കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേഷ് കാർത്തിക് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊൽക്കത്തയെ ഇംഗ്ലണ്ട് താരം ഇയോൻ മോർഗൻ നയിക്കും. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച്ച മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇയോൻ മോർഗനായിരിക്കും കൊൽക്കത്തയെ നയിക്കുക. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം കാർത്തിക് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.
"ടീമിനെ മുന്നിലെത്തിച്ച ഡി.കെയെ പോലുള്ള ക്യാപ്റ്റനെ ലഭിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഇതുപോലുള്ള ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തെപ്പോലൊരാൾക്ക് വളരെയധികം ധൈര്യം ആവശ്യമാണ്. 2019ൽ ഇംഗ്ലണ്ടിന് ലോകക്കപ്പ് നേടിക്കൊടുത്ത മോർഗൻ ടീമിനെ നയിക്കാൻ മുന്നോട്ട് വന്നതിൽ സന്തോഷിക്കുന്നു. ടീം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കാർത്തിക്കിന്റെ തീരുമാനത്തിൽ ആശ്ചര്യമുണ്ടെങ്കിലും അത് മാനിക്കുന്നുവെന്നും ടീം സിഇഒ വെങ്കി മൈസൂർ വ്യക്തമാക്കി.
ഐപിഎൽ 2020 സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നാല് വിജയമാണ് ദിനേഷ് കാർത്തിക്കിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത നേടിയത്. പോയിന്റ് പട്ടികയിൽ ടീം നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 82 നാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ടീമിന്റെ ആദ്യ മത്സരം മുതൽ കാർത്തിക്കിനെതിരെ വിമർശനം ഉയർന്നിരുന്നു. കാർത്തിക്കിന് പകരം മോർഗനെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരും പ്രമുഖ താരങ്ങളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പിന്മാറ്റം. കാർത്തിക്കിന്റെ ഇതുവരെയുള്ള പ്രകടനത്തിലും ലൈനപ് സെലക്ഷനിലും ആരാധകർ തൃപ്തരല്ല. ഏഴ് മത്സരങ്ങളിൽ 108 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. ഒരു മത്സരത്തിൽ മാത്രമാണ് അർധ സെഞ്ചുറി തികച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.