അബുദാബി: ഐപിഎല്ലിൽ ചെന്നൈയ്ക്കെതിരെ കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 167 റൺസിന് പുറത്തായി. 81 റൺസെടുത്ത ഓപ്പണർ രാഹുൽ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. കൊൽക്കത്ത ഇന്നിംഗ്സിൽ ത്രിപാഠിയെ കൂടാതെ മാറ്റാർക്കും 20 റൺസിൽ കൂടുതൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. പാറ്റ് കമ്മിൻസും സുനിൽ നരെയ്നും 17 റൺസ് വീതം നേടി.
ചെന്നൈയുടെ അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് കൊൽക്കത്തയെ വമ്പൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ചെന്നൈ ബൌളർമാർക്ക് സാധിച്ചു. ഡ്വൈൻ ബ്രാവോ മൂന്നു വിക്കറ്റെടുത്തപ്പോൾ, സാം കുറാൻ, ശ്രദ്ധുൽ താക്കൂർ, കരൻ ശർമ്മ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ ഫോം വീണ്ടെടുത്തതാണ് ചെന്നൈയ്ക്ക് ഈ മത്സരത്തിൽ പ്രതീക്ഷയേകുന്നത്. മുൻനിര ബാറ്റ്സ്മാൻമാർ തിളങ്ങിയാൽ കൊൽക്കത്തയ്ക്കെതിരെ അനായാസം വിജയം നേടാമെന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 179 റൺസ് പിന്തുടർന്ന് വാട്സൺ, ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ മികവിൽ 181 റൺസ് നേടിയാണ്
ചെന്നൈ വെന്നിക്കൊടി നാട്ടിയത്.
ബൌളർമാർ മികവ് കണ്ടെത്താനാകാത്തതാണ് മറുവശത്ത് കൊൽക്കത്തയ്ക്ക് തലവേദനയാകുന്നത്. ഐപിഎൽ മുൻ സീസണുകളിൽ തിളങ്ങിയ സുനിൽ നരെയ്ന് ഇതുവരെ ഫോം വീണ്ടെടുക്കാനായിട്ടില്ല. ഇന്ത്യൻ താരം കുൽദീപ് യാദവിനും ഇതുവരെ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇലവൻ: ഷുബ്മാൻ ഗിൽ, സുനിൽ നരൈൻ, നിതീഷ് റാണ, ആൻഡ്രെ റസ്സൽ, ദിനേശ് കാർത്തിക് (wk / c), ഇയോൺ മോർഗൻ, പാറ്റ് കമ്മിൻസ്, രാഹുൽ ത്രിപാഠി, കമലേഷ് നാഗർകോട്ടി, ശിവം മാവി, വരുൺ ചക്രവർത്തി
ചെന്നൈ സൂപ്പർ കിംഗ്സ് ഇലവൻ:
ഷെയ്ൻ വാട്സൺ, ഫാഫ് ഡു പ്ലെസിസ്, അംബതി റായുഡു, എംഎസ് ധോണി (wk / c), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, സാം കുറാൻ, കർൺ ശർമ്മ, ഷാർദുൽ താക്കൂർ, ദീപക് ചഹർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.