ഷാർജ: ഐപിഎൽ 13ാം സീസണിലെ പതിനേഴാം മത്സരത്തിൽ ഡേവിഡ് വാർണർ നയിക്കുന്ന
സൺറൈസേഴ്സ് ഹൈദരാബാദും രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള
മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ മുംബൈ നായകൻ
രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു.
മുംബൈ ടീമിൽ മാറ്റമില്ല. അതേസമയം രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് എത്തുന്നത്. പരിക്കേറ്റ സൺറൈസേഴ്സ് താരം ഭുവനേശ്വർ കുമാർ ഇന്ന് കളിക്കില്ല. ഖലീൽ അഹമ്മദും ഇന്ന് കളിക്കുന്നില്ല. പകരം സന്ദീപ് ശർമയും സിദ്ധാർഥ് കൗളും ടീമിലിടം നേടിയിട്ടുണ്ട്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 3.30നാണ് മത്സരം. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഡൽഹിയെയും ചെന്നൈയെയുമാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്നിറങ്ങുന്നത്.
ഇരു ടീമുകളും നേരത്തെ 14 തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് തവണ വീതം ഇരു ടീമുകളും വിജയിച്ചിരുന്നു. ഇരുടീമുകളും നേർക്കു നേർ എത്തിയ സമീപകാല പ്രകടനം സൂചിപ്പിക്കുന്നത് സൺറൈസേഴ്സിന് മേൽക്കൈ ഉണ്ടെന്നാണ്. സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ മൂന്നിലും സൺറൈസേഴ്സ് വിജയിച്ചിട്ടുണ്ട്. മുംബൈ രണ്ട് മത്സരങ്ങളിലാണ് വിജയിച്ചിട്ടുള്ളത്.
രോഹിത് ശർമ, ഡേവിഡ് വാർണർ, ജോണി ബെയ്ർസ്റ്റോ, കെയ്ൻ വില്യംസൺ, കീറോൺ പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ, മുഹമ്മദ് നബി തുടങ്ങി നിരവധി കരുത്തരായ താരങ്ങളുടെ ഏറ്റുമുട്ടലാണ് മുംബൈ- ഹൈദരാബാദ് മത്സരം. ഹർദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാർഡ് എന്നിവരും നായകൻ രോഹിത് ശർമയും മുംബൈയുടെ കരുത്താണ്. യുവതാരം ഇഷാൻ കിഷന്റെ പ്രകടനവും ശ്രദ്ധേയമാവും.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ച പ്രിയംഗാർഗ്- അഭിഷേക് ശർമ കൂട്ടുകെട്ട് സൺറൈസേഴ്സിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്(WK),രോഹിത് ശർമ(c), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിസൺ, രാഹുൽ ചാഹർ, ട്രെന്റ് ബൗൾട്ട്, ജസ്പ്രീത് ബുംറ
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണര്‍(C), ജോണി ബെയർസ്റ്റോ(WK), പ്രിയംഗാർഗ്, അഭിഷേക് ശർമ, അബ്ദുൾ സമദ്, റാഷിദ് ഖാൻ, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, ടി നടരാജൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.