ഷാർജ:
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ്. ബാംഗ്ലൂർ മുന്നോട്ടുവെച്ച 172 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ
പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകൻ
കെ എൽ രാഹുലിൻറെയും
ക്രിസ് ഗെയിലിന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് പഞ്ചാബ് വിജയം നേടിയത്. മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ സീസണിലെ പഞ്ചാബിന്റെ രണ്ടാം വിജയമാണ്. പഞ്ചാബിന്റെ ആദ്യ വിജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. 49 ബോളുകളില്‍ നിന്നും 61 റണ്‍സാണ് രാഹുൽ സ്വന്തമാക്കിയത്. 45 പന്തുകളില്‍ നിന്നാണ് ഗെയിൽ 53 റണ്‍സെടുത്തത്. മായങ്ക് അഗർവാളും നായകൻ രാഹുലും ചേർന്ന് മികച്ച അടിത്തറ നൽകി. 25 പന്തിൽ 45 റൺസെടുത്ത അഗർവാളിനെ എട്ടാം ഓവറിൽ യുസ്വേന്ദ്ര ചെഹലാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ ക്രിസ് ഗെയിൽ പതിയെ തുടങ്ങിയെങ്കിലും കളിയിൽ താളം കണ്ടെത്തിയതോടെ അടിച്ചു കളിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഗെയിൽ പുറത്തായത്.
അവസാന നിമിഷം വരെ ആകാംഷ നിറച്ചാണ് പഞ്ചാബ് കളിച്ചത്. രണ്ടു പന്തിൽ ഒരു റൺസെന്ന നിലയിൽ ആയിരിക്കെ അവസാന ഓവറിലെ അഞ്ചാപന്തിൽ ഗെയിൽ പുറത്തായി. മത്സരം ബാംഗ്ലൂർ നേടുമെന്ന നിലയിലായിരിക്കെ ക്രീസിലെത്തിയ നിക്കോലാസ് പൂരൻ ആറാം പന്ത് സിക്സർ പറത്തി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 39 പന്തിൽ നിന്ന് 48 റൺസെടുത്ത ബാംഗ്ലൂർ നായകൻ വിരാട് കോലിയും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാരെ അടിച്ച് തകർത്ത മോറിസുമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
പഞ്ചാബ് ബൗളർമാരാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.