• HOME
  • »
  • NEWS
  • »
  • india
  • »
  • ബൈക്ക് ടാക്സിയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; റോഡിലേക്ക് എടുത്തുചാടി പരിക്ക്

ബൈക്ക് ടാക്സിയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; റോഡിലേക്ക് എടുത്തുചാടി പരിക്ക്

ബൈക്കിൽ നിന്ന് ചാടുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

  • Share this:

    ബംഗളൂരുവിൽ ബൈക്ക് ടാക്‌സി ഓടിച്ചിരുന്നയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. യാത്രയ്ക്കിടെ ബൈക്ക് ഓടിച്ചിരുന്നയാൾ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് റോഡിലേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് പരിക്കേറ്റു.

    ഏപ്രിൽ 21 ന് രാത്രി യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബൈക്കിൽ നിന്ന് ചാടുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബൈക്ക് ടാക്‌സി സർവീസ് ഉപയോഗിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സംഭവമാണിത്.

    സംഭവദിവസം രാത്രി 11.10 ന് ഇന്ദിരാനഗറിലേക്കാണ് യുവതി റാപ്പിഡോയിൽ റൈഡ് ബുക്ക് ചെയ്തത്. യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ റൈഡർ, വൈകാതെ അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഒടിപി പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

    യുവതി ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടതോടെ റൈഡർ ഇന്ദിരാനഗർ ഭാഗത്തേക്ക് പോകാതെ ദൊഡ്ഡബല്ലാപ്പൂരിലേക്ക് ഓടിച്ചു. ഇതോടെയാണ് യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് റോഡിലേക്ക് ചാടിയത്. വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റു. സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

    യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ഇന്നലെ പ്രതിയെ അറസ്റ്റ് ചെയു. ഹൈദരാബാദ് സ്വദേശി ദീപക് റാവു (28) ആണ് പ്രതി. നാലര വർഷമായി ഇയാൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി തുടങ്ങിയ ഇയാൾ കഴിഞ്ഞ രണ്ടര വർഷമായി ഒരു ബൈക്ക് ടാക്സി റൈഡറായി പ്രവർത്തിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് ബൈക്ക് ടാക്സി അധികൃതരായ റാപ്പിഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

    Published by:Anuraj GR
    First published: