ഷാർജ: ഐപിഎൽ 13ാം സീസണിലെ പതിനേഴാം മത്സരത്തിൽ ഹൈദരാബാദിനെതിരെ
മുംബൈക്ക് 34 റൺസ് വിജയം. അർധസെഞ്ചുറി നേടിയ ക്വിന്റൺ ഡീകോക്കിന്റെ മികവിലാണ് മുംബൈ വിജയം നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാമതായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ
ഹൈദരാബാദിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
നായകൻ
വാർണറുടെ ഒറ്റയാൾ പോരാട്ടം പാഴായി. 44 പന്തുകളില്‍ നിന്നും 60 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. നാല് ഫോറും രണ്ട് സിക്സും താരം നേടി. ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ചതുടക്കം നൽകിയെങ്കിലും അത് തുടരാൻ കഴിഞ്ഞില്ല. അഞ്ചാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബെയര്‍സ്റ്റോ പുറത്തായി. 15 പന്തുകളില്‍ നിന്നും 25 റൺസാണ് താരം നേടിയത്.
പിന്നാലെ എത്തിയ മനീഷ് പാണ്ഡെയും വാർണറും ചേർന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും 30 റണ്‍സെടുത്ത പാണ്ഡെ പുറത്തായി. ജെയിംസ് പാറ്റിൻസന്റെ പന്തിൽ പൊള്ളാർഡാണ് പാണ്ഡെയുടെ ക്യാച്ചെടുത്തത്. പിന്നാലെ എത്തിയ വില്യംസൺ, പ്രിയം ഗാർഗ് എന്നിവരും മികച്ച സംഭാവനകളൊന്നും നൽകാതെ പുറത്തായി. അവസാന ഓവറുകളിലെ അഭിഷേക് ശർമ– അബ്ദുൽ സമദ് കൂട്ടുകെട്ടിനെയും മുംബൈ തകർത്തു.
സമദിനെ ബുംറ പുറത്താക്കി. 13 പന്തിൽ 10 റൺസെടുത്തു നിൽക്കെ അഭിഷേക് ശർമ ബൗൾഡായി. മുംബൈയ്ക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
അർധസെഞ്ചുറി നേടിയ ക്വിന്റൺ ഡീകോക്കിന്റെ മികവിലാണ് മുംബൈ 208 റൺസിന്റെ മികച്ച സ്കോർ നേടിയത്. 39 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്. സീസണിലെ ഡീകോക്കിൻറെ ആദ്യ അർധ സെഞ്ചുറിയാണിത്.
ആദ്യ ഓവറിൽ തന്നെ മുംബൈയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത രോഹിത്തിനെ സന്ദീപ് ശർമയാണ് പുറത്താക്കിയത്. തുടർന്നെത്തിയ സൂര്യകുമാർ അടിച്ചു കളിച്ചെങ്കിലും സിദ്ധാർഥ് കൗളിന്റെ പന്തിൽ പുറത്തായി. 18 പന്തിൽ 27 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം.
മുംബൈ സ്കോർ 147ൽ നിൽക്കെ 23 പന്തിൽ 31 റൺസെടുത്ത ഇഷാൻ കിഷനെ സന്ദീപ് ശർമ പുറത്താക്കി. കിഷനു പിന്നാലെ എത്തിയ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും ചേർന്ന് മികച്ച ചെറുത്തു നില്‍പ്പു തന്നെ നടത്തി. അവസാന ഓവറിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.
ഹാര്‍ദിക്ക് 28 റണ്‍സും പൊള്ളാര്‍ഡ് 25 റണ്‍സും നേടി. തുടർന്നെത്തിയ ക്രുനാല്‍ പാണ്ഡ്യ വെറും നാലുപന്തുകളില്‍ നിന്നും 20 റണ്‍സ് നേടി സ്‌കോര്‍ 200 കടത്തി. സണ്‍ റൈസേഴ്‌സിന് സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.