• HOME
 • »
 • NEWS
 • »
 • india
 • »
 • Digital Safety | ഡിജിറ്റൽ സുരക്ഷ; വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയുമായി Zoom; നടപ്പാക്കുക പത്ത് സംസ്ഥാനങ്ങളിൽ

Digital Safety | ഡിജിറ്റൽ സുരക്ഷ; വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയുമായി Zoom; നടപ്പാക്കുക പത്ത് സംസ്ഥാനങ്ങളിൽ

ഈ പരിപാടി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ നടപ്പാക്കുമെന്നും എട്ടാം ക്ലാസ് മുതലുള്ള 50,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ബോധവല്‍ക്കരണം നൽകുകയും ചെയ്യുമെന്ന് സൂം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

cyber-security

cyber-security

 • Share this:
  യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ ഡിജിറ്റല്‍ സുരക്ഷ (Digital Safety) മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, യങ് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ് (YLAC) ഡിജിറ്റല്‍ ചാമ്പ്യന്‍സ് പ്രോഗ്രാമിന്റെ വിപുലീകരണത്തിന് പിന്തുണ നൽകുമെന്ന പ്രഖ്യാപനവുമായി സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് (Zoom Video Communications). ഈ പരിപാടി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ നടപ്പാക്കുമെന്നും എട്ടാം ക്ലാസ് മുതലുള്ള 50,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ബോധവല്‍ക്കരണം നൽകുകയും ചെയ്യുമെന്ന് സൂം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

  ഈ സംരംഭത്തിലൂടെ രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് YLAC പ്രോഗ്രാം വ്യാപിപ്പിക്കാൻ വേണ്ട പിന്തുണ സൂം നൽകും. കൂടാതെ, ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുമെന്നും സൂം അറിയിച്ചു. അതുവഴി കൂടുതൽ ജനങ്ങളെ ഈ പദ്ധതിയുടെ ഭാഗമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വാർത്താക്കുറിപ്പിൽ കൂട്ടിച്ചേര്‍ത്തു.

  "എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ഇടമാക്കി ഇന്റർനെറ്റിനെ മാറ്റാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്റര്‍നെറ്റിലൂടെ ലഭ്യമായ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഉപാധികൾ ഇന്ത്യയിലെ യുവാക്കള്‍ക്ക് ലഭ്യമാണെന്ന് പ്രാദേശിക പങ്കാളിത്തത്തിലൂടെ ഉറപ്പാക്കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ വിദൂര പഠനത്തിനായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ അവരുടെ സുരക്ഷയും ക്ഷേമവും ഞങ്ങളുടെ പ്രധാന മുന്‍ഗണനകളാണ്. ഈ സംരംഭം സൂം ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതോടൊപ്പം ഡിജിറ്റല്‍ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള കൂടുതൽ അറിവ് ലഭ്യമാക്കിക്കൊണ്ട് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ശാക്തീകരിക്കാനും സഹായിക്കും'', സൂം ഗവണ്‍മെന്റ് അഫയേഴ്‌സ് ഡയറക്ടര്‍ ഇരാവതി ദാംലെ പറഞ്ഞു.

  ''ഇന്റര്‍നെറ്റ് നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. സാങ്കേതികവിദ്യയിലൂടെ ലഭ്യമാകുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പൗരന്മാരുടെ അടുത്ത തലമുറയെ ശാക്തീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് YLACയുടെ ഭാഗമെന്ന നിലയിൽ ഞങ്ങള്‍ വിശ്വസിക്കുന്നു. അവരെയും അവരുൾപ്പെടുന്ന സമൂഹത്തെയും ഇന്റർനെറ്റിലെ ചതിക്കുഴികളിൽ നിന്ന് സംരക്ഷിക്കേണ്ടതും പ്രധാനമാണ്. ഡിജിറ്റല്‍ ചാമ്പ്യന്‍സ് പ്രോഗ്രാം ഇതിനുള്ള നൈപുണ്യ വികസനത്തിനും യുവാക്കളിൽ ആരോഗ്യകരമായ ഡിജിറ്റല്‍ ശീലങ്ങള്‍ വളർത്തിയെടുക്കാനും സഹായിക്കും'', YLAC യുടെ സഹസ്ഥാപകയായ അപരാജിത ഭാരതി പറഞ്ഞു.

  സംസ്ഥാന സര്‍ക്കാരുകളുമായും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലവില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രോഗ്രാമിന്റെ ഉള്ളടക്കം ഇപ്പോള്‍ ഹിന്ദിയിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നുണ്ട്. യുവാക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൂമിന്റെ ഫീച്ചറുകള്‍, ഡാറ്റ എന്‍ക്രിപ്ഷന്‍, റൂട്ടിംഗ്, പാന്‍ഡെമിക് സമയത്ത് ആക്സസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയിലൂന്നിക്കൊണ്ടുള്ള സെഷനുകളും സൂം പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തും.
  Published by:Anuraj GR
  First published: