ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഗെയിൽ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് രാജസ്ഥാൻ ബൌളിങ് നിര. ഐപിഎല്ലിൽ രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലിന് 185 റൺസെടുത്തു.
ക്രിസ് ഗെയിലിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്കോർ നേടിക്കൊടുത്തത്. 63 പന്തിൽനിന്ന് ഗെയിൽ 99 റൺസെടുത്തു. എട്ടു പടുകൂറ്റൻ സിക്സറുകളും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു ഗെയിലിന്‍റെ ഇന്നിംഗ്സ്. ഇന്നത്തെ മത്സരത്തോടെ ടി20 മത്സരങ്ങളിൽ 1000 സിക്സർ അടിക്കുന്ന ആദ്യ താരമെന്ന അത്യപൂർവ്വ നേട്ടം ഗെയിലിനെ തേടിയെത്തി.
പഞ്ചാബ് നിരയിൽ ഗെയിലിനെ കൂടാതെ നായകൻ കെ.എൽ രാഹുലും ബാറ്റിങ്ങിൽ തിളങ്ങി. 41 പന്തിൽ 46 റൺസാണ് രാഹുൽ നേടിയത്. മൂന്നു ഫോറും രണ്ടു സിക്സറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്. ഗെയിലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 82 പന്തിൽ 120 റൺസ് കൂട്ടിച്ചേർത്തു. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിലിനെ ജോഫ്ര ആർച്ചർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു.
അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ നടത്തിയ വെടിക്കെട്ടും പഞ്ചാബ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 10 പന്തിൽ മൂന്നു സിക്സർ ഉൾപ്പെട 22 റൺസാണ് പൂരാൻ നേടിയത്. രാജസ്ഥാനുവേണ്ടി ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്ക്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.