കഴിവുള്ള താരങ്ങൾക്ക് അവസരം നൽകുന്ന ടൂർണമെന്റാണ് ഐപിഎൽ എന്ന് മുൻ ഇന്ത്യൻ താരവും ഡല്ഹി ക്യാപ്റ്റിൽസ് അസിസ്റ്റന്റ് കോച്ചുമായ മുഹമ്മദ് കൈഫ്. ഇന്നലെ നടന്ന
ചെന്നൈ-ഹൈദരാബാദ് മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു കൈഫിന്റെ പ്രതികരണം.
ഹൈദരാബാദ് താരങ്ങളായ പ്രിയം ഗാർഗ്, അഭിഷേക് ശർമ, അബ്ദുൽ സമദ് തുടങ്ങിയവരുടെ പ്രകടനങ്ങളെ കുറിച്ചാണ് കൈഫിന്റെ പ്രതികരണം. അനുഭവ സമ്പന്നരായ മുതിർന്ന താരങ്ങളെയാണ് യുവ താരങ്ങൾ മലർത്തിയടിക്കുന്നതെന്ന് കൈഫ് പറയുന്നു.
You may also like:'ഇന്ത്യൻ ക്രിക്കറ്റ് ടീം യുവാക്കളുടെ കൈയ്യിൽ ഭദ്രം'; പ്രിയംഗാർഗിന്റെ അർധ സെഞ്ചുറി പ്രകടനത്തിന് കൈയ്യടി പ്രിയം ഗാർഗിന്റേയും അഭിഷേക് ശർമയുടേയും പ്രകടന മികവിലാണ് ഹൈദരാബാദ് കഴിഞ്ഞ ദിവസം ജയിച്ചു കയറിയത്. 20 ഓവറിൽ 164 റൺസ് എന്ന നിലയിൽ ടീമിനെ എത്തിക്കുന്നതിൽ ഇരു താരങ്ങളും നിർണായക സാന്നിധ്യമായിരുന്നു.
26 ബോളിൽ 51 റൺസാണ് ഗാർഗ് നേടിയത്. അഭിഷേക് ശർമ 24 പന്തുകളിൽ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 77 റണ്‍സാണ് കൂട്ടിച്ചേർത്തത്. ഹൈദരാബാദിനായി ടി. നടരാജൻ രണ്ടുവിക്കറ്റും ഭുവനേശ്വർ കുമാർ, അബ്ദുല്‍ സമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
യുവതാരങ്ങളുടെ കരുത്തിലാണ് ഹൈദരാഹാദ് മാന്യമായ സ്കോർ നേടിയത്. ഇതിനെ കുറിച്ചാണ് കൈഫിന്റെ ട്വീറ്റ്.
"ജമ്മുകശ്മീരിൽ നിന്നുള്ള 18 കാരനും യുപിയിൽ നിന്നുള്ള 19 കാരനും പഞ്ചാബിൽ നിന്നുള്ള 20 കാരനും ചേർന്ന് ഐപിഎല്ലിൽ ഏറ്റവും അനുഭവ സമ്പന്നരായ ടീമിനെ തകർത്തു. കഴിവും അവസരവും ഒന്നിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ". എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.
ഒക്ടോബർ നാലിന് മുംബൈ ഇന്ത്യൻസിനെതിരാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അതേ ദിവസം തന്നെ പഞ്ചാബിനെതിരെ ചെന്നൈയുടെ മത്സരവും നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.