ദുബായ്: ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി.
ഡൽഹി ക്യാപിറ്റൽസിനോട് 44 റൺസിനാണ് ചെന്നൈ തോറ്റത്. ചെന്നൈയുടെ തോൽവിക്കു പിന്നാലെ അവരുടെ ഓൾറൌണ്ടർ രവന്ദ്ര ജഡേജയെ തേടി നാണക്കേടിന്‍റെ ഒരു റെക്കോർഡുമെത്തി. ബൌളിങ്ങിലെ മോശം പ്രകടനമാണ് ജഡേജയ്ക്ക് വിനയായി മാറിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 40ൽ അധികം റൺസ് വഴങ്ങിയെന്ന റെക്കോർഡാണ് ജഡേജയെ തേടിയെത്തിയത്.
വെള്ളിയാഴ്ചത്തെ മത്സരത്തിൽ വിക്കറ്റില്ലാതെ നാല് ഓവറിൽ 44 റൺസ് വഴങ്ങിയ അദ്ദേഹം തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ കുറഞ്ഞത് 40 റൺസ് വഴങ്ങുന്ന താരമായി മാറി. ഇക്കാര്യത്തിൽ ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്പിന്നറായി ജഡേജ മാറി.
മുംബൈ ഇന്ത്യൻസിനെതിരായ വിജയത്തോടെ തുടങ്ങിയെങ്കിലും തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോൽവി രുചിച്ചത് ചെന്നൈ സൂപ്പർ കിങ്സിന് വിനയായി മാറിയിട്ടുണ്ട്. ജഡേജയുടെ മോശം ഫോം ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
വെള്ളിയാഴ്ചത്തെ മത്സരത്തിൽ ടോസ് നേടിയ ധോണി പന്തെറിയാൻ തീരുമാനിച്ചെങ്കിലും ഡൽഹി ക്യാപിറ്റൽ ബാറ്റ്സ്മാൻമാരെ നിയന്ത്രിക്കുന്നതിൽ ചെന്നൈ ടീം പരാജയപ്പെട്ടു. ജഡേജയുടെ ആദ്യ പന്ത് ഓപ്പണർ ശിഖർ ധവാൻ സിക്‌സറിന് പറത്തി. രണ്ടാം ഓവറിൽ പ്ലെയർ ഓഫ് ദ മാച്ച് ആയ പൃഥ്വി ഷാ 15 റൺസ് അടിച്ചെടുത്തു.
ഡൽഹി ക്യാപിറ്റൽസ് 175 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടിയായി ചെന്നൈ തുടക്കത്തിൽ തന്നെ ഏറെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ ഷെയ്ൻ വാട്സൺ, മുരളി വിജയ് എന്നിവർക്ക് തിളങ്ങാനായില്ല. വാട്സൺ 14 റൺസിന് പുറത്തായപ്പോൾ വിജയ് 10 റൺസിന് പവലിയനിലേക്ക് മടങ്ങി.
യുവ താരം രുതുരാജ് ഗെയ്ക്ക് വാദിന് തിളങ്ങാനായില്ല. പരിചയസമ്പന്നനായ കേദാർ ജാദവും 26 റൺസുമായി പവലിയനിലേക്ക് മടങ്ങി. ക്യാപ്റ്റൻ
ധോണിക്കും 15 റൺസ് മാത്രമേ നേടാനായുള്ളൂ.
43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിസിന് മാത്രമായിരുന്നു ചെന്നൈ ഇന്നിംഗ്സിൽ തിളങ്ങിയത്. 20 ഓവറിൽ ഏഴ് വിക്കറ്റിന് 131 റൺസ് മാത്രമാണ് ചെന്നൈ നേടിയത്. ഡൽഹിയോട് 44 റൺസിനാണ് ചെന്നൈ പരാജയമേറ്റുവാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.