കൊൽക്കത്ത ക്യാപ്റ്റൻ ഇയോൻ മോർഗനെതിരെ നിശിതമായ വിമർശനം നടത്തുന്നയാളാണ് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ഐപിഎല്ലിൽ
ചെന്നൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ തോൽവിക്ക് കാരണം മോർഗൻ വരുത്തിയ രണ്ട് ഗുരുതര വീഴ്ച്ചകളാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഓജ. കൊൽക്കത്തയെ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്.
റിങ്കു സിങ്ങിനെ നാലാമനായി ബാറ്റ് ചെയ്യാൻ അയച്ചതാണ് മോർഗൻ വരുത്തിയ ആദ്യ പിഴവെന്ന് ഓജ പറയുന്നു. പത്താം ഓവറിൽ നീതീഷ് റാണയെ ബൗളിങ്ങിന് അയച്ചതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. ഈ രണ്ട് പിഴവുകളാണ് കൊൽക്കത്തയുടെ തോൽവിക്ക് കാരണമായി ഓജ ചൂണ്ടിക്കാട്ടുന്നത്.
മോർഗന് മുമ്പായി നാലാമനായി ബാറ്റ് ചെയ്യാനെത്തിയ റിങ്കു സിങ്ങിന് പതിനൊന്ന് പന്തിൽ പതിനൊന്ന് റൺസ് മാത്രമാണ് എടുക്കാനായത്. പത്താം ഓവറിൽ ബൗൾ ചെയ്ത നിതീഷ് റാണ പതിനാറ് റൺസ് വഴങ്ങിയതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
"നിങ്ങളുടെ പക്കൽ ഇയോൻ മോർഗൻ, ദിനേഷ് കാർത്തിക്, രാഹുൽ ത്രിപാഠി തുടങ്ങിയ അനുഭവ സമ്പന്നരായ താരങ്ങളുള്ളപ്പോൾ അവരെ ഇറക്കാതെ അനുഭവ സമ്പത്തില്ലാത്ത റിങ്കു സിങ്ങിനെ അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിൽ തന്നെ നാലാമനായി ഇറക്കി. റിങ്കു നേരിട്ട പതിനൊന്ന് പന്തുകൾ ഈ മൂന്ന് സീനിയർ താരങ്ങൾക്ക് വിഭജിച്ച് നൽകിയാൽ 15-20 റൺസ് കൂടുതൽ നേടാമായിരുന്നു".
"മറ്റൊരു വീഴ്ച്ച നിതീഷ് റാണയുടെ ബൗളിങ്ങാണ്. ആ സമയത്ത് നിതീഷ് റാണ ബൗൾ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒരു ഓവറിൽ 16 റൺസാണ് അദ്ദേഹം നൽകിയത്. 15-20 റൺസ് നേരത്തേ തന്നെ കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണിത്. വലം കയ്യനായ അമ്പാട്ടി റായിഡുവിനേയും ഋതുരാജിനേയും നേരിടാൻ ഓഫ് സ്പിന്നറായ റാണയെ തിരഞ്ഞെടുത്തു. എതിർ ടീം മുൻകൈ നേടുമെന്ന് നിങ്ങൾ കരുതുന്നില്ലേ?" - ഓജ ചൂണ്ടിക്കാട്ടുന്നു.
പ്ലേ ഓഫ് ഘട്ടത്തിൽ ആരാണ് ഓപ്പണർ ആകേണ്ടതെന്നും നാലാമതായി ബാറ്റ് ചെയ്യേണ്ടതെന്നും ചിന്തിക്കാൻ നിൽക്കരുത്. ഇതൊക്കെ നേരത്തേ തീരുമാനിച്ചിരിക്കണം. മത്സരം ഫലം തന്നെ നോക്കൂ, ജയ സാധ്യത ഉണ്ടായിരുന്നിട്ടു കൂടി രണ്ട് പിഴവുകൾ കളി തന്നെ മാറ്റിയെന്നും ഓജ. സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഓജയുടെ പരാമർശങ്ങൾ.
173 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയ തീരത്ത് എത്തിച്ചത് അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടമായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു. അർധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്‌ക്‌വാദ് (47 പന്തിൽ 63), അംബാട്ടി റായ്ഡു (20 പന്തിൽ 38) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.