കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന്
ദിനേഷ് കാര്‍ത്തിക് മാറിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസമാണ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഇയോന്‍ മോര്ഗന് കൈമാറിയത്.
ഇതിന് പിന്നാലെ
മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. കാര്‍ത്തിക്കിന്റെ പിന്മാറ്റം ആശ്ചര്യകരം എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.
മത്സരങ്ങള്‍ പകുതിയില്‍ എത്തി നില്ക്കുന്ന സമയത്ത് ഇയോന്‍ മോര്ഗന് ക്യാപ്റ്റന്‍ സ്ഥാനത്ത് വന്നതുകൊണ്ട് കൊല്‍ക്കത്തയ്ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഗംഭീര്‍ പറയുന്നത്.
"ക്രിക്കറ്റില്‍ ബന്ധങ്ങള്‍ക്കല്ല, നിര്‍വ്യാജമായ പ്രകടനമാണ് വേണ്ടത്. മോര്ഗന് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ടൂര്‍ണമെന്റിന്റെ ആദ്യം തന്നെ മോര്‍ഗനെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. പകുതിയില്‍ എത്തി നില്ക്കുന്ന സമയത്ത് ഇനി ഒന്നിനും സാധ്യതയില്ല. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധവും നല്ലരീതിയിലായിരിക്കണം.
ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യവും കെകെആറിന് ഉണ്ടായിരുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. അത്രയും മോശം അവസ്ഥയിലല്ല ടീം എന്നാണ് ഏഴ് സീസണുകളില്‍ കൊല്‍ക്കത്തയെ നയിച്ച മുന്‍ ക്യാപ്റ്റന്റെ അഭിപ്രായം.
ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ടീമിലുള്ളതിന്റെ പേരില്‍ എല്ലാവരും ചേര്‍ന്ന് ദിനേഷ് കാര്‍ത്തിക്കിന്റെ സമ്മര്‍ദ്ദം കൂട്ടുകയാണ് ചെയ്തത്. അങ്ങനെയെങ്കില്‍ ആദ്യം തന്നെ മോര്‍ഗനെ ക്യാപ്റ്റന്‍ ആക്കാമായിരുന്നല്ലോ. എന്തിനാണ് കാര്‍ത്തിക്കിന് ഇത്രയും സമ്മര്‍ദ്ദം നല്‍കിയതെന്നും ഗംഭീര്‍.
ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്നായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ വിശദീകരണം. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ടീമിനകത്തു നിന്നുള്ള സമ്മര്‍ദ്ദം കൂടിയായതോടെയാണ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് എന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.