• HOME
 • »
 • NEWS
 • »
 • india
 • »
 • Marital Rape | ലൈംഗികബന്ധത്തോട് 'നോ' പറയാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കുമുണ്ട്; വൈവാഹിക ബലാത്സംഗത്തില്‍ ഡല്‍ഹി ഹൈക്കോടതി

Marital Rape | ലൈംഗികബന്ധത്തോട് 'നോ' പറയാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കുമുണ്ട്; വൈവാഹിക ബലാത്സംഗത്തില്‍ ഡല്‍ഹി ഹൈക്കോടതി

2021 ഓഗസ്റ്റിൽ ഇന്ത്യയിലെ വിവിധ കോടതികൾ മൂന്ന് വൈവാഹിക ബലാത്സംഗ കേസുകളിൽ വിധി പ്രസ്താവിച്ചിരുന്നു

 • Last Updated :
 • Share this:
  സമ്മതത്തോടു കൂടിയല്ലാത്ത ലൈംഗികബന്ധത്തിന് (Non-consensual Sexual Act) 'നോ' പറയാൻ എല്ലാ സ്ത്രീകള്‍ക്കും (Women) അവകാശമുണ്ടെന്ന് (Rights) ഡൽഹി ഹൈക്കോടതി (Delhi High Court). അവിടെ വിവാഹിതയാണോ അവിവാഹിതയാണോ എന്നതിന് പ്രസക്തി ഇല്ലെന്നും കോടതി വ്യക്തമാക്കി. വിവാഹിതയായ സ്ത്രീ ഭര്‍ത്താവിൽ നിന്ന് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായാൽ ഐപിസി സെക്ഷന്‍ 375 (ബലാത്സംഗം) ഒഴികെയുള്ള മറ്റ് സിവില്‍, ക്രിമിനല്‍ നിയമ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാഴ്ചപ്പാട് ശരിയല്ലെന്നും ചൊവ്വാഴ്ച കോടതി പറഞ്ഞു.

  "വിവാഹിതയായെന്ന് കരുതി ഇഷ്ടമല്ലാത്ത കാര്യത്തോട് വിസമ്മതിക്കാനുള്ള അവരുടെ അവകാശം നഷ്ടപ്പെടുമോ?'', വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ബെഞ്ച് ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 375-ാം വകുപ്പ് പ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ ചില തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ ഇളവുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 21 എന്നിവയെ ലംഘിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ രാജീവ് ഷാക്ധേര്‍, സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

  ആര്‍ട്ടിക്കിള്‍ 14, 21 എന്നിവ കണക്കിലെടുക്കുമ്പോൾ ആ ഇളവുകള്‍ ന്യായീകരിക്കാനാകുമോ എന്ന് കോടതി ചോദിക്കുന്നു. "ഭര്‍ത്താവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചാല്‍ ഭാര്യക്ക് വിവാഹമോചനം നേടാമെന്ന് പറയുന്നതല്ല ഇവിടത്തെ വിഷയം. എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്നം വ്യത്യസ്തമായിരിക്കുന്നത്? അവിവാഹിതയായ സ്ത്രീയുടെ അന്തസ്സിനെ ഇത് ബാധിക്കില്ല, പക്ഷേ വിവാഹിതയായ സ്ത്രീയുടെ അന്തസ്സിനെ ബാധിക്കും. അതെങ്ങനെ? ഇതിന് എന്താണ് ഉത്തരം? 'ഇല്ല' എന്നു പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോ? അപ്പോള്‍ വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയ 50 രാജ്യങ്ങള്‍ക്ക് തെറ്റ് പറ്റിയോ?", കോടതി ചോദിച്ചു.

  വ്യക്തിനിയമങ്ങൾ പ്രകാരം, ക്രൂരതയുടെ പേരില്‍ വിവാഹമോചനം നേടാനുള്ള അവകാശം വിവാഹിതയായ സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഐപിസി 498 എ (വിവാഹിതയായ സ്ത്രീയോടുള്ള ക്രൂരത) പ്രകാരം ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാൻ കഴിയുമെന്നുമുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വാദത്തെ ബെഞ്ച് അംഗീകരിച്ചില്ല. ഐപിസി സെക്ഷൻ 375 പ്രകാരമുള്ള ഇളവുകൾ സ്ത്രീകളുടെ സ്വകാര്യതയെ ലംഘിക്കുന്നതല്ലെന്ന് സർക്കാരിന്റെ അഭിഭാഷകയായ നന്ദിത റാവു വാദിച്ചു. ഐപിസി സെക്ഷൻ 375 പ്രകാരം ഒരു പുരുഷൻ, 15 വയസ് തികഞ്ഞ സ്വന്തം ഭാര്യയുമായി പുലർത്തുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടില്ല.

  എന്നാൽ, നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങൾ വിവാഹിതയായ സ്ത്രീയ്ക്കുള്ളതിനാൽ അത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമല്ലെന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജസ്റ്റിസ് ഷാക്ധേര്‍ പറഞ്ഞു. "ഒരു സ്ത്രീ ആര്‍ത്തവഘട്ടത്തിലാണെന്ന് സങ്കല്‍പ്പിക്കുക, അവർ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചിട്ടും ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അതൊരു കുറ്റമല്ലേ?", എന്നും അദ്ദേഹം ചോദിച്ചു. അതിന് മറുപടിയായി, അതൊരു കുറ്റകൃത്യമാണെന്നും എന്നാൽ ബലാത്സംഗ നിയമത്തിന്റെ കീഴിൽ അത് വരുന്നില്ലെന്നും സർക്കാർ അഭിഭാഷക പറഞ്ഞു. ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള ദമ്പതികളുടെ കാര്യത്തിൽ ഇത് സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമാണെന്നും എന്നാൽ വിവാഹിതരായ ദമ്പതികളുടെ കാര്യത്തിൽ ഈ വകുപ്പ് ബാധകമല്ലെന്നും അവർ വ്യക്തമാക്കി.

  ലൈംഗിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞ ജസ്റ്റിസ് ശങ്കർ വിവാഹബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കി. ഇണയില്‍ നിന്ന് ന്യായമായ ലൈംഗിക ബന്ധം പ്രതീക്ഷിക്കാനുള്ള നിയമപരമായ അവകാശം വിവാഹബന്ധം നൽകുന്നുണ്ട്. ക്രിമിനല്‍ നിയമത്തിൽ വൈവാഹിക ബലാത്സംഗം സംബന്ധിച്ച് ഇളവുകൾ നൽകുന്നതിൽ ഈ വസ്തുതയ്ക്ക് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.

  കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. ഇന്ത്യന്‍ ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഈ ഇളവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് ചില പുരുഷാവകാശ സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.

  2021 ഓഗസ്റ്റിൽ ഇന്ത്യയിലെ വിവിധ കോടതികൾ മൂന്ന് വൈവാഹിക ബലാത്സംഗ കേസുകളിൽ വിധി പ്രസ്താവിച്ചിരുന്നു. ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ആഗസ്റ്റ് 12 ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതി വിധിക്കുകയുണ്ടായി. കൂടാതെ, വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് പറഞ്ഞുകൊണ്ട് ആഗസ്ത് 26 ന് ഛത്തീസ്ഗഢ് കോടതി പ്രതികളിലൊരാളെ വെറുതെ വിടുകയും ചെയ്തു. എന്നാൽ, വൈവാഹിക ബലാത്സംഗം ക്രൂരതയാര്‍ന്ന പ്രവൃത്തിയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമാകാമെന്നും ആഗസ്റ്റ് 6 ന് കേരള ഹൈക്കോടതി വിധിച്ചു. 33 ശതമാനം ഇന്ത്യൻ പുരുഷന്മാർ തങ്ങളുടെ ഭാര്യയുമായി നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്നാണ് കണക്കുകൾ. ലോകത്തിലെ 151 രാജ്യങ്ങളിൽ ഇത് ഭാര്യയുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റം ആയി കണക്കാക്കുകയും അത് ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്യുന്നു.
  Published by:user_57
  First published: