• HOME
  • »
  • NEWS
  • »
  • india
  • »
  • ഗോദയിലെ ഗുസ്തിക്കാരനിൽ നിന്ന് രാഷ്ട്രീയ ഗോദയിലെ നേതാജിയിലേക്ക്: മുലായം സിംഗ് യാദവിൻ്റെ ജീവിതത്തിലേക്ക്

ഗോദയിലെ ഗുസ്തിക്കാരനിൽ നിന്ന് രാഷ്ട്രീയ ഗോദയിലെ നേതാജിയിലേക്ക്: മുലായം സിംഗ് യാദവിൻ്റെ ജീവിതത്തിലേക്ക്

രാഷ്ട്രീയത്തിൽ പ്രവേശിച്ച് ആദ്യകാലത്ത് അദ്ദേഹം പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടി.

  • Share this:
മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഈ മാസം ആദ്യം, ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയിരുന്നു.

ഓഗസ്റ്റ് മുതൽ വൃക്കയിലെ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു മുലായത്തെ ഒക്ടോബർ 2-നാണ് ഐസിയുവിലേക്ക് മാറ്റിയത്. വൃക്കയുടെ സ്ഥിതി ഗുരുതരമായതിനോടൊപ്പം ഓക്സിജൻ്റെ നില കുറയുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്തതോടെ അദ്ദേഹത്തിന് വെൻ്റിലേറ്ററിൻ്റെ സഹായവും നൽകിയിരുന്നു.

ആരാണ് മുലായം സിംഗ് യാദവ്?

ഉത്തർ പ്രദേശിലെ സയ്ഫായ് ഗ്രാമത്തിൽ മൂർത്തീ ദേവിയുടെയും സുഖർ സിംഗ് യാദവിൻ്റെയും മകനായി 1939 നവംബർ 22-നാണ് മുലായം സിംഗ് യാദവ് ജനിച്ചത്. കുടുംബത്തിൽ അഞ്ച് സഹോദരങ്ങൾ കൂടി ഉണ്ടായിരുന്നു. ഇറ്റാവയിലെ കർമ്മ് ക്ഷേത്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിൽ നിന്ന് അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. അദ്ദേഹത്തിന് ഷികോഹാബാദിലെ എകെ കോളേജിൽ നിന്നുള്ള ബിടി ബിരുദവും ആഗ്രാ സർവ്വകലാശാലയ്ക്ക് കീഴിലുള്ള ബിആർ കോളേജിൽ നിന്നുള്ള എംഎ ബിരുദവുമുണ്ട്.

ഗുസ്തി മത്സരം

ചെറുപ്പത്തിൽ ഗുസ്തിക്കാരൻ ആകണമെന്നായിരുന്നു മുലായത്തിൻ്റെ ആഗ്രഹം. മയിൻപൂരിയിൽ നടന്ന ഒരു ഗുസ്തി മത്സരത്തിനിടയിലാണ് അന്നത്തെ എംഎൽഎ ജസ്വന്ത്നാഗർ നാഥു സിംഗ് മുലായത്തെ ശ്രദ്ധിച്ചത്. മുലായത്തിൻ്റെ കഴിവുകളിൽ ആകൃഷ്ടനായ സിംഗ് അദ്ദേഹത്തെ തൻ്റെ ശിഷ്യനായി വളർത്തിക്കൊണ്ടു വന്നു. അങ്ങനെയാണ് മുലായം രാഷ്ട്രീയത്തിലെത്തുന്നത്. തൻ്റെ ജസ്വന്ത് നഗർ അസംബ്ലി സീറ്റ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മുലായത്തിന് നൽകിയ ജസ്വന്ത്, മത്സരിക്കാനായി മറ്റൊരു സീറ്റിലേക്ക് മാറിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.റാം മനോഹർ ലോഹ്യയുടെ സ്വാധീനം

പ്രശസ്ത സോഷ്യലിസ്റ്റായിരുന്ന റാം മനോഹർ ലോഹ്യയുടെ എഴുത്തുകൾ മുലായത്തെ സ്വാധീനിച്ചിട്ടുണ്ട്. വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിച്ച് ആദ്യകാലത്ത് അദ്ദേഹം പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടി. ഈ വിഭാഗങ്ങൾ പിന്നീട് മുലായത്തിൻ്റെ രാഷ്ട്രീയ ശക്തിക്ക് വലിയ പിന്തുണയേകുന്നവരായി മാറി.സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച മുലായം 1967-ൽ നിയമസഭയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. 1974ലും 1977ലും മുലായം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും മാസങ്ങളോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

Also Read-സമാജ് വാദി പാർട്ടി സ്ഥാപകനേതാവും മുൻപ്രതിരോധമന്ത്രിയുമായ മുലായംസിങ് യാദവ് അന്തരിച്ചു

കോൺഗ്രസിനുള്ള വലിയ പിന്തുണ ദൃശ്യമായ 1980-ൽ മുലായം തോറ്റു. എന്നാൽ, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുലായം അവിടെ പ്രതിപക്ഷ നേതാവായി. വൈകാതെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മുലായം, രണ്ടു സഭകളിലും പ്രതിപക്ഷ നേതാവാകുന്ന ഒരേയൊരു രാഷ്ട്രീയക്കാരനായി.

മുഖ്യമന്ത്രിപദം

മുലായം ആദ്യമായി യുപി മുഖ്യമന്ത്രിയായത് 1989-ലാണ്. എന്നാൽ 1991 വരെയേ ഇത് നീണ്ടുനിന്നുള്ളൂ. കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ അദ്ദേഹം 1992-ൽ സമാജ് വാദി പാർട്ടി രൂപീകരിച്ചു. 1993-95, 2003-2007 കാലയളവുകളിലും അദ്ദേഹം ഉത്തർ പ്രദേശിൻ്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

അയോദ്ധ്യ പ്രക്ഷോഭം

1993-ൽ അയോദ്ധ്യയിലെ തർക്ക മന്ദിരം തകർക്കപ്പെടുന്നതിന് മുൻപും അതിന് ശേഷവുമുള്ള ചില സംഭവങ്ങൾ മുലായത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അദ്ദേഹം യുപി മുഖ്യമന്ത്രിയായിരുന്നു. 1990-ൽ നടന്ന കർസേവയ്ക്കിടെ പ്രക്ഷോഭകാരികൾക്കു നേരേ വെടിയുതിർക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. ഈ നടപടിയെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ എതിർത്തിരുന്നു. മുലായത്തിൻ്റെ നടപടി ക്രൂരമാണെന്നായിരുന്നു ഹിന്ദു പക്ഷത്തിൻ്റെ വാദം. എന്നാൽ അക്രമം തടയാൻ ആവശ്യത്തിന് നടപടികൾ എടുത്തില്ല എന്നായിരുന്നു മുസ്ലീം പക്ഷം ആരോപിച്ചത്.എന്നാൽ, 1992 ഡിസംബറിൽ പള്ളി തകർക്കപ്പെട്ട ശേഷം മുലായം മുസ്ലീങ്ങൾക്കിടയിൽ ഹീറോയായി മാറി. 1990-ൽ മന്ദിരം തകർക്കപ്പെടാതെ സംരക്ഷിച്ചത് മുലായം ആയിരുന്നു എന്ന തരത്തിൽ മുസ്ലീം സമൂഹം അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാൻ തുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർ പ്രദേശിൽ കുറച്ചുകാലം നിലനിന്ന രാഷ്ട്രപതി ഭരണത്തിന് ശേഷം 1994-ൽ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) സഹായത്തോടെ അദ്ദേഹം യുപിയിൽ അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ, 1995 ജൂണിൽ ബിഎസ്പി നേതാവ് മായാവതി പിന്തുണ പിൻവലിച്ച് ബിജെപിയോടൊപ്പം ചേർന്നു.

കേന്ദ്ര രാഷ്ട്രീയം

1996-ൽ ദേവ ഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി പദത്തിനായി അദ്ദേഹത്തിൻ്റെ പേര് പല മുതിർന്ന നേതാക്കളും മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ബീഹാറിലെ ലാലു പ്രസാദ് യാദവ് ഈ നിർദ്ദേശത്തെ ഏതിർത്തു. അവസരം നഷ്ടപ്പെട്ടതിന് മുലായം ആർജെഡിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.2012-ൽ, സമാജ് വാദി പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി യുപിയിൽ പൂർണ്ണ ഭൂരിപക്ഷം നേടിയപ്പോൾ തൻ്റെ മകനായ അഖിലേഷ് യാദവിനെയാണ് അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടിയുടെ നിയന്ത്രണത്തിനായി മകൻ അഖിലേഷും മുലായത്തിൻ്റെ സഹോദരൻ ശിവ്പാൽ യാദവും തമ്മിൽ നടത്തിയ പിടിവലികളുടെ കാലഘട്ടമായിരുന്നു മുലായത്തിൻ്റെ രാഷ്ട്രീയത്തിലെ ഏറ്റവും മോശം സമയം. 2017 ജനുവരി 1-ന് പാർട്ടിയുടെ അധികാരം പൂർണ്ണമായും അഖിലേഷിലേക്ക് എത്തിച്ചേർന്നപ്പോഴാണ് ഈ തർക്കം അവസാനിച്ചത്. ഇതോടെ അഖിലേഷ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റായി മാറുകയും ചെയ്തു.

Summery-Former Uttar Pradesh Chief Minister and founder of the Samajwadi Party Mulayam Singh Yadav died on Monday. Know about his political career here.
Published by:Arun krishna
First published: