അഹ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ ഉജ്ജ്വലവിജയത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയിലേക്ക് പോകുന്നതാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ കോൺഗ്രസിനെ സങ്കടത്തിലാക്കുന്നത്. സംസ്ഥാനത്ത് പത്തോളം കോൺഗ്രസ് എം എൽ എമാർ ഇതിനകം ബി ജെ പിയിലേക്ക് ചേക്കേറി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് രണ്ട് സീറ്റുകളിലേക്ക് ഒഴിവ് വരുന്നുണ്ട്. അതുകൊണ്ട് രാജ്യസഭ സീറ്റുകളിലും ബി ജെ പിക്ക് വിജയം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് എം എൽ എമാരെ ബി ജെ പിയിൽ എത്തിക്കാൻ ശ്രമം നടക്കുന്നത്. ഗാന്ധിനഗറിൽ അമിത് ഷാ ജയിച്ചപ്പോൾ അദ്ദേഹം കൈവശം വെച്ചിരുന്നു രാജ്യസഭാ സീറ്റും അമേഠിയിൽ സ്മൃതി ഇറാനി ജയിച്ചപ്പോൾ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുമാണ് ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ രണ്ടു സീറ്റും നിലനിർത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസിന് ഇപ്പോഴുള്ള എം എൽ എമാരെയും ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. അതേസമയം, ഇത്തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹവാർത്തകൾ തെറ്റാണെന്നാണ്
കോൺഗ്രസ് നേതാക്കളും എം എൽ എമാരും പറയുന്നത്. കോൺഗ്രസ് ഒരുമിച്ചാണെന്നും തങ്ങളാരും ബി ജെ പിയിൽ ചേരില്ലെന്നും അവർ വ്യക്തമാക്കി കഴിഞ്ഞു.
തകർന്നടിഞ്ഞ വടക്കൻ കോട്ടകൾ; പാലക്കാട്ടും ആലത്തൂരും കാസർകോടും സംഭവിച്ചതെന്ത്?
'എന്റെ ശരീരം 36 കഷണങ്ങളായി മുറിച്ചാലും ഞാൻ ബി ജെ പിയിൽ ചേരില്ല', ജംഖംഭാലിയയിലെ കോൺഗ്രസ് എം എൽ എ വിക്രം മാഡം പറഞ്ഞു. 'ഞാൻ ബി ജെ പിയിൽ ചേരുമെന്ന് പ്രചരിപ്പിക്കുന്നവർക്ക് ഭ്രാന്താണ്. ലേലം വിളിയിൽ ഞാനില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ എന്റെ മണ്ഡലത്തിലൂടെ സഞ്ചരിക്കുകയാണ്,' ജംനാനഗർ മുൻ എം പി ന്യൂസ് 18 ഗുജറാത്തി ടിവിയോട് പറഞ്ഞു.
മറ്റൊരു കോൺഗ്രസ് എം എൽ എ ആയ ശിവഭായി ഭുരിയയും താൻ ബി ജെ പിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ചു. ഇതൊരു റൂമർ മാത്രമാണെന്നും താൻ ഇതുവരെ ബി.ജെ.പിയിൽ ചേർന്നില്ലെന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും ഭുരിയ പറഞ്ഞു.
എന്നാൽ, റിബൽ കോൺഗ്രസ് നേതാവായ അൽപേഷ് താക്കുർ എം.എൽ.എയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജിതു വാഘാനിയും കോൺഗ്രസിൽ നിന്ന് വലിയതോതിൽ നേതാക്കൾ ബി ജെ പിയിലേക്ക് എത്തുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്.
182 അംഗങ്ങൾ വേണ്ട ഗുജറാത്ത് നിയമസഭയിൽ ഇപ്പോൾ 179 അംഗങ്ങളാണ് ഇപ്പോളുള്ളത്. മൂന്ന് എം എൽ എമാരെ അയോഗ്യരാക്കിയതിനെ തുടർന്നാണ് ഇത്. നിലവിൽ, നിയമസഭയിൽ ബി ജെ പിക്ക് 103 സീറ്റുകളും കോൺഗ്രസിന് 71 എം എൽ എമാരുമാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 26 ലോക്സഭാ സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.