പ്രിയങ്ക ഗാന്ധിയില്‍ (Priyanka Gandhi) നിന്ന് 2 കോടി രൂപ വിലയുള്ള പെയിന്റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി യെസ് ബാങ്ക് സഹസ്ഥാപകന്‍ Yes Bank co-founder) റാണ കപൂറിന്റെ ( Rana Kapoor) വെളിപ്പെടുത്തല്‍. ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന്റെ (MF Husain) ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി മുഖാന്തരം പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നെന്നും പെയിന്റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ (Sonia Gandhi) ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് പ്രത്യേക കോടതിയിൽ സമർച്ചിച്ച കുറ്റപത്രത്തില്‍ പറയുന്നു.
അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക തന്നെ ബന്ധപ്പെട്ടതെന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴി നൽകിയത്. പെയിൻ്റിങ് വാങ്ങാൻ വിസമ്മതിച്ചാൽ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷൺ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദിയോറ റാണ കപൂറിനെ അറിയിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡി സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റാണ കപൂറും അദ്ദേഹത്തിന്റെ കുടുംബവും ഡിഎച്ച് എഫ്എല്‍ പ്രമോര്‍ട്ടര്‍മാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തിലാണ് ഇത് സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.
കോണ്‍ഗ്രസിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരം 2 കോടി രൂപയുടെ ചെക്ക് താന്‍ കൈമാറിയെന്നും ഇതിലൂടെ ലഭിച്ച പണം സോണിയയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി വിനിയോഗിച്ചെന്നും അന്തരിച്ച മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറ മകന് മിലിന്ദ് ദിയോറ തന്നെ രഹസ്യമായി അറിയിച്ചെന്നും റാണ കപൂര്‍ പറഞ്ഞു.
ദുര്‍ഘട സാഹചര്യത്തിൽ സോണിയ ഗാന്ധിയെ സഹായിച്ചാൽ ഗാന്ധികുടുംബവുമായി മികച്ച ബന്ധമുണ്ടാക്കാൻ അത് സഹായിക്കുമെന്നും പത്മഭൂഷണ്‍ പുരസ്കാരത്തിന് പരിഗണിക്കുമെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞിരുന്നതായി കപൂര്‍ വെളിപ്പെടുത്തി.
പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന പെയിൻ്റിങ് വാങ്ങാൻ നിര്‍ബന്ധിക്കുന്നതിനായി കേന്ദ്രമന്ത്രിയുടെ മകൻ മിലിന്ദ് ദിയോറ പലവട്ടം തന്റെ വീട്ടിലും ഓഫീസിലും എത്തിയതായും അദ്ദേഹം മൊഴിയിൽ പറയുന്നു. കൂടാതെ ഇതിനായി പലവട്ടം ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ചിത്രം വാങ്ങാൻ ഒട്ടും താത്പര്യമില്ലാതിരുന്നതിനാൽ ഈ ഫോൺവിളികളും ചര്‍ച്ചകളും താൻ പരമാവധി ഒഴിവാക്കിയിരുന്നുവെന്നും റാണ കപൂര്‍ പറയുന്നു.
പെയിന്റിങ് വാങ്ങുന്നതില്‍ നിന്ന് പിന്മാറിയാല് തനിക്കും യെസ് ബാങ്കിനും അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുരളി ദേവ്റ പറഞ്ഞിരുന്നു. തനിക്ക് ഒട്ടും താല്പര്യമില്ലാതിരുന്ന ഈ ഇടപാട് നടത്തുന്നതിനായി സ്ഥിരമായി അവര്‍ തന്നോട് സംസാരിച്ചെന്നും കപൂര്‍ പറഞ്ഞു.
2020 മാർച്ചിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് റാണ കപൂര്‍ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.