ദുബായ്:
എ ബി ഡിവില്ലിയേഴ്സിന്റെ അർധ സെഞ്ചുറി കരുത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത്
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. 178 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ബാംഗ്ലൂർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു.
22 പന്തിൽ 55 റൺസെടുത്തു പുറത്താകാതെ നിന്ന എ.ബി. ഡിവില്ലിയേഴ്സാണു ബാംഗ്ലൂരിനെ വിജയ ശിൽപി. സീസണിൽ ബാംഗ്ലൂരിന്റെ ആറാം വിജയവും രാജസ്ഥാന്റെ ആറാം തോൽവിയുമായിരുന്നു. ക്യാപ്റ്റന്‍
വിരാട് കോലിയും ദേവ് ദത്ത് പടിക്കലും മികച്ച പ്രകടനം കാഴ്ച വെച്ചു.
വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂരിന് നാലാം ഓവറില്‍ 14 റണ്‍സെടുത്ത ഓപ്പണർ ഫിഞ്ചിനെ നഷ്ടമായി. ശ്രേയസ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ നായകൻ കോലി ദേവ്ദത്തിനൊപ്പം ചേർന്ന് ബാംഗ്ലൂർ സ്കോർ 100 കടത്തി. 37 പന്തിൽ 35 റൺസെടുത്ത പടിക്കലിനെ തെവാതിയ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ 32 പന്തുകളില്‍ നിന്നും 43 റണ്‍സെടുത്ത കോലിയെയും തെവാതിയ മടക്കി. ഇതോടെ പരുങ്ങലിലായ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സും ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഗുര്‍കീരതും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.
ജയ്ദേവ് ഉനദ്കദ് എറിഞ്ഞ 19–ാം ഓവറിൽ 25 റൺസാണു ബാംഗ്ലൂരിന് ലഭിച്ചത്. ഈ ഓവറിൽ മൂന്ന് സിക്സറുകൾ ഡിവില്ലിയേഴ്സ് പറത്തി. അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ 11 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. അവസാന ഓവറിൽ അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് വിജയ റൺസും കുറിച്ചു.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. സ്മിത്തിന്റെയും 41 റണ്‍സ് നേടിയ റോബിന് ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ നേടിയത്.
റോബിൻ ഉത്തപ്പ– ബെൻസ്റ്റോക്സ് സഖ്യമായിരുന്നു ഓപ്പണിംഗ്. 50 റൺസ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഫോം കണ്ടെത്തിയ ഉത്തപ്പ ഒരു സിക്സും ഏഴു ഫോറുമടക്കമാണ് 41 റൺസെടുത്തത്. ഈ മത്സരത്തിലൂടെ ഐ.പി.എല്ലില്‍ 4500 റണ്‍സ് തികയ്ക്കാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു. പന്തില്‍ 15 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ആദ്യം പുറത്തായത്. ക്രിസ് മോറിസിന്റെ പന്തിൽ എബി ഡി വില്ലിയേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു.
പിന്നാലെ എത്തിയ സഞ്ജുവും മികച്ച തുടക്കം തന്നെ കാഴ്ച വെച്ചു. ഉത്തപ്പയെ ചാഹൽ പുറത്താക്കിയതോടെ മ കളി ബാംഗ്ലൂരിന് അനുകൂലമായി. തൊട്ടടുത്ത പന്തില്‍ സഞ്ജുവിനെയും ചാഹൽ മടക്കി. ആറുപന്തുകളില്‍ നിന്നും ഒന്‍പത് റണ്‍സ് മാത്രമാണ് താരം നേടിയത്.
പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ജോസ് ബട്ലറും ചേര്‍ന്ന് ടീമിനെ പതിയെ കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് 100 കടത്തി. എന്നാല്‍ മോറിസ് ബട്ലറെ മടക്കിയതോടെ വീണ്ടും ബാംഗ്ലൂരിന് പ്രതീക്ഷയേറി. 25 ബോളില്‍ നിന്നും 24 റണ്‍സാണ് താരമെടുത്തത്. സ്മിത്തും തെവാതിയയും മികച്ച ഷോട്ടുകളുമായി അവസാന ഓവറുകളിൽ മത്സരം ആവേശകരമാക്കി. 35 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സ്മിത്തിനെ അവസാന ഓവറില്‍ ക്രിസ് മോറിസ് പുറത്താക്കി. 19 റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി മോറിസ് നാല് വിക്കറ്റും ചാഹൽ രണ്ട് വിക്കറ്റും നേടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.