ദുബായ്: രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്ക്സ് ഉടൻ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. ഇപ്പോൾ ന്യൂസിലാൻഡിലുള്ള ബെൻ സ്റ്റോക്ക്സ് ഐപിഎല്ലിൽ കളിക്കുന്നതിനായി ഉടൻ ദുബായിലെത്തുമെന്നാണ് വിവരം. മിറർ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് മസ്തിഷ്ക ക്യാൻസറുമായി പോരാടുന്ന പിതാവിനൊപ്പം സമയം ചെലവഴിക്കാൻ സ്റ്റോക്സ് കഴിഞ്ഞ മാസം ക്രൈസ്റ്റ്ചർച്ചിൽ എത്തിയിരുന്നു. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിനുശേഷം ഓഗസ്റ്റിൽ സ്റ്റോക്സ് ന്യൂസിലൻഡിലേക്ക് പുറപ്പെട്ടു, തുടർന്നുള്ള രണ്ട് ടെസ്റ്റുകളിലും സ്റ്റോക്സ് കളിച്ചില്ല. ഓസ്ട്രേലിയയുമായുള്ള ഏകദിന-ടി20 പരമ്പരയിലും അദ്ദേഹം കളിച്ചില്ല.
കിങ്സ് ഇലവൻ പഞ്ചാബിനെയും ചെന്നൈ സൂപ്പർകിങ്സിനെയും തോൽപ്പിച്ചു തുടങ്ങിയ രാജസ്ഥാൻ റോയൽസ് അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരുന്നു. ബെൻ സ്റ്റോക്സിന്റെ വരവ് രാജസ്ഥാൻ റോയൽസിന് കൂടുതൽ കരുത്തേകും. പന്തുകൊണ്ടും ബാറ്റുകൊണ്ട് മികവ് പുലർത്താൻ കഴിയുന്ന താരമാണ്
സ്റ്റോക്സ്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്റ്റോക്ക്സിന്റെ വരവ്, രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയാക്കി മാറ്റുമെന്ന് ഉറപ്പ്.
രോഗബാധിതനായ പിതാവിനെ കാണാൻ ക്രൈസ്റ്റ്ചർച്ചിലേക്കു പോയ അദ്ദേഹം അടുത്തിടെ പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതു ഐപിഎല്ലിൽ കളിക്കാൻ തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. ക്രൈസ്റ്റ്ചർച്ചിൽ പരിശീലനം പുനരാരംഭിക്കുന്നത് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമാണെന്ന് സ്റ്റോക്ക്സ് പറയുന്നു.
“ഈ വർഷം ബെൻ സ്റ്റോക്സ് രാജസഥാൻറെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം ഇപ്പോൾ ടീമിൽ ഇല്ലാത്തത് ഒരു വലിയ നഷ്ടമാണ്. ഞങ്ങളുടെ ചിന്തകൾ അവനോടൊപ്പമുണ്ട്," രാജസ്ഥാൻ ടീമിന്റെ ഉപദേഷ്ടാവ് കൂടിയായ ഷെയ്ൻ വോൺ പറഞ്ഞു.
സ്റ്റോക്ക് കളിക്കുന്നതിന് മുമ്പ് ദുബായിൽ ആറ് ദിവസത്തെ ക്വറന്റീന് വിധേയമാക്കുകയും കോവിഡ് ഫലം നെഗറ്റീവ് ആവുകയും വേണം. ശനിയാഴ്ചത്തെ കളിക്ക് പുറമെ, ഒക്ടോബർ 6, 9, 11, 14 തീയതികളിലാണ്
രാജസ്ഥാൻ റോയൽസ് അവരുടെ അടുത്ത മത്സരങ്ങൾ കളിക്കുന്നത്. ഒക്ടോബർ 14 ന് ദുബായിൽ ദില്ലി ക്യാപിറ്റൽസിനെതിരായ മത്സരം മുതലായിരിക്കും സ്റ്റോക്ക്സ് കളിക്കുകയെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.