അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊൽക്കത്തയെ ബാംഗ്ലൂർ 20 ഓവറിൽ എട്ടിന് 84 എന്ന സ്കോറിൽ വരിഞ്ഞു മുറുക്കി. തുടർന്ന് 39 പന്തും എട്ടു വിക്കറ്റും ശേഷിക്കെ ആർസിബി അനായാസം ലക്ഷ്യത്തിലെത്തി. ദേവ്ദത്ത് പടിക്കൽ 25 റൺസെടുത്തു. ആരോൺ ഫിഞ്ച് 16 റൺസെടുത്ത് പുറത്തായി. നായകൻ വിരാട് കോഹ്ലി 18 റൺസോടെയും ഗുരുകീരത് സിങ് 21 റൺസോടെയും പുറത്താകാതെ നിന്നു. എട്ട് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ബാംഗ്ലൂരിന്‍റെ വിജയശിൽപി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻമാർ തീർത്തും നിരാശപ്പെടുത്തി. കൊൽക്കത്ത ഇന്നിംഗ്സിൽ നാലുപേർ മാത്രാണ് രണ്ടക്കം കണ്ടത്. 30 റൺസെടുത്ത ക്യാപ്റ്റൻ ഇയൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 19 റൺസെടുത്ത ഫെർഗൂസൺ പുറത്താകാതെ നിന്നു.
ഇന്ന് ടീമിലേക്ക് എത്തിയ മുഹമ്മദ് സിറാജിന്‍റെ തകർപ്പൻ ബൌളിങാണ് കൊൽക്കത്തയെ തകർത്തത്. നാലോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി സിറാജ് മൂന്നു വിക്കറ്റെടുത്തു. നാലോവറിൽ രണ്ടെണ്ണം മെയ്ഡനുമായിരുന്നു. ബാംഗ്ലൂരിനുവേണ്ടി യുസ്വേന്ദ്ര ചഹൽ രണ്ടു വിക്കറ്റെടുത്തു.
ഈ വിജയത്തോടെ ഐപിഎൽ പോയിന്‍റ് ടേബിളിൽ ബാംഗ്ലൂർ രണ്ടാം സ്ഥാനത്തെത്തി. തോൽവിയോടെ കൊൽക്കത്ത നാലാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇരു ടീമുകളും 10 മത്സരം വീതം പിന്നിട്ടപ്പോൾ ബാംഗ്ലൂരിന് ഏഴു ജയം ഉൾപ്പടെ 14 പോയിന്‍റും കൊൽക്കത്തയ്ക്ക് അഞ്ച് ജയം അടക്കം 10 പോയിന്‍റുമാണുള്ളത്. പ്ലേ ഓഫ് ഉറപ്പാക്കുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകായിരുന്നു. ജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.