News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 29, 2020, 11:57 PM IST
csk vs kkr
ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തിൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത്
ചെന്നൈ സൂപ്പർ കിംഗ്സ്. 173 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയ തീരത്ത് എത്തിച്ചത് അവസാന ഓവറുകളിൽ
രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടമായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു. അർധസെഞ്ചുറി തികച്ച
ഋതുരാജ് ഗെയ്‌ക്‌വാദ് (47 പന്തിൽ 63), അംബാട്ടി റായ്ഡു (20 പന്തിൽ 38) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
അവസാന ഓവർ വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ് ആയിരുന്നു. കമലേഷ് നാഗര്‍കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്‌സർ പറത്തിക്കൊണ്ട് ജഡേജ വിജയം സമ്മാനിക്കുകയായിരുന്നു.
ഷെയ്ന്‍ വാട്ട്‌സണ്‍ - റുതുരാജ് സഖ്യം മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 7.3 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ 14 റണ്‍സെടുത്ത വാട്ട്‌സണെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു.
പിന്നാലെ എത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് റുതുരാജ് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 38 റണ്‍സെടുത്ത റായുഡുവിനെ പാറ്റ് കമ്മിൻസ് പുറത്താക്കി. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ എം.എസ്.ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല. നാല് പന്തിൽ ഒരു റൺസെടുത്ത ധോണിയെ വരുൺ ചക്രവർത്തി പുറത്താക്കി. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും പാറ്റ് കമ്മിൻസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. നിതീഷ് റാണയുടെ മികച്ച ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്ത് നേരിട്ട റാണ 87 റൺസെടുത്തു. 10 ഫോറും നാലു സിക്സറും ഉൾപ്പെടുന്നതായിരുന്നു നിതീഷ് റാണയുടെ ഇന്നിംഗ്സ്.
നേരത്തെ ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച തുടക്കമാണ് നിതീഷ് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് സഖ്യം 53 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഗിൽ പുറത്തായതോടെ മധ്യനിര തകർന്നു. സുനിൽ നരെയ്ൻ, ഇയൻ മോർഗൻ, റിങ്കു സിങ് എന്നിവർ പെട്ടെന്ന് പുറത്തായി.
അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്ക് സ്കോറിങ് വേഗം കൂട്ടി. കാർത്തിക് പുറത്താകാതെ 21 റൺസെടുത്തു. ചെന്നൈയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കൻ താരം ലുംഗി എംഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.
Published by:
Gowthamy GG
First published:
October 29, 2020, 11:57 PM IST