ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാൻ ഇത്തവണ സിആർപിഎഫിലെ വനിത ബൈക്കർമാർ എത്തുന്നു. ജനുവരി 26ന് രാജ്പത്തിൽ നടക്കുന്ന പരേഡിലാണ് വനിതകൾ എത്തുന്നത്. സാഹസിക പ്രകടനങ്ങളുമായിട്ടായിരിക്കും വനിതകളുടെ അരങ്ങേറ്റം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നൽകുന്ന സൂചന.
65 അംഗ സംഘമാണ് അക്രോബാറ്റിക് കഴിവുകൾ പ്രദർശിപ്പിക്കുന്നത്. 90 മിനിറ്റ് നീണ്ട പരേഡിന്റെ അവസാനത്തിലായിരിക്കും വനിതകളുടെ പ്രകടനം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റിലായിരിക്കും വനിതകളുടെ അഭ്യാസ പ്രകടനം.
സിആർപിഎഫ് വനിത ബൈക്കർമാർ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത് ഇതാദ്യമായിട്ടാണ്. എല്ലാ ജോലികളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2014ലാണ് ഈ സംഘത്തെ രൂപീകരിച്ചത്- സിആർപിഎഫ് വക്താവ് ഡിഐജി മോസസ് ദിനകരൻ പിടിഐയോട് പറഞ്ഞു.
ഇൻസ്പെക്ടർ സീമ നാഗിനാണ് സംഘത്തിന്റെ ചുമതല. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. വിവിധ റാങ്കിലുള്ളവരാണ് ഇവർ. 2018ൽ ബിഎസ്എഫിലെ വനിത ബൈക്കർമാർ സമാനമായ സാഹസിക പ്രകടനം കാഴ്ച വെച്ചിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.