നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കർണാടക ഉപതെരഞ്ഞെടുപ്പ്: 15 ൽ 12 വിജയിച്ച് ബിജെപി; അധികാരം ഉറപ്പിച്ച് യെദിയൂരപ്പ

  കർണാടക ഉപതെരഞ്ഞെടുപ്പ്: 15 ൽ 12 വിജയിച്ച് ബിജെപി; അധികാരം ഉറപ്പിച്ച് യെദിയൂരപ്പ

  കൂറുമാറിയെത്തിയവരെ കൂട്ടുപിടിച്ച് ഈ വർഷം ജൂലൈ 26ന് ആയിരുന്നു യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

  വിജയം ആഘോഷിച്ച് യെദിയൂരപ്പ

  വിജയം ആഘോഷിച്ച് യെദിയൂരപ്പ

  • News18
  • Last Updated :
  • Share this:
  ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അധികാര കസേരയിൽ മുഖ്യമന്ത്രി യെദിയുരപ്പയ്ക്ക് ഉറച്ചിരിക്കാം. 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 ഇടത്തും ബി ജെ പി വിജയിച്ചു. സുസ്ഥിര ഭരണത്തിന് വേണ്ടിയുള്ള ജനവിധി ആണെന്ന് ബിഎസ് യെഡിയൂരപ്പ പ്രതികരിച്ചു. ജയത്തോടെ 222 അംഗ സഭയിൽ ബിജെപിയുടെ അംഗബലം 117ആയി. കോൺഗ്രസിന് 68ഉം ജെഡിഎസിന് 34 അംഗങ്ങളുമാണുള്ളത്. രണ്ടു സീറ്റിൽ കൂടി ഇനി ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.കോൺഗ്രസ് രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ ഒരു സീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ജെ ഡി എസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

  കൂറു മാറിയെത്തിയവരെ കൂട്ടുപിടിച്ച് ബിജെപി നേടിയ വിജയം

  കോൺഗ്രസ്, ജനതാദൾ എസ് എന്നീ കക്ഷികളിൽ തെരഞ്ഞെടുക്കപ്പെട്ട എം എൽ എമാർ ബി ജെ പിയിലേക്ക് കൂറു മാറിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഇവരെ അയോഗ്യരാക്കിയത്. എന്നാൽ, കൂറുമാറി ബി ജെ പി സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തവരെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണ് തെരഞ്ഞടുപ്പിൽ കണ്ടത്. അയോഗ്യരാക്കപ്പെട്ട 13 എം എൽ എമാരിൽ 11 പേരും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഭൂരിപക്ഷം നിലനിർത്താൻ ആറുസീറ്റ് വേണമെന്നിരിക്കെയാണ് ബിജെപിക്ക് 12 സീറ്റുകൾ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.

  കോൺഗ്രസിനും ജെ ഡി എസിനും നഷ്ടം മാത്രം

  ബിഎസ് യെഡിയൂരപ്പക്കും അയോഗ്യരാക്കപ്പെട്ട പതിനൊന്നു എംഎൽഎമാർക്കും തെരഞ്ഞെടുപ്പ് ഫലം വലിയ ആശ്വാസമാണ്. പതിനഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 ഇടത്തും ബിജെപി വിജയിച്ചു. എന്നാൽ, കഴിഞ്ഞതവണ പതിനഞ്ചിൽ 12 സീറ്റിലും വിജയിച്ച കോൺഗ്രസ് ഇത്തവണ രണ്ടു സീറ്റിലേക്ക് ഒതുങ്ങി. മൂന്ന് എംഎൽമാർ ഉണ്ടായിരുന്ന ജെഡിഎസിന് കൈയിൽ ഉണ്ടായിരുന്ന മൂന്നു സീറ്റുകളും നഷ്ടപ്പെട്ടു.

  പാർട്ടി മാറിയിട്ടും ജനത്തിന് നേതാവിനെ വിശ്വാസം

  പാർട്ടി ഏതായാലും നേതാവിൽ വിശ്വാസം ഉണ്ടെന്നു തെളിയിക്കുന്നതായി തെരഞ്ഞടുപ്പ് ഫലം. ഗോഗാകിൽ രമേഷ് ജാർഖിഹൊളി, അത്തണിയിൽ മഹേഷ് കുമ്മത്തലി, യെല്ലാപുരയിൽ ശിവറാം ഹെബ്ബാർ, മഹാലക്ഷ്മി ലേഔട്ടിൽ കെ ഗോപാലയ്യ, കെ ആർ പേട്ടെയിൽ നാരായണ ഗൗഡ തുടങ്ങിവരാണ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയ പ്രമുഖർ.

  നാരായണ ഗൗഡയുടെ വിജയം ജെഡിഎസ് - കോൺഗ്രസ് ശക്തികേന്ദ്രമായ മാണ്ഡ്യ ജില്ലയിലെ ബിജെപിയുടെ ആദ്യജയം കൂടിയായി. ശിവാജി നഗറിൽ റിസ്വാൻ അർഷാദ്, ഹുൻസൂരിൽ എച്ച് പി മഞ്ജുനാഥ് എന്നിവരാണ് വിജയിച്ച കോൺഗ്രസ് എംഎൽമാർ. ജെഡിഎസിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ എച്ച് വിശ്വനാഥിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്.

  ബിജെപിയുടെ തേരോട്ടത്തിനിടയിലും പാർട്ടി തോറ്റു

  അതേസമയം, കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന എംടിബി നാഗരാജിനെ ബിജെപി വിമതനായ ശരത് ബച്ചേഗൗഡ പരാജയപ്പെടുത്തി.

  എന്തുകൊണ്ട് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് ?

  കോൺഗ്രസ് - ജെ ഡി എസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ് എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ 13 ഇടത്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

  കൂറുമാറിയെത്തിയവരെ കൂട്ടുപിടിച്ച് ഈ വർഷം ജൂലൈ 26ന് ആയിരുന്നു യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസ വോട്ടെടുപ്പിൽ തോറ്റ് ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രാജി വെച്ചതോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം യെദിയൂരപ്പ ജൂലൈയിൽ മുഖ്യമന്ത്രിയായെങ്കിലും കേവലഭൂരിപക്ഷം സ്വന്തമാക്കിയത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോളാണെന്ന് മാത്രം.

  തെരഞ്ഞെടുപ്പും കുമാരസ്വാമി സർക്കാരും

  ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ ഡി എസ് മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും കോൺഗ്രസുമായി സഖ്യത്തിലാകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന്, 2018 മേയ് 23-ന് കുമാരസ്വാമി, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, 2019 ജൂലൈയിൽ ജെ ഡി എസ് - കോൺഗ്രസ് എം എൽ എമാർ ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

  കോൺഗ്രസിന്‍റെ 13 എംഎൽഎമാരും ജനതാദളിന്‍റെ മൂന്ന് എംഎൽഎമാരും നിയമസഭാംഗത്വം രാജി വെച്ചു. കുമാരസ്വാമി സർക്കാരിന് പിന്തുണ നൽകിയിരുന്ന ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും തങ്ങളുടെ പിന്തുണ പിൻവലിക്കുകയുമുണ്ടായി. ഈ അവസരത്തിൽ ബി.ജെ.പി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൻ മേലുള്ള വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെടുകയായിരുന്നു.
  First published:
  )}