ആന്ധ്രാപ്രദേശിലെ (Andhra Pradesh) വനമേഖലയില്‍ ഒരു കോണ്‍സ്റ്റബിളിനോടൊപ്പം മൃതദേഹം ചുമന്നുകൊണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍ (Woman Sub Inspector) നടന്നത് മൂന്ന് കിലോമീറ്ററോളം. വനമേഖലയിൽ കണ്ടെത്തിയ അജ്ഞാത ജഡം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നതിനായാണ് വനിതാ സബ് ഇന്‍സ്പെക്ടര്‍ ഈ കൃത്യം ഏറ്റെടുത്തത്. വയോധികന്റെ മൃതദേഹം കൊടും ചൂടിനെ അവഗണിച്ച് കിലോമീറ്ററുകളോളം ചുമന്ന് പുറത്തെത്തിച്ചത് കൃഷ്ണ പാവനി എന്ന വനിതാ സബ് ഇന്‍സ്പെക്ടറാണ്. മൃതദേഹവും ചുമന്ന് വനമേഖലയിലൂടെ നടക്കുന്ന വനിത ഓഫീസറുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഹന്മന്തുനിപേട്ട് മണ്ഡലത്തിലെ ഹാസിപേട്ട് വനമേഖലയിലായായിരുന്നു സംഭവം. തന്റെ ഉത്തരവാദിത്തം പ്രതിബദ്ധതയോടെയും ധൈര്യപൂര്‍വ്വവും ഒരു കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ നിര്‍വഹിച്ച എസ്ഐയുടെ നടപടി വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്. വനമേഖലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അറിഞ്ഞതിനെ തുടര്‍ന്നാണ് എസ്ഐയും കോണ്‍സ്റ്റബിളും സ്ഥലത്ത് എത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമായിരുന്നു വനത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ വനമേഖലയില്‍ നിന്ന് ആ മൃതദേഹം കനിഗിരി നഗരത്തിലെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ മറ്റാരുമില്ലാത്തതിനാലാണ് കോണ്‍സ്റ്റബിളിനെയും കൂട്ടി വനിത എസ്ഐ ധൈര്യപൂര്‍വ്വം ഈ ഉദ്യമം ഏറ്റെടുത്തത്. അവര്‍ ആ മൃതദേഹം പായയില്‍ പൊതിഞ്ഞ് നീളമുള്ള കമ്പില്‍ കെട്ടി കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ തോളില്‍ ചുമന്ന് അടുത്തുള്ള ഗ്രാമത്തിലെ പ്രധാന റോഡിലെത്തിച്ചു. അവിടെ നിന്ന് മൃതദേഹം ആംബുലന്‍സില്‍ കനിഗിരി ടൗണ്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വനിതാ എസ്ഐയെയും കോണ്സ്റ്റബളിനെയും എസിപിയും ഉന്നത ഉദ്യോഗസ്ഥരും അനുമോദിച്ചു. കൂടാതെ എസ്ഐയുടെ പ്രതിബദ്ധതയെയും സേവന സന്നദ്ധതയെയും ഗ്രാമത്തിലെ ജനങ്ങളും പ്രശംസിച്ചു.
സമാനമായ ഒരു സംഭവം കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലും നടന്നിരുന്നു. കാശിബുഗ്ഗ മേഖലയിലുള്ള ഒരു ഫാം ഫീല്‍ഡില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയപ്പോള്‍ പ്രദേശത്തെ വനിതാ എസ്ഐ ശിരിഷ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ മൃതദേഹം ചുമന്ന് നടന്നിരുന്നു. വനിതാ എസ്ഐയും കോണ്സ്ററബളും രണ്ട് കിലോമീറ്ററോളം മൃതദേഹം തോളിലേറ്റി.
അജ്ഞാത വയോധികന്റെ മൃതദേഹം സംസ്കരിക്കാന്‍ പ്രദേശവാസികള്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് ശിരിഷയ്ക്ക് മൃതദേഹം ചുമന്ന് രണ്ട് കി.മീ നടക്കേണ്ടി വന്നത്. പ്രദേശത്തെ വയലിലൂടെ പോലീസ് ഉദ്യോഗസ്ഥ മൃതദേഹം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിപി ഗൗതം സവാങ് അവരെ അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിരുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.