ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് ഒരു വാക്ക് സഭാ നടപടികളിൽ നിന്ന് നീക്കി. രാഷ്ട്രപതിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രമേയത്തിലെ ചർച്ചയ്ക്ക് മറുപടിയായി മോദി വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലെ വാക്കാണ് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു നീക്കിയത്. രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമർശമാണ് രേഖകളിൽ നിന്ന് നീക്കിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നു നീക്കുന്നത് അപൂർവനടപടിയാണ്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എൻപിആർ) ശക്തമായി പ്രതിരോധിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം. സർക്കാരിന്റെ ക്ഷേമപദ്ധതികളെ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജനസംഖ്യാ രജിസ്റ്റർ ജനസംഖ്യാപരമായ വിവരങ്ങൾ ഉപയോഗിച്ച് നവീകരിക്കുന്നതെന്നു മോദി രാജ്യസഭയിൽ പറഞ്ഞു. 2010–ൽ കോൺഗ്രസാണ് എൻപിആർ കൊണ്ടുവന്നതെന്നും 2015ൽ ചിത്രവും ബയോമെട്രിക് വിവരങ്ങളും ചേർത്തു പുതുക്കുക മാത്രമാണ് ചെയ്തതെന്നും മോദി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവും കോൺഗ്രസ് മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് നടത്തിയ പ്രസ്താവനയും വെങ്കയ്യ നായിഡു ഒഴിവാക്കി. പാകിസ്ഥാനിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനെ കോൺഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നിയമം രൂപീകരിക്കുന്നതിനെതിരാണെന്നു ആസാദ് വ്യക്തമാക്കിയിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.