ലഖ്നൗ: ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. ലഖ്നൗവിലെ ബാബു ബനാറസി ദാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീട്ടിനകത്ത് കിടപ്പുമുറിയിലായിരുന്നു ബാറ്ററി ചാർജ് ചെയ്യാനിട്ടിരുന്നത്.
അമിതമായി ചാർജ് ചെയ്തതിനെ തുടർന്ന് ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോഡ്രൈവറായ അങ്കിത് കുമാർ ഗോസ്വാമിയുടെ ഭാര്യ റോളി (25), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ, റോളിയുടെ സഹോദരന്റെ ഒമ്പത് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്.
Also Read- ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന് രണ്ട് വർഷം വിലക്കേർപ്പെടുത്തി എയർ ഇന്ത്യ
ഓട്ടോഡ്രൈവറായ അങ്കിത് കുമാറും ഭാര്യ റോളിയും മൂന്ന് മക്കളും സഹോദര പുത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയും നാല് കുട്ടികളും കിടന്നുറങ്ങുന്ന മുറിയിലായിരുന്നു അങ്കിത് ബാറ്ററി ചാർജിങ്ങിനായി ഇട്ടിരുന്നത്.
Also Read- ലഹരിക്കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു; സമീർ വാംഖഡെയ്ക്കെതിരെ സിബിഐ കേസ്
ബാറ്ററി പൊട്ടിത്തെറിക്കുന്ന സമയത്ത്, റോളിക്കൊപ്പം മക്കളായ സിയ (8), കുഞ്ച് (3), ഛോട്ടു (7 മാസം), സഹോദര പുത്രി റിയ (9) എന്നിവരും ഉറങ്ങുകയായിരുന്നു. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം നടന്നത്. ഈ സമയത്ത് ശുചിമുറിയിലേക്ക് പോയതിനാൽ അങ്കിത് കുമാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.
ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ റോളിയേയും നാല് മക്കളേയും അയാൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് യുവതിയും രണ്ട് കുട്ടികളും മരിച്ചത്. എട്ട് വയസ്സുള്ള മകളും ഏഴ് മാസം പ്രായമുള്ള കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.