത്തു. ഈ സാഹചര്യത്തിൽ, ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ഏറെ പ്രധാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പരസ്യമായി രാഷ്ട്രീയ നിലപാട് ഇല്ലെങ്കിലും ആരാധക സംഘടനയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വിജയ് എന്ന താരത്തിന്‍റെ പിന്തുണ ഉണ്ടായിരുന്നു. വരും കാലങ്ങളിൽ വോട്ടർമാരുടെ മാനസിക പിന്തുണ പിടിച്ചെടുക്കാൻ സംഘടനയ്ക്ക് കഴിയും. ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള വിജയുടെ കഴിവ് സംഘടനയ്ക്ക് ഗുണമാകുമെന്ന് കരുതുന്നവരുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിൽ, വേദിക്ക് പുറത്ത് ആരാധകരുടെ തിരക്ക് വലിയ ഗതാഗത കുരുക്കിന് കാരണമായിരുന്നു.
എംജിആറിനും ജയലളിതയ്ക്കും ശേഷം ആര്?
എംജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ ആരാധനാമൂർത്തികളുടെ ശൂന്യത നികത്താൻ സാധ്യതയുള്ള ഒരു നേതാവായി വിജയ് വളർന്നു വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി, സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന പ്രതീതി തന്റെ ആരാധകവൃന്ദത്തിൽ സൃഷ്ടിച്ചെങ്കിലും അദ്ദേഹം അതിൽ നിന്ന് പിൻമാറുകയായിരുന്നു.
Also Read- അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ പരിഷ്‌കാരങ്ങള്‍ തുടരുന്നു
നടൻ വിജയകാന്തിന്റെ ദേശിയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ), കമൽഹാസന്റെ മക്കൾ നീതി മയം (എംഎൻഎം) എന്നീ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ജയലളിതയുടെ വിയോഗത്തിനും എഐഎഡിഎംകെയിലെ വിള്ളലിനും ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏക സ്ഥിരതയുള്ള രാഷ്ട്രീയ കക്ഷിയായ ഡിഎംകെ നടൻ ഉദയനിധി സ്റ്റാലിനെ അടുത്ത തലമുറയിലെ രാഷ്ട്രീയ നേതാവായി ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയ് കളത്തിൽ ഇറങ്ങിയാൽ, അദ്ദേഹത്തിനുള്ള ആരാധക പിന്തുണ മറ്റൊരു താരനേതാവിന്‍റെ ഉദയായി മാറുമെന്ന് കരുതുന്നവരുണ്ട്.
ദളപതി വിജയ് മക്കൾ ഇയക്കവുമായി വിജയ് രാഷ്ട്രീയത്തിൽ ചുവടു ഉറപ്പിക്കുകയാണെങ്കിൽ ജനകീയ പിന്തുണയുള്ള ഒരു സംഘടനയും കേഡർ സംവിധാനവും തത്വശാസ്ത്രവും നയിക്കുന്ന ഒരു പാർട്ടിയും തമ്മിലുള്ള പോരാട്ടത്തിന് തമിഴ്‌നാട് സാക്ഷ്യം വഹിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Vijay