ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സിക്സറുകളുടെ കാര്യത്തിൽ റെക്കോർഡ്. ഐപിഎല്ലിൽ 200 സിക്‌സറുകൾ നേടുന്ന അഞ്ചാമത്തെ താരവും മൂന്നാമത്തെ ഇന്ത്യക്കാരനുമായി കോഹ്ലി. ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (സിഎസ്‌കെ) 43 പന്തിൽ കോഹ്ലി നേടിയ 50 റൺസിൽ ഒരു സിക്സറും ഒരു ഫോറും ഉണ്ടായിരുന്നു. ഈ സിക്സർ നേടിയതോടെയാണ് കോഹ്ലി ഐപിഎല്ലിൽ 200 സിക്സർ നേട്ടത്തിലെത്തിയത്.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ (209), സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണി (216) എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാർ. മുൻ ആർസിബി താരം ക്രിസ് ഗെയ്‌ൽ 336 സിക്‌സറുകളുമായി ഒന്നാം സ്ഥാനത്താണ്. 231 സിക്‌സറുകൾ നേടിയ കോഹ്‌ലിയുടെ ആർസിബി സഹതാരം എ ബി ഡിവില്ലിയേഴ്സാണ് പട്ടികയിൽ രണ്ടാമത്.
ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയ താരം വിരാട് കോഹ്ലിയാണ്. 5,827 റൺസാണ് കോഹ്ലിയുടെ ഐപിഎൽ സമ്പാദ്യം. ഇന്ന് ഡിവില്ലിയേഴ്സിനൊപ്പം കോഹ്ലി 82 റൺസും നേടിയത് സിംഗിളുകളിലൂടെ മാത്രമാണ്. 36 പന്തിൽ 39 റൺസെടുത്ത മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഇന്നിംഗ്സിൽ ഒരു സിക്‌സർ പോലും നേടിയില്ല.
മത്സരത്തിൽ സിക്സർ റെക്കോർഡിട്ടെങ്കിലും ചെന്നൈയ്ക്കെതിരെ കോഹ്ലിയുടെ ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങി. എട്ടു വിക്കറ്റിനാണ് ബാംഗ്ലൂർ തോറ്റത്. 43 പന്ത് നേരിട്ട കോഹ്ലി ഒരു സിക്സറും ഒരു ഫോറും ഉൾപ്പടെയാണ് 50 റൺസെടുതതത്. 51 പന്തിൽ നിന്ന് പുറത്താകാതെ 65 റൺസ് നേടിയ ഓപ്പണിംഗ് ബാറ്റ്സ്മാൻ രുതുരാജ് ഗെയ്ക് വാദിന്‍റെ മികവിലാണ് ചെന്നൈ ബാംഗ്ലൂരിനെ മറികടന്നത്. ബാംഗ്ലൂർ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം 18.4 ഓവറിലാണ് ചെന്നൈ ഭേദിച്ചത്.
ഈ മത്സരം ജയിച്ചെങ്കിലും 12 കളികളിൽ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈയ്ക്കുള്ളത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് അവർ. പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് ചെന്നൈയ്ക്ക് ആശ്വാസജയം ലഭിച്ചിരിക്കുന്നത്.
അതേസമയം ചെന്നൈയ്ക്കെതിരെ തോറ്റെങ്കിലും 11 കളികളിൽ 14 പോയിന്‍റുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, Virat kohli