ഈ ഐപിഎല്ലിൽ ഫോമില്ലായ്മയുടെ പേരിൽ ഏറ്റവും കൂടുതൽ പഴികേട്ട താരം പഞ്ചാബ് ബാറ്റ്സ്മാന്‍ ഗ്ലെൻ മാക്‌സ്‌വെൽ ആയിരിക്കും. കൂറ്റനടിക്ക് പേരുകേട്ട ഓസ്ട്രേലിയൻ താരത്തിന്റെ ഈ സീസണിലെ ആറ് മത്സരങ്ങളിൽ നിന്നായി ഇതുവരെയുള്ള സമ്പാദ്യം വെറും 48 റൺസാണ്.
ക്രിസ് ഗെയിലിന്റെ അസാന്നിധ്യം ചോദ്യമായി തുടരുന്നതിനിടയിൽ മാക്‌സ്‌വെല്ലിന്റെ ഫോമില്ലായ്മയും ടീമിന് തലവേദനയാകുന്നുണ്ട്. മാക്‌സ്‌വെല്ലിനെ പിൻവലിച്ച് ഗെയിലിനെ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ ടീമിനെ രക്ഷിക്കാൻ ഗെയിലിന് മാത്രമേ സാധിക്കൂ എന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോൾ മാക്‌സ്‌വെല്ലിനെതിരെ മുൻ ഇന്ത്യൻ താരം
വിരേന്ദർ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. ഫോമില്ലാത്ത താരത്തിന് പിറകേ കോടികളുമായി പോകുന്നതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് സെവാഗ് തുറന്നടിച്ചു.
മാക്‌സ്‌വെൽ ഫോമിലെത്താൻ ഇനി എന്താണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല. ടൂർണമെന്റിൽ മുന്നിലും പിന്നിലും മധ്യനിരയിലും എല്ലാം ഇറങ്ങാൻ അവസരം കിട്ടിയ താരമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ അദ്ദേഹം നേരത്തേ ബാറ്റ് ചെയ്യാൻ എത്തി. ഇഷ്ടം പോലെ ഓവറുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും മാക്‌സ്‌വെൽ പരാജയപ്പെട്ടു. അതിന് മുമ്പത്തെ മത്സരത്തിൽ ഏറ്റവും അവസാനമാണ് ഇറങ്ങിയത്. അപ്പോഴും പരാജയപ്പെട്ടു. സമ്മർദ്ദമാണെന്ന് ഇതിനെ പറയാനികില്ല.
You may also like:ഹൈദരാബാദിന് തകർപ്പൻ ജയം; പഞ്ചാബിനെ തോൽപിച്ചത് 69 റണ്‍സിന് എല്ലാ വർഷവും ഇതു തന്നെയാണ് കഥ. ലേലത്തിൽ വലിയ തുകയ്ക്കാണ് മാക്‌സ്‌വെല്ലിനെ ടീം നേടുന്നത്. പക്ഷേ, കോടികൾ മുടക്കിയിട്ടും ഫലം ഒന്നു തന്നെ. എന്നിട്ടും വീണ്ടും അദ്ദേഹത്തിന് പുറകേ ടീമുകൾ പോകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അടുത്ത സീസണിലെ ലേലത്തിൽ അദ്ദേഹത്തിന്റെ തുക പത്ത് കോടിയിൽ നിന്ന് 1-2 കോടി ആയി കുറയുമെന്നാണ് കരുതുന്നത്. 2016 ലാണ് അദ്ദേഹം അവസാനമായി ഒരു അർധ സെഞ്ചുറി നേടിയതെന്ന് ഓർക്കണം. - സെവാഗ് പറഞ്ഞു.
പഞ്ചാബിന്റെ കഴിഞ്ഞ ആറ് കളിയിലായി മാക്‌സ്‌വെല്ലിന്റെ സ്കോർ 1,5,13,11,11*,7 എന്നിങ്ങനെയാണ്. വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് ഖ്യാതി നേടിയ ഒരു താരത്തിൽ നിന്ന് തുടർച്ചയായി പരാജയങ്ങൾ മാത്രം ലഭിക്കുന്നത് ആരാധകരിലും അമർഷത്തിന് കാരണമായിട്ടുണ്ട്.
ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിനെ 15.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കമ്മിൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരം മാക്‌സ്‌വെല്ലാണ്. 10.75 കോടിക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.