• HOME
  • »
  • NEWS
  • »
  • india
  • »
  • World’s Largest Safari Park | ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാര്‍ക്ക്; 10,000 ഏക്കറിൽ ഹരിയാനയില്‍ ഒരുങ്ങുന്നു

World’s Largest Safari Park | ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാര്‍ക്ക്; 10,000 ഏക്കറിൽ ഹരിയാനയില്‍ ഒരുങ്ങുന്നു

ആരവല്ലി പര്‍വതനിരകള്‍ വിവിധ ഇനം പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രമാണ്.

  • Share this:
ലോകത്തിലെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് (jungle safari park) ആരവല്ലി മലനിരകളിൽ (aravalli range) നിര്‍മ്മിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍ (haryana government). 10,000 ഏക്കര്‍ വിസ്തൃതിയുള്ള സഫാരി പാര്‍ക്ക് ഗുരുഗ്രാം, നുഹ് ജില്ലകളിലാകും വ്യാപിച്ചു കിടക്കുക. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിലാണുള്ളത്. 2022 ഫെബ്രുവരിയില്‍ തുറന്ന ഷാര്‍ജ സഫാരി പാര്‍ക്ക് ഏകദേശം 2000 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്.

'' ആരവല്ലി പാര്‍ക്ക് ഇതിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും. അതില്‍ ഒരു വലിയ ഹെര്‍പെറ്റേറിയം (ഉരഗങ്ങള്‍ക്കും ഉഭയജീവികള്‍ക്കും വേണ്ടി സുവോളജിക്കല്‍ എക്‌സിബിഷന്‍ നടത്താനുള്ള സ്ഥലം), ഏവിയറി/ബേര്‍ഡ് പാര്‍ക്ക്, സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വലിയ പ്രദേശം, വിദേശ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു പ്രദേശം, അണ്ടര്‍വാട്ടര്‍ വേള്‍ഡ്, പ്രകൃതി പാതകള്‍, ടൂറിസം മേഖലകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ മുതലായവയും ഉണ്ടായിരിക്കും'' സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഷാര്‍ജ സഫാരി സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഖട്ടര്‍ ദുബായിലെത്തിയത്. ഹരിയാനയിലെ എന്‍സിആര്‍ മേഖലയില്‍ ജംഗിള്‍ സഫാരി വികസിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് ഖട്ടര്‍ പറഞ്ഞു. ജംഗിള്‍ സഫാരി പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Also read : വിജയദശമി ദിനാഘോഷത്തിന് ചരിത്രത്തിലാദ്യമായി വനിതയെ മുഖ്യാതിഥിയാക്കി ആര്‍എസ്എസ്

'' ഹരിയാനയിലെ ജംഗിള്‍ സഫാരി പദ്ധതി വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹരിയാന സര്‍ക്കാരിന്റെയും സംയുക്ത പദ്ധതിയായിരിക്കും. പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കും, '' ഖട്ടര്‍ പറഞ്ഞു. പദ്ധതിക്കായുള്ള സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും അന്താരാഷ്ട്ര പരിചയമുള്ള രണ്ട് കമ്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ക്കിന്റെ ഡിസൈന്‍, മേല്‍നോട്ടം, നടത്തിപ്പ് എന്നിവയ്ക്കായുള്ള രാജ്യാന്തര ഡിസൈന്‍ മത്സരത്തില്‍ കമ്പനികള്‍ മത്സരിക്കുമെന്നും പദ്ധതി മാനേജ് ചെയ്യാന്‍ ആരവല്ലി ഫൗണ്ടേഷന്‍ രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

Also read : രാവണനല്ല; ദസറയ്ക്ക് കോണ്‍ഗ്രസ് കത്തിച്ചത് ഇഡിയുടെയും സിബിഐയുടെയും കോലം

സെന്‍ട്രല്‍ മൃഗശാല അതോറിറ്റി പ്രദേശത്തെ വിലയിരുത്തല്‍ പഠനം നടത്തിയതായും ഇത്തരമൊരു പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക സാധ്യതകള്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ധാരാളം വിനോദസഞ്ചാരികള്‍ വരുമെന്നും ഇത് പ്രദേശവാസികള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചുറ്റുമുള്ള ഗ്രാമീണര്‍ക്ക് ഹോം സ്റ്റേ പോളിസിയുടെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരവല്ലി പര്‍വതനിരകള്‍ വിവിധ ഇനം പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രമാണ്. ഹരിയാന സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേ പ്രകാരം 180 ഇനം പക്ഷികളും 15 ഇനം സസ്തനികളും 29 ഇനം ജലജീവികളും ഉരഗങ്ങളും 57 ഇനം ചിത്രശലഭങ്ങളും ആരവല്ലി റേഞ്ചിലുണ്ട്.
Published by:Amal Surendran
First published: