• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പ്രണയത്തിന് മുന്നിൽ എന്ത് ജയിലഴി'; തിഹാർ ജയിലിലുള്ള കാമുകനെ കാണാൻ കാമുകിയെത്തിയത് 'സന്നദ്ധ പ്രവർത്തക'യായി

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ജയിലിലുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം തുടങ്ങി

news18
Updated: August 14, 2019, 5:08 PM IST
'പ്രണയത്തിന് മുന്നിൽ എന്ത് ജയിലഴി'; തിഹാർ ജയിലിലുള്ള കാമുകനെ കാണാൻ കാമുകിയെത്തിയത് 'സന്നദ്ധ പ്രവർത്തക'യായി
News18
news18
Updated: August 14, 2019, 5:08 PM IST
ന്യൂഡൽഹി: തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാമുകനെ കാണാൻ പ്രണയിനി എത്തിയത് സന്നദ്ധ സംഘടനാ പ്രവർത്തക എന്ന വ്യാജേന. ജയിൽ അധികൃതരെ കബളിപ്പിച്ച് അകത്തുകടന്ന യുവതി തടവുകാരനെ കണ്ടു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ജയിലിലാണ് വലിയ സുരക്ഷാ വീഴ്ച സംഭവിച്ചത് എന്നതാണ് അധികൃതരെ ഞെട്ടിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. സന്നദ്ധപ്രവര്‍ത്തകയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ ജയിലിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം കാണിച്ചാണ് ഇവര്‍ ജയില്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചത്. ഇതിനിടെ ജയിലിലെ ഒരു ജീവനക്കാരന് തോന്നിയ സംശയമാണ് ഇവരുടെ തട്ടിപ്പ് പുറത്തറിയാന്‍ കാരണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇവര്‍ നിരത്തിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ജയിൽ ഡിജിപി സന്ദീപ് ഗോയൽ നിയോഗിച്ചു. ജയിൽ ഡിഐജി രാജേഷ് ചോപ്രയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്. ഇത്രയധികം സുരക്ഷയുള്ള തിഹാർ ജയിലിൽ യുവതിക്ക് എങ്ങനെ എത്തിപ്പെടാനായി എന്നതാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ജയിൽ സൂപ്രണ്ടും യുവതിയും തമ്മിൽ സൗഹൃദമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.

പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ കാമുകൻ ഹേമന്ത് ഗാർഗിന്റെ തലയിൽ ഉദിച്ച ആശയമാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉത്തംനഗർ സ്വദേശിയായ ഗാർഗ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. രണ്ടാം നമ്പർ ജയിലിലെ സൂപ്രണ്ടിന്റെ ഓഫീസിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി രണ്ട് വർഷമായി ജോലി നോക്കുന്നു .ജയിൽ സൂപ്രണ്ട് രാം മനോഹര്‍ ഗാർഗിനെ അന്ധമായി വിശ്വിസിച്ചുവെന്നും ഇതുവഴി ഓഫീസ് കംപ്യൂട്ടർ വ്യക്തിഗത ആവശ്യത്തിനായി ഗാർഗ് ഉപയോഗിച്ചതായും വിവരമുണ്ട്. ജയിലിലെ കംപ്യൂട്ടറിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അധോലാക രാജാവ് ഛോട്ടാ രാജനും കൊലപാതക കേസിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുൻ എംപി മുഹമ്മദ് ഷഹാബുദ്ദീനും ഡൽഹിയിലെ ഗുണ്ടാത്തലവൻ നീരജ് ഭവാനയും രണ്ടാം നമ്പർ ജയിലിലാണുള്ളത്. 'ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഉത്തരവാദിത്വം ആർക്കെന്നതിന് ഉത്തരം ലഭിക്കും. പങ്കാളികളായവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. ഒപ്പം ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും നടപടിയുണ്ടാകും' - ജയിൽ ഡിജിപി സന്ദീപ് ഗോയൽ പറഞ്ഞു.

First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...