• HOME
 • »
 • NEWS
 • »
 • india
 • »
 • Women@75 | ഇവർ പോരാളികൾ; പുതിയ കശ്മീരിനെ പടുത്തുയർത്തുന്ന മൂന്ന് വനിതകൾ

Women@75 | ഇവർ പോരാളികൾ; പുതിയ കശ്മീരിനെ പടുത്തുയർത്തുന്ന മൂന്ന് വനിതകൾ

''എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല'' - ദരക്ഷൻ അന്ദ്രാബി

 • Last Updated :
 • Share this:
  പല്ലവി ഘോഷ്

  സ്വതന്ത്ര ഇന്ത്യയ്ക്ക് (Independent India ) ഈ വർഷം 75 വയസ് തികയുകയാണ്. ഈ അവസരത്തിൽ, രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്ന സ്ത്രീകളെ ആദരിക്കാതെ ഒരാഘോഷവും പൂർത്തിയാകില്ല. ഇന്ത്യയെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ഉന്നതിയിൽ എത്തിക്കാൻ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് പോരാടിയ സ്ത്രീകൾക്കുള്ള ന്യൂസ് 18-ന്റെ സമർപ്പണമാണ് ഈ പരമ്പര.

  കാശ്മീരിലെ വുഷു കളിക്കാരിയായ സാദിയ താരിഖ്, രാഷ്ട്രീയ പ്രവർത്തകയാകാൻ ആഗ്രഹിക്കുന്ന യുവ സംരംഭ ഇൻഷ മുസഫർ, കശ്മീരിലെ ആദ്യത്തെ വനിതാ വഖഫ് ബോർഡ് ചെയർപേഴ്സൺ ദരക്ഷൻ അന്ദ്രാബി എന്നിവരെക്കുറിച്ചാണ് ഈ ലേഖനം.

  സാദിയ താരിഖ് (Sadia Tariq)

  വുഷു ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ് സാദിയ താരിഖ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാദിയ ആദ്യമായി തായ്‌ക്വോണ്ടോ ക്ലാസിൽ പങ്കെടുക്കാൻ പോയത്. പരിശീലനത്തിനിടെ മുറിവേറ്റിട്ടും അതിലുള്ള താത്പര്യം സാദിയ ഉപേക്ഷിച്ചില്ല. ചൈനീസ് ആയോധന കലയായ വുഷു ആണ് പിന്നീട് പഠിച്ചത്.

  ''ആദ്യം എനിക്ക് ഗുസ്തിയോടാണ് താത്പര്യം തോന്നിയത്. എന്റെ മുത്തച്ഛൻ ​ഗുസ്തി മൽസരങ്ങൾ സ്ഥിരമായി കാണുമായിരുന്നു. അതിനു ശേഷം വുഷു ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ വുഷു പരിശീലിക്കാൻ തീരുമാനിച്ചു. ഒരു വുഷു മത്സരത്തിനിടെ എനിക്ക് ​സാരമായി പരിക്കേറ്റിരുന്നു. എന്നാൽ കളിക്കിടയാണല്ലോ പരിക്കേറ്റത് എന്നോർത്ത് എനിക്ക് സങ്കടമൊന്നും തോന്നിയില്ല. ഞാൻ വീട്ടിൽ വന്നപ്പോൾ, എന്റെ അമ്മ ഇതു കണ്ട് കരയാൻ തുടങ്ങി. അമ്മ എന്റെ മറ്റ് ബന്ധുക്കളോടെല്ലാം ഇക്കാര്യം പറഞ്ഞു. വുഷു മതിയാക്കാനാണ് അവരെല്ലാം എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും പ്രതിസന്ധിയിലായി. എന്നാൽ നിരാശയാകാതെ എന്റെ ആ​ഗ്രഹവുമായി മുന്നോട്ട് പോകാൻ ഉപദേശിച്ചത് എന്റെ അച്ഛനാണ്'', സാദിയ താരിഖ് ന്യൂസ് 18 നോട് പറഞ്ഞു.

  വീട്ടിലെ രണ്ടു പെൺമക്കളിൽ ഇളയവളാണ് സാദിയ. സാദിയയുടെ അച്ഛൻ ശ്രീനഗറിൽ വീഡിയോ ജേർണലിസ്റ്റായി ജോലി ചെയ്യുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന പുതിയ കായിക ഇനമാണ് വുഷു. തുടർച്ചയായി മൂന്ന് വുഷു മൽസരങ്ങളിൽ സ്വർണ മെഡലുകൾ നേടിയും സാദിയ താരമായിരുന്നു.

  സാദിയയുടെ നേട്ടങ്ങൾക്ക് ധാരാളം അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ നടന്ന മോസ്‌കോ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാദിയയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. അതിന്റെ അമ്പരപ്പ് സാദിയക്ക് ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

  ഒട്ടും എളുപ്പമായിരുന്നില്ല സാദിയയുടെ യാത്ര. ചാമ്പ്യൻഷിപ്പുകളിൽ പരാജയത്തോടെയാണ് തുടങ്ങിയത്. 2019-ൽ കൊൽക്കത്തയിൽ വെച്ചു നടന്ന തന്റെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ടാണ് തുടങ്ങിയത്. പക്ഷേ, ഒരിക്കലും വുഷു ഉപേക്ഷിക്കില്ലെന്ന് ഉറച്ചു തീരുമാനിച്ച് അവൾ വീണ്ടും മുൻപോട്ടു പോയി. അച്ഛനായിരുന്നു അവളുടെ ഏറ്റവും വലിയ പ്രചോദനം.

  ''2020ൽ ഹരിയാനയിൽ നടന്ന മൽസരത്തിലാണ് ഞാൻ ആദ്യത്തെ സ്വർണ മെഡൽ നേടിയത്. അന്നു ഞാൻ ഒരുപാട് സന്തോഷിച്ചു. അടുത്ത വർഷം മറ്റൊരു മൽസരത്തിലും സ്വർണം നേടി. അതിനു ശേഷമാണ് എന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി റഷ്യയിലേക്ക് പോകാനുള്ള അവസരം ലഭിച്ചത്'', സാദിയ പറഞ്ഞു. ആ മൽസരത്തിൽ വലിയ സമ്മർദത്തോടെയാണ് സാദിയ കളിച്ചത്. മോശം ആരോഗ്യാവസ്ഥയിലും, മികച്ച സൗകര്യങ്ങളും പരിശീലനവുമൊക്കെ ലഭിച്ച ലോകോത്തര താരങ്ങൾക്കെതിരെ മത്സരിച്ചാണ് സാദിയ വിജയിച്ചത്. എതിരാളികളുടെ ഉയരമാണ് സാദിയ നേരിട്ട വെല്ലുവിളികളിലൊന്ന്. ''ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളി എന്നെക്കാൾ ഉയരം ഉള്ളയാളും മികച്ച ശാരീരിക ഘടന ഉള്ളയാളും ആയിരുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ എന്റെ കൈ ഉയർത്തി, എന്നെ വിജയിയായി പ്രഖ്യാപിച്ചു. ആ നിമിഷം ഞാൻ നിലത്തു വീണു കരഞ്ഞു. അതിനു ശേഷം പ്രധാനമന്ത്രി എന്നെക്കുറിച്ച് ട്വീറ്റ് ചെയ്തെന്ന് ഞാനറിഞ്ഞു. അതെനിക്ക് വിശ്വസിക്കാനായില്ല. മൽസര ശേഷം ആദ്യം പോയത് എന്റെ മാതാപിതാക്കളുടെ അടുത്തേക്കാണ്', സാദിയ പറഞ്ഞു.

  സാദിയയുടെ വിജയം അവളെപ്പോലുള്ള നിരവധി കശ്മീരി പെൺകുട്ടികളുടെ വിജയമാണ്. കായിക മൽസരങ്ങളിൽ പെൺകുട്ടികൾ പങ്കെടുക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിൽ നിന്നാണ് അവൾ ഉയർന്നു വന്നത്.

  ബന്ധുക്കളെ പറഞ്ഞു മനസിലാക്കുക എന്നത് സാദിയയുടെ അമ്മയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. "എന്റെ മകൾ മെഡലുകൾ നേടാൻ ആരംഭിച്ചപ്പോൾ ബന്ധുക്കളിൽ പലരും നിശബ്ദരായി, നിരവധി പെൺകുട്ടികൾ ഇതുപോലുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്," സാദിയയുടെ അമ്മ ന്യൂസ് 18 നോട് പറഞ്ഞു. ''പല ബന്ധുക്കളും എന്റെ മു‌ന്നിൽ നല്ലവരാണ്. എന്നാൽ, പെൺകുട്ടികൾ ഇതുപോലുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കരുതെന്നാണ് അവർ മറ്റുള്ളവരോട് പറയുന്നത്. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ വിജയങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നതിനാൽ അവരുടെ അഭിപ്രായങ്ങൾ കാര്യമാക്കുന്നില്ല. എന്റെ അമ്മയും സമ്മർദത്തിലാണ്. പക്ഷേ എനിക്ക് നല്ല ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് എന്റെ മാതാപിതാക്കൾ ഉറപ്പാക്കുന്നു'', സാദിയ കൂട്ടിച്ചേർത്തു.

  വുഷു മൽസരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്ന സാദിയക്ക് ഒരു പോലീസ് ഓഫീസറാകാനാണ് ആഗ്രഹം. പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ട തുറിച്ചുനോട്ടങ്ങൾ, രക്ഷിതാക്കൾ നേരിട്ട പരിഹാസങ്ങൾ, സർക്കാർ ഫണ്ടിന്റെ അഭാവം, ഭക്ഷണത്തിനായി മാത്രം ദിവസേന 1000 രൂപയിലധികം ചെലവഴിക്കുന്ന മാതാപിതാക്കൾ തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലാണ് സാദിയ ഈ വിജയങ്ങളെല്ലാം നേടിയത്. ''വുഷു കളിയിൽ തിളങ്ങാനും ഒരു പോലീസ് ഓഫീസറായി നല്ല രീതിയിൽ പ്രവർത്തിക്കാനും എനിക്ക് സാധിക്കും. ഇത് എനിക്കും എന്റെ കുടുംബത്തിനും കശ്മീരിനെ സംബന്ധിച്ചും വലിയൊരു നേട്ടമായിരിക്കും. പുരുഷന്മാരോട് മൽസരിച്ചും എനിക്ക് വിജയിക്കാനാകുമെന്ന് തെളിയിക്കണം'', സാദിയ പറഞ്ഞു.

  ഇൻഷ മുസഫർ (Insha Muzaffar)

  ശ്രീനഗറിലെ ബെർസുലയിലുള്ള ഇൻഷാ മുസാഫറിന്റെ ഓഫീസ് പീച്ച് പിങ്ക് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ലിം​ഗസൂചനയുമായി ബന്ധപ്പെട്ട ഈ ക്ലീഷേയിൽ മാത്രമൊതുക്കി അവരുടെ പ്രവർത്തനങ്ങളെ കാണാനാകില്ല. 21-ാം വയസ്സിൽ ഒരു ബാങ്കിൽ നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്ത് ഒരു സംരംഭകയായി തന്റെ യാത്ര ആരംഭിച്ചയാളാണ് ഇൻഷ. ഒരു സലൂണിലൂടെ ആയിരുന്നു തുടക്കം. എന്നാലിപ്പോൾ ഇരുപത്തി മൂന്നാം വയസിൽ, ഒരു ഡെർമ ക്ലിനിക്കും മോളീസ് എന്ന പേരിൽ ഒരു കഫേയും ഇൻഷ മുസാഫറിന്റെ ഉടമസ്ഥതയിലുണ്ട്.

  ''ഞാൻ ജോലി ചെയ്യുന്ന കെട്ടിടം എന്റെ പിതാവിന്റേതാണ്. പക്ഷേ അദ്ദേഹത്തിൽ നിന്ന് ഞാൻ സ്വീകരിച്ച ഏക സഹായം അതാണ്. റിസ്ക് എടുക്കരുതെന്നും സലൂൺ നടത്തരുതെന്നും പലരും എന്നോട് പറഞ്ഞു. എന്നാൽ ഇന്നെനിക്ക് ധാരാളം ക്ലൈന്റുകളുണ്ട്'', ഇൻഷ ന്യൂസ് 18 നോട് പറഞ്ഞു.

  സ്ത്രീ ആയതിന്റെ പേരിൽ തനിക്ക് പല വിവേചനങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇൻഷ പറയുന്നു. രാവിലെ 9 മണിക്ക് ഓഫീസിൽ പോയാൽ രാത്രി 10 മണിക്കാണ് വീട്ടിലെത്തുന്നത്. ഇത് ബന്ധുക്കളിൽ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഇൻഷ പറയുന്നു. അവരിൽ പലരും അവളുടെ സ്വഭാവത്തെ പോലും ചോദ്യം ചെയ്തിട്ടുണ്ട്.

  ''ഒരു സലൂൺ തുറക്കാൻ അനുമതി ലഭിച്ചപ്പോഴും വായ്പ ലഭിച്ചപ്പോഴുമെല്ലാം എനിക്ക് അത് ചെയ്യാൻ കഴിയുമോ എന്ന സംശയത്തിലാണ് അവർ എന്നെ നോക്കിയത്. പക്ഷേ, അവരുടെ ധാരണകളെല്ലാം തെറ്റാണെന്ന് ഞാൻ തെളിയിച്ചു,'', ഇൻഷ പറഞ്ഞു.

  ഇന്ന് സംസ്ഥാനത്തെ ഏറ്റവും വിജയകരവും പ്രശസ്തവുമായ സലൂണുകളിൽ ഒന്ന് ഇൻഷയുടേതാണ്. അവളുടെ കഫേ യുവാക്കളെ കൊണ്ട് നിറയുന്നു. ഡെർമ ക്ലിനിക്കിനെ രാഷ്ട്രീയക്കാർ മുതൽ സംരംഭകർ വരെ പ്രശംസിക്കുന്നു.

  ''ഞാൻ ഈ രം​ഗത്തേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ എനിക്ക് ഒരുപാട് ത്യാഗങ്ങൾ ചെയ്യേണ്ടിവന്നു. എന്റെ പ്രായത്തിലുള്ള മറ്റു പെൺകുട്ടികളെപ്പോലെ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ഒരുപാട് സമയം ചെലവഴിക്കാനോ വിവാഹത്തിലോ മറ്റു ചടങ്ങുകളിലോ പങ്കെടുക്കാനോ എനിക്ക് കഴിഞ്ഞില്ല'', അവർ പറഞ്ഞു. തൽകാലം വിവാഹം വേണ്ടെന്ന് ഇൻഷ തീരുമാനിച്ചതിന്റെ മറ്റൊരു കാരണം ഇതാണ്. 60 ലക്ഷത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിലും ബിസിനസിൽ കൂടുതൽ ഉയരങ്ങളിലെത്തുന്നതിലുമാണ് ഇപ്പോൾ ഇൻഷയുടെ ശ്രദ്ധ. ‌

  ''ഞാൻ ഇപ്പോൾ സൽവാർ കമീസാണ് ധരിക്കുന്നത്. വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കാറില്ല. നേരത്തെ ജീൻസ് ധരിച്ചിരുന്നു. സർക്കാർ ഓഫീസുകളിലോ ബാങ്കുകളിലോ ചെല്ലുമ്പോൾ ജീവനക്കാർ എന്നെ തുറിച്ചുനോക്കുകയും ഗൗരവമായി എടുക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരം വസ്ത്രങ്ങൽ ധരിക്കുന്നത് ഇപ്പോൾ നിർത്തി. നിരന്തരമായ ഈ സ്വഭാവഹത്യ എന്നെ വല്ലാതെ അലട്ടുന്നു. എല്ലാവരും തമ്മിൽ പരസ്പരം അറിയുന്ന ഒരു ചെറിയ സ്ഥലത്താണ് ഞങ്ങൾ താമസിക്കുന്നത്. നിങ്ങളുടെ വസ്ത്രധാരണ രീതി നോക്കി പലരും നിങ്ങളെ വിലയിരുത്തും. എന്നെ സന്ദർശിക്കുന്ന പല വനിതാ രാഷ്ട്രീയക്കാരും ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറയാറുണ്ട്. ചിലപ്പോഴൊക്കെ നമുക്ക് നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആകാൻ കഴിയില്ല'', ഇൻഷ പറയുന്നു. ഇഷ്ടപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കാൻ കഴിയാതിരിക്കുന്നത് സ്ത്രീ ശാക്തീകരണനത്തിന് വിരുദ്ധമാണെന്നാണ് ഇൻഷ വിശ്വസിക്കുന്നത്.

  ഒരു രാഷ്ട്രീയപ്രവർത്തക ആകുക എന്ന ആ​ഗ്രഹവും ഇൻഷയുടെ ഉള്ളിലുണ്ട്. ''തനിച്ചായിരിക്കുമ്പോൾ, കണ്ണാടിയിൽ നോക്കി സാങ്കൽപിക ജനക്കൂട്ടത്തിന് നേരെ കൈവീശുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്. എനിക്ക് എന്നെങ്കിലും ആ സ്വപ്നം സാക്ഷാത്കരിക്കണം. താമസിയാതെ അത് സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഷാ അല്ലാഹ്'' ഇൻഷ കൂട്ടിച്ചേർത്തു.

  ദരക്ഷൻ അന്ദ്രാബി (Darakshan Andrabi)

  ഒരു കോളേജ് നേതാവിൽ നിന്നും കശ്മീരിലെ ആദ്യ വനിതാ വഖഫ് ബോർഡ് ചെയർപേഴ്‌സൺ ആകുന്നതുവരെയുള്ള ദരക്ഷൻ അന്ദ്രാബിയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ആയിരുന്നു.

  ഒരു സംഘടനയും തന്നെ അംഗീകരിക്കാത്തതിനാൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ ദരക്ഷൻ അന്ദ്രാബി സ്വന്തം പാർട്ടി രൂപീകരിച്ചു. സ്വന്തം കുടുംബം പോലും അവളെ ഒരിക്കലും പിന്തുണച്ചില്ല. കയ്പേറിയ നിരവധി അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്.

  ''ത്രിവർണ പതാക ഉയർത്തുന്നതിനെ കുറിച്ച് ഞാൻ സംസാരിച്ചു, വിഘടനവാദികൾക്കെതിരെ സംസാരിച്ചു. ഇതൊന്നും ആരും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സ്വന്തം പണം കൊണ്ട് ഞാൻ ഒറ്റയ്ക്ക് പോരാടി. എനിക്കെതിരെ പല ഭീഷണികളും ഉണ്ടായെങ്കിലും ഞാൻ പോരാട്ടം തുടർന്നു. എന്റെ മാതാപിതാക്കൾ പോലും എന്നെ പിന്തുണച്ചില്ല'', ദരക്ഷൻ അന്ദ്രാബി ന്യൂസ് 18 നോട് പറഞ്ഞു.

  കാലം മാറിയിട്ടുണ്ടാകാം. എന്നാൽ സമൂഹം സ്ത്രീകളെ നോക്കുന്ന രീതിയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അന്ദ്രാബി പറയുന്നു. ''രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച സ്ത്രീകൾ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. അല്ലെങ്കിൽ രാഷ്ട്രീയ പാരമ്പര്യമോ സ്വാധീനമോ ഉണ്ടായിരിക്കണം. മെഹബൂബ മുഫ്തിയെപ്പോലുള്ള സ്ത്രീകൾക്ക് ഇത് കുറച്ചുകൂടി എളുപ്പമാണ്. അവരുടെ അച്ഛൻ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ കുടുംബത്തിന്റെ പിന്തുണയോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതിരുന്ന എന്നെപ്പോലുള്ള സ്ത്രീകൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു യാത്രയാണ്'', അന്ദ്രാബി കൂട്ടിച്ചേർത്തു.

  പലരും ചിന്തിക്കാത്ത കാര്യങ്ങൾ ചെയ്യാൻ അന്ദ്രാബി ധൈര്യം കാണിച്ചു. ജമ്മു കാശ്മീരിലെ പല പാർട്ടികളും സഹകരിക്കാൻ മടിച്ച ബി.ജെ.പിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. വിഘടനവാദികളോട് ഒരിക്കലും മൃദുസമീപനം കാണിച്ചില്ല. അതുകൊണ്ടു തന്നെ അവരുടെ ലക്ഷ്യങ്ങളിലൊന്നായി അന്ദ്രാബി മാറി. ശ്രീനഗറിലെ തുളസി ബാഗ് ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിൽ കനത്ത സുരക്ഷയിലാണ് ഇപ്പോൾ അന്ദ്രാബിയുടെ താമസം.

  അന്ദ്രാബിയുടെ പാർട്ടിക്ക് രാഷ്ട്രീയമായി വലിയ മുന്നേറ്റം ഉണ്ടേക്കാൻ സാധിച്ചിട്ടില്ലെങ്കിലും മത്സരിക്കുന്നതിലും സ്ഥാനാർത്ഥികളെ നിർത്തുന്നതിലും അവർ ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. ഇപ്പോൾ കശ്മീരിലെ വഖഫ് ബോർഡ് മേധാവിയാണ് അന്ദ്രാബി. കശ്മീരിൽ ഈ പദവി ലഭിക്കുന്ന ആദ്യ വനിത കൂടിയാണിവർ. പ്രത്യയശാസ്ത്രപരമായി വിട്ടുവീഴ്ച ചെയ്തെന്നു പറഞ്ഞ് പലരും അന്ദ്രാബിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

  ''പാർട്ടി പ്രവർത്തനം ഉപേക്ഷിക്കണമെന്ന് ഞാൻ വിചാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. എന്നാൽ എല്ലാ ദിവസവും വൈകുന്നേരത്തോടെ എന്റെ മനസു മാറും. ഞാൻ പോരാടാൻ തീരുമാനിക്കും'', അന്ദ്രാബി പറഞ്ഞു.

  കശ്മീരിലെ വിവാദ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് അന്ദ്രാബി. ''എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല'', അന്ദ്രാബി ഉറച്ച സ്വരത്തിൽ പറയുന്നു. മാതാപിതാക്കൾ പോലും പിന്തുണക്കാത്തത് ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്. പക്ഷേ അതൊക്കെ രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളായി കണക്കാക്കുകയാണെന്നും അന്ദ്രാബി പറയുന്നു.
  Published by:Amal Surendran
  First published: