ജി-20 (G20) ആഗോള ഉച്ചകോടിയുമായി ബന്ധപ്പെട്ട ലോഗോ ഡിസൈൻ മത്സരത്തിൽ (Logo Design Contest) പങ്കെടുക്കാൻ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (Ministry of External Affairs (MEA). ഇതാദ്യമായാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് വേദിയാകുന്നത്.
2023 ഡിസംബർ 1 മുതൽ നവംബർ 30 വരെയായിരിക്കും സമ്മേളനം നടക്കുക. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഒരു വേദി കൂടിയാണിത്. യുവാക്കളോട് മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നേരിട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം മത്സരത്തിനായി യുവാക്കളെ ക്ഷണിച്ചത്.
''വരാനിരിക്കുന്ന ജി 20 ഉച്ചകോടിക്കു വേണ്ടി ഒരു ലോഗോ ഡിസൈൻ മത്സരം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യൻ ജി20ക്ക് വേദിയാകുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യത്യസ്തമായ ആശയങ്ങൾ ഞങ്ങളുമായി പങ്കിടുക. 2022 ജൂൺ 07 വരെ എൻട്രികൾ സ്വീകരിക്കും," വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് മോദി പറഞ്ഞു.
മത്സരത്തിലെ വിജയിക്ക് 150,000 രൂപ ആയിരിക്കും സമ്മാനമായി ലഭിക്കുക. അടുത്ത അഞ്ച് മികച്ച എൻട്രികൾക്ക് 15,000 രൂപയും തുടർന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത അടുത്ത അഞ്ച് എൻട്രികൾക്ക് 10,000 രൂപയും ലഭിക്കും.
ലോഗോ രൂപകൽപന ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. സുസ്ഥിര വികസനം, മനുഷ്യ കേന്ദ്രീകൃത സമീപനം, തുല്യവും സുസ്ഥിരവുമായ വളർച്ച, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ലോകം ഒരു കുടുംബം, ബഹുമുഖ പങ്കാളിത്തം എന്നിങ്ങനെ ഒന്നോ അതിലധികമോ തീമുകൾ ഉൾപ്പെടുത്തിയായിരിക്കണം ദേശീയ പതാകയിലെ നിറങ്ങൾ ഉൾപ്പെടുത്തുന്നതും വാചകങ്ങൾ ഇംഗ്ലീഷിൽ എഴുതുന്നതും നന്നായിരിക്കും.
കാലാവസ്ഥയും പരിസ്ഥിതിയും, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, കൃഷി, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഊർജം, അഴിമതി വിരുദ്ധത, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി ആഗോള വിഷയങ്ങളിൽ ചർച്ചകളും ഫലങ്ങളും രൂപപ്പെടുത്താനുള്ള അവസരവും ഈ വർഷത്തെ അജണ്ട നിശ്ചയിക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ജി-20യുടെ 200 യോഗങ്ങളാണ് നടക്കുക. 2023-ലെ ജി-20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിക്കുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 40 രാജ്യങ്ങളിലെ ഭരണാധികാരികളും വർക്കിങ് ഗ്രൂപ്പുകളും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അംഗ രാജ്യങ്ങളുടെ തലവന്മാരും ധന മന്ത്രിമാരും അതത് രാജ്യത്തെ സെൻട്രൽ ബാങ്ക് ഗവർണ്ണർമാരും ഇതിലുൾപ്പെടും. വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേൽനോട്ടച്ചുമതല. യുഎസ്എ, യുകെ, ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്തോനേഷ്യ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20. എല്ലാ യോഗങ്ങളിലും സ്പെയിൻ സ്ഥിര അതിഥിയായി പങ്കെടുക്കാറുണ്ട്. 1999 സെപ്റ്റംബർ 26നാണ് സംഘടന രൂപീകരിച്ചത്.
Summary: Prime Minister Narendra Modi invited youngsters to take part in G20 logo design contest
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.