ഷാർജ: ഐപിഎൽ 13ാം സീസണിലെ പതിനേഴാം മത്സരത്തിൽ മുംബൈക്കെതിരെ
ഹൈദരാബാദിന് 209 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. അർധസെഞ്ചുറി നേടിയ
ക്വിന്റൺ ഡീകോക്കിന്റെ മികവിലാണ്
മുംബൈ 208 റൺസിന്റെ മികച്ച സ്കോർ നേടിയത്. 39 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്. സീസണിലെ ഡീകോക്കിൻറെ ആദ്യ അർധ സെഞ്ചുറിയാണിത്.
ആദ്യ ഓവറിൽ തന്നെ മുംബൈയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത രോഹിത്തിനെ സന്ദീപ് ശർമയാണ് പുറത്താക്കിയത്. തുടർന്നെത്തിയ സൂര്യകുമാർ അടിച്ചു കളിച്ചെങ്കിലും സിദ്ധാർഥ് കൗളിന്റെ പന്തിൽ പുറത്തായി. 18 പന്തിൽ 27 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ഇതോടെ ഐപിഎല്ലിൽ സിദ്ധാർഥ് കൗൾ 50 വിക്കറ്റ് തികച്ചു.
മുംബൈ സ്കോർ 147ൽ നിൽക്കെ 23 പന്തിൽ 31 റൺസെടുത്ത ഇഷാൻ കിഷനെ സന്ദീപ് ശർമ പുറത്താക്കി. സൂപ്പർമാൻ ക്യാച്ചിലൂടെ കിഷനെ മനീഷ് പാണ്ഡെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. കിഷനു പിന്നാലെ എത്തിയ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും ചേർന്ന് മികച്ച ചെറുത്തു നില്‍പ്പു തന്നെ നടത്തി. അവസാന ഓവറിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.
ഹാര്‍ദിക്ക് 28 റണ്‍സും പൊള്ളാര്‍ഡ് 25 റണ്‍സും നേടി. തുടർന്നെത്തിയ ക്രുനാല്‍ പാണ്ഡ്യ വെറും നാലുപന്തുകളില്‍ നിന്നും 20 റണ്‍സ് നേടി സ്‌കോര്‍ 200 കടത്തി.സണ്‍ റൈസേഴ്‌സിന് സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.
മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്(WK),രോഹിത് ശർമ(c), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിസൺ, രാഹുൽ ചാഹർ, ട്രെന്റ് ബൗൾട്ട്, ജസ്പ്രീത് ബുംറ
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണര്‍(C), ജോണി ബെയർസ്റ്റോ(WK), പ്രിയംഗാർഗ്, അഭിഷേക് ശർമ, അബ്ദുൾ സമദ്, റാഷിദ് ഖാൻ, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, ടി നടരാജൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.